ആമുഖം
എന്റെ ചാവേര്‍ പടയാളികള്‍
”പാതകങ്ങള്‍ പെരുമഴ പോലെ പെയ്യുമ്പോള്‍, ആരും പറയുന്നില്ല നിര്‍ത്തൂ എന്ന്.” ഗൗരവപൂര്‍വം വായന തുടങ്ങിയ കാലത്തുതന്നെ ചിന്തയില്‍ കൂടുകൂട്ടിയതാണ് വിഖ്യാത ജര്‍മ്മന്‍ നാടകകൃത്തും സംവിധായകനും കവിയുമായ ബെര്‍ടോള്‍ഡ് ബ്രെഹ്ത്തിന്റെ ഈ വരികള്‍.
അധികാരകേന്ദ്രങ്ങളുടെ അതിക്രമങ്ങളും, അടിച്ചമര്‍ത്തലുകളും പതിവാകുമ്പോള്‍, ആളുകള്‍ക്ക് തുടക്കത്തില്‍ അതിനോടുള്ള ഞെട്ടലും പ്രതിഷേധവും ഇല്ലാതാകുമെന്നും അതോടെ, ഇത്തരം ദുരന്തങ്ങള്‍ സാധാരണ സംഭവങ്ങളായി സമൂഹം കണക്കാക്കാന്‍ തുടങ്ങുമെന്നുമാണ് 1935-ല്‍ എഴുതിയ ഈ കവിതയില്‍ ബ്രെഹ്ത് മുന്നോട്ടുവെക്കുന്ന ആശയം.
തൊണ്ണൂറുവര്ഷങ്ങള്ക്കു ശേഷം, വിജ്ഞാനവിസ്ഫോടനത്തിന്റെ ഈ വസന്തകാലത്തും, ദുരിതങ്ങളുടെ മഴപ്പെയ്ത്ത് പൂര്‍വാധികം ശക്തിയോടെ തുടരുമ്പോള്‍, ആരുമൊന്നും പറയുന്നില്ല. മൊബൈല്‍ ഫോണിന്റെ കീപ്പാഡില്‍ തലകുമ്പിട്ടിരിപ്പാണ് ഞെട്ടലും രോഷവുമില്ലാത്ത സമൂഹം. വിപ്ലവങ്ങള്‍ക്ക് വംശനാശം സംഭവിച്ചിരിക്കുന്നു. നിസ്സംഗതയും നിശ്ശബ്ദതയും ഹൈഡ്രജന്‍ ബോംബിനേക്കാള്‍ മാരകമായ കരുത്തു നേടിയിരിക്കുന്നു; നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ഭീകരമായ ദുരന്തം.
പ്രതിരോധമുന്നേറ്റങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന പുതിയ ഭരണാധികാരങ്ങള്‍ പഴയ അടിച്ചമര്‍ത്തലുകളുടെ ഭയാനക ബിംബങ്ങളായി മാറുന്നതിന് നാമൊക്കെ സാക്ഷികളാണ്. ജോര്‍ജ് ഓര്‍വെല്‍ അനിമല്‍ ഫാമില്‍ പറഞ്ഞതുപോലെ, അധികാരത്തിലെത്തിയവര്‍ സ്വന്തം താല്പര്യങ്ങള്ക്കായി ചരിത്രത്തെയും സത്യത്തെയും വളച്ചൊടിക്കുന്നു. പ്രചാരണങ്ങളുടെ മാന്ത്രികദണ്ഡുകൊണ്ട് അവര്‍ നുണകളെ സത്യങ്ങളാക്കി മാറ്റുന്നു. ‘എല്ലാ മൃഗങ്ങളും തുല്യരാണ്, എന്നാല്‍ ചില മൃഗങ്ങള്‍ കൂടുതല്‍ തുല്യരാണ്’ എന്ന പെരുങ്കള്ളം വിശ്വസിപ്പിച്ച് ഭരണം തുടരുന്ന ദുരവസ്ഥ നമുക്കു ചുറ്റുമുണ്ട്. ആ നുണകളെ ചോദ്യം ചെയ്യാനാണ് ഞാന്‍ കവിതയെഴുത്ത് തുടരുന്നത്.
ന്യൂസ്ഡെസ്ക്കുകളില് ഉപജീവനത്തിനായി നടത്തേണ്ടിവന്ന അസത്യപ്രചാരണത്തിനും അനുരഞ്ജനപത്രപ്രവര്ത്തനത്തിനുമുള്ള പ്രായശ്ചിത്തം കൂടിയാണ് എന്റെ കവിതകള്‍ എന്ന് തുറന്നുപറയട്ടെ.
അക്ഷരങ്ങള്‍ മാത്രമാണ് എന്റെ ആയുധങ്ങള്‍. അധികാരത്തിന്റെ അഹന്തയ്ക്കും, അനീതിയുടെ അരിയിട്ടുവാഴ്ചക്കും നിസ്സഹായരായ മനുഷ്യരെ അടിച്ചമര്‍ത്തുന്ന ഭരണകൂടങ്ങളുടെ നൃശംസതക്കും എതിരെ വാക്കുകളാണെന്റെ പോരാളികള്‍. അവരാണെന്റെ സഖാക്കളും സംഘാംഗങ്ങളും. യുദ്ധങ്ങളും വംശീയതയും രാഷ്ട്രീയ ഭീകരതയും ഉത്പാദിപ്പിക്കുന്ന ദുരന്തങ്ങള്‍ക്കു മുന്നില്‍ നിശ്ശബ്ദനായി നില്ക്കാന് എനിക്ക് കഴിയുന്നില്ല. അതുകൊണ്ട്, മൗനത്തെ കീറിമുറിച്ച്, അക്ഷരങ്ങളുടെ ആയുധപ്പുരയില്‍നിന്ന് ആഗ്നേയബാണങ്ങള്‍ നല്കി കവിതകളെ ചാവേറുകളായി അയച്ചുകൊണ്ട് ഞാന്‍ എന്റെ പോരാട്ടം തുടരുന്നു. ഈ അക്ഷരങ്ങളെ ഏറ്റെടുത്ത് കൂടെ നില്ക്കുന്ന ഓരോ വായനക്കാരനും എന്റെ പ്രതിരോധത്തിലെ ചങ്കുപങ്കാളിയാണ്.
ഇതെന്റെ മൂന്നാമത്തെ കവിതാസമാഹാരമാണ്. 2024 നവംബറില്‍ എന്റെ ‘മരണവീട്ടിലെ കവര്‍ച്ച’ പ്രസിദ്ധീകൃതമായതിന് ശേഷം ഈ വര്‍ഷം ആഗസ്റ്റ് മാസം വരെ എഴുതിയ കവിതകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ കവിത പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ഇനിയൊന്ന് എഴുതാന്‍ കഴിയുമോ എന്ന സന്ദേഹം എന്നെ അലട്ടാറുണ്ട്. അപ്പോഴാവും ഒരു മിന്നല്‍പ്പിണറിന്റെ വെട്ടത്തരി തലച്ചോറില്‍ ചേക്കേറുന്നത്. ആ തീപ്പൊരിയുടെ ചിറകിലേറിയാണ് പിന്നെ എന്റെ കവിതയുടെ പറക്കമുറ്റല്‍. ഇടയ്ക്ക് തളര്‍ന്ന് വീണുപോകും. ചാരത്തില്‍ പെട്ടുപോകും. പക്ഷേ, പിടഞ്ഞെഴുന്നേറ്റ് പിന്നെയും പറന്നുതുടങ്ങും; ഭൂമിയിലും ആകാശത്തുമായി ചിതറിക്കിടക്കുന്ന അക്ഷരങ്ങളും കൊത്തി.
ഭാഷാന്യൂനതകള് തിരുത്തിത്തന്ന് സമാഹാര നിര്‍മിതിയില്‍ എന്നെ സഹായിച്ച ഗുരുനാഥനും കേരളാ സര്‍ക്കാര്‍ ഭാഷാമാര്ഗനിര്ദേശകസമിതി അംഗവുമായ ചാക്കോ സി. പൊരിയത്ത്; എഴുത്തുമുതല്‍ അച്ചടിശാലവരെ ഒപ്പം നിന്ന കവിയും പത്രപ്രവര്‍ത്തകനുമായ പ്രിയമിത്രം ഇസ്മായില്‍ മേലടി; പ്രൗഢഗംഭീരമായ അവതാരിക തയ്യാറാക്കിയ പ്രമുഖ ഭാവി കെ. ഗോപിനാഥന്; ലിപി ബുക്സിന്റെ എം.വി. അക്ബര്‍; കവര്‍ രൂപകല്പന ചെയ്ത പി.ആര്. രാജേന്ദ്രന്; ആനുകാലിക ഭീമന്മാര് ചവറ്റുകുട്ടയിലെറിഞ്ഞ എന്റെ പല കവിതകള്‍ക്കും മാന്യമായ ഇടംനല്‍കിയ വാക്കനല്‍ പേജിന്റെ എ. ബദറുന്നീസ, രാക്കവിതക്കുട്ടത്തിലെ വിനോജ് മേപ്പറമ്പത്ത്, ദി പേജിലെ ടി.എ. ഖുറൈശി, പുഴ.കോമിലെ രാഹുല്‍ ഗോവിന്ദ്, ണഠജ ഘശ്ലലെ അനീഷ്, പോയട്രി മാഫിയയിലെ വിഷ്ണുപ്രസാദ്, കവല മാസികയുടെ സതീശന് മോറായി; ഈ സമാഹാരത്തിലെ കവിതകള്‍ വായിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്ത എതിരൊലി സാഹിത്യവേദിയിലെ സുഹൃത്തുക്കള്‍ അജയന് കടനാട്, ബിനോയ് ജെ. കോലത്ത്, വിനയകുമാര്‍ മാനസ, രാഗേഷ് മോഹന്‍, ഇ.വി. ശാര്ങ്ഗധരന്, രമേശ് മേനോന്, അനീഷ് ഹാറൂണ്‍ റഷീദ്, ഡേവി തോമസ് തോട്ടം, ഐവി തോമസ്, സിന്ധു തോമസ്, സുകുമാര്‍ അരിക്കുഴ, പ്രിയ ടി.പി., ലൗലി നിസ്സാര്‍, പ്രിയ ശ്രീലത തുടങ്ങിയവരെ നന്ദിയോടെ സ്മരിക്കുന്നു.
ഈ സമാഹാരം ഒരു സംവാദമായിരിക്കണമെന്നാണ് എന്റെ ആഗ്രഹം; ഞാന്‍ കാണുന്ന ലോകവും നിങ്ങള്‍ അനുഭവിക്കുന്ന ലോകവും തമ്മിലുള്ള കലുഷിതമായ ഒരു സംഭാഷണം. പഞ്ചേന്ദ്രിയങ്ങള്‍കൊണ്ടും ഇതിലെ കവിതകള്‍ വായിക്കാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.
സ്നേഹപൂര്‍വം,
ജീജോ തച്ചന്
അവതാരിക
നിത്യദര്ശനത്തിന്റെ സത്യവാങ്മൂലം
കെ. ഗോപിനാഥന്
ആകാശം മുകളിലാണ്, ഭൂമി താഴെയും.
നിത്യേന കര്‍ഷകനെപ്പോലെ പ്രകാശത്തിന്റെ കലപ്പ തോളിലിട്ടിറങ്ങുന്ന സൂര്യന്, അധ്വാനം കഴിഞ്ഞ് സമുദ്രത്തില്‍ സ്നാനംചെയ്ത് നിദ്ര പൂകുന്നു. പകലോന്റെ വിയര്‍പ്പുവീണ പാരാവാരം ലവണസമൃദ്ധമായി നിലകൊള്ളുന്നു. ചന്ദ്രിക രാത്രിയിലെ ഭൂമിക്ക് നിലാവെളിച്ചത്തിന്റെ ആശ്വാസമേകുന്നു.
മറ്റു ജീവജാലങ്ങള്‍ക്കൊപ്പം മനുഷ്യനും ഈ പ്രകൃതിഭാവങ്ങളെ, കാലാവസ്ഥകളെ, ഋതുഭേദങ്ങളെ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നു. ഈ ജീവിതമുഹൂര്ത്തങ്ങള്ക്കിടയില് സകല ചരാചരങ്ങളെയും ഉള്‍ക്കൊള്ളാനും ഇഷ്ടപ്പെടാനും നമ്മള് ഉപയോഗിക്കുന്ന ആകര്ഷണയന്ത്രങ്ങളാണ് കഥയും കവിതയുമൊക്കെ.
നമ്മുടെ ആഗ്രഹങ്ങളെ ഭാവന കൊണ്ട് സാക്ഷാത്കരിക്കാനുള്ള മാര്‍ഗ്ഗമാണ് കഥയെങ്കില്‍, യഥാര്‍ത്ഥ സംഭവങ്ങളെ സംബന്ധിച്ച നമ്മുടെ അഭിപ്രായങ്ങളെ സമാനഹൃദയരുമായി പങ്കുവെക്കാനുള്ള മാധ്യമമാണ് കവിത എന്നു പറയാം. കഥയിലും കവിതയിലും ഈ കാഴ്ചപ്പാടിനെ സാധൂകരിക്കുന്ന രചനാസമീപനങ്ങള് നിലനില്ക്കുന്നു. ദേശം, ഭാഷ, വിഷയം എന്നിവയിലെ അനിവാര്യമായ അടിസ്ഥാന വ്യത്യാസങ്ങള്‍ മാറ്റിവെച്ചാല്‍ മനുഷ്യത്വപരവും രാഷ്ട്രീയപരവുമായി എഴുത്തുകാരുടെ വിചാരവികാരങ്ങളിലുള്ള സമാനതകള്‍ തിരിച്ചറിയാന്‍ വായനക്കാരനു കഴിയും. ഹിംസ, അസഹിഷ്ണുത, യുദ്ധം, സമാധാനം തുടങ്ങിയവയെപ്പറ്റി ഒക്കെത്തന്നെ സഹജീവികളുടെയും സകല ചരാചരങ്ങളുടെയും പക്ഷത്തുനിന്നു ചിന്തിക്കാനേ എഴുത്തുകാര്‍ക്ക് കഴിയൂ എന്ന തിരിച്ചറിവ് ഈ കാഴ്ച്ചപ്പാടിന്റെ ഭാഗമാണ്.
കവിത എഴുതുക, കവിത വായിക്കുക എന്നീ പ്രക്രിയകളില്‍, നിലവിലുള്ളതില്‍ നിന്നും പുതിയ രീതികളിലേക്കുള്ള പരിവര്‍ത്തനം നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വിഷയപരിസരങ്ങള്‍, ആശയവൈപുല്യം, രചനാശില്പം, ഭാഷാപ്രയോഗങ്ങള്‍, കഥാപാത്രങ്ങള്‍ എന്നിവയില്‍ ഉണ്ടായിട്ടുള്ള വ്യത്യസ്തമായ ഒഴുക്കുകള്‍, സമകാലിക കവിതകള്‍ക്ക് അര്‍ഹിക്കുന്ന വായനയും പ്രചാരവും നേടിക്കൊടുത്തിട്ടുണ്ട്. ഓരോ ദേശത്തും ഓരോ നിമിഷത്തിലും ഗൗരവമായ കവിതകള്‍ ജന്മമെടുക്കുവാന് കാരണമായ സാഹചര്യങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ഞാനിത് പങ്കുവെക്കാന്‍ കാരണം അടുത്തകാലത്തു വായിച്ച ഏതാനും നല്ല കവിതകളാണ്. പ്രിയപ്പെട്ട ജീജോ തച്ചന് എഴുതിയ ‘ചെന്തീയപ്പന്‍’ എന്ന ഈ സമാഹാരത്തിലെ കവിതകള്‍ മുകളില്‍ സൂചിപ്പിച്ച യാഥാര്ത്ഥ്യദര്ശനങ്ങളുടെ ഉദാഹരണങ്ങളായിട്ടാണ് എനിക്ക് അനുഭവേദ്യമായത്. ആഴത്തിലുള്ളതും ക്രിയാത്മകവുമായ വായനക്കു വേണ്ടി ആ കവിതകളെ ഞാനിവിടെ അവതരിപ്പിക്കുകയാണ്.
ജീജോ തച്ചന്റെ മൂന്നാമത്തെ കവിതാസമാഹാരമായ ‘ചെന്തീയപ്പന്‍’, പഴമയുടെ നന്മകളില് അഭിമാനപൂര്‍വം പദമൂന്നി നില്‍ക്കുമ്പോഴും കാലോചിതമായ പരിഷ്കരണം നടത്താന്‍ ശ്രദ്ധാപൂര്‍വം ശ്രമിക്കുന്ന ഒരു കവിയെ നമുക്ക് കാണിച്ചുതരുന്നു. അദ്ദേഹത്തിന്റെ പരിപക്വമായ പ്രായവും അടിയുറച്ച ബോധ്യങ്ങളുമാവാം ഇതിനുള്ള കാരണങ്ങളെന്ന് ഞാന്‍ കരുതുന്നു.
ഈ സമാഹാരത്തില്‍ എഴുപത് കവിതകളാണുള്ളത്. എണ്ണത്തിലുള്ള ഈ ബാഹുല്യം വിശ്രമം അനുവദിക്കാതെ വായനയെ കഷ്ടപ്പെടുത്തുമോ എന്ന സന്ദേഹം എനിക്കുണ്ട്. എന്നിരുന്നാലും കാതലുള്ള കവിതകള്‍ വായനക്കാരന്റെ വായനാഗതിയെ തടസ്സപ്പെടുത്തില്ല എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ കവിതകളെയും വിശദമായി പരിചയപ്പെടുത്താതെ, തിരഞ്ഞെടുക്കപ്പെട്ട ഏതാനും രചനകളിലൂടെ ഈ സമഹാരത്തിന്റെ പൊതുസ്വഭാവം അവതരിപ്പിക്കുവാനാണ് എന്റെ ശ്രമം.
കവിത ഒരു ക്യാമറയാണ്; എവിടെയും, എപ്പോഴും. പ്രത്യേകിച്ച്, നമ്മുടെ മനസ്സിനെ സ്പര്‍ശിക്കാന്‍, മഥിക്കാന്‍ സാധ്യതയുള്ള ഒരു കാര്യത്തെ കവിതയിലൂടെ വായിച്ചെടുക്കുമ്പോള്‍ കാഴ്ച കൂടി അതില്‍ പങ്കുചേരുന്നു. ‘പാലുവാങ്ങാന്‍ പറന്നുപോയ പെണ്‍കുട്ടിയെ’ക്കുറിച്ച് കേള്‍ക്കുമ്പോള്‍ നമ്മളും അവളെ പിന്തുടരുന്നു. കുന്നിന്മുകളിലേക്ക് പറക്കുന്ന പെണ്‍കുട്ടിയെ കണ്ണാലെ അനുഗമിക്കുന്ന നമ്മള് അവളുടെ ആഗ്രഹങ്ങളെയും അപേക്ഷകളെയും വിദ്യാലയത്തിലെ മണിയൊച്ചക്കൊപ്പം ഓര്‍ത്തുവെക്കുകയും കരുതുകയും ചെയ്യുന്നു.
ദൈവങ്ങളുടെ പക തീപിടിപ്പിച്ച കാഴ്ചകളുടെ ദുരന്തമുഖത്ത്, നൂലുപൊട്ടിയ പട്ടം പോലെ നമ്മളും കവിക്കൊപ്പം അവളെ അന്വേഷിച്ചലയുന്നു. പകമുറ്റിയ വിശ്വാസങ്ങളുടെ വിഷദംശനത്തില്‍ കത്തിക്കരിഞ്ഞുപോയ നാടിനു മുകളിലൂടെ പറന്നുപോയ ആ കുരുന്നുസന്തോഷം ഇപ്പോള്‍ എവിടെയായിരിക്കും എന്ന് നമ്മളും വേപഥുവോടെ തിരക്കുന്നു.
ഈ കവിത വായിച്ചശേഷം എന്റെ നാട്ടിലെ കുന്നിന്മുകളിലൂടെ സ്കൂളിലേക്കുള്ള വഴിയില്‍ കുറച്ചുനേരം നില്ക്കുന്നതായി ഞാന്‍ സ്വപ്നം കണ്ടു. പിന്നീട് എന്റെ കാഴ്ച, അനേകായിരം കാതങ്ങള്‍ക്കപ്പുറം, വിശപ്പുകൊണ്ടു നിലവിളിക്കാന്‍ പോലും കഴിയാതെ മണ്ണിലിഴയുന്ന കുഞ്ഞുങ്ങളിലെത്തി നിന്നു. മനുഷ്യത്വത്തിന്റെ ഭാഷ പഠിക്കാന്‍ ശ്രമിക്കാത്ത രാഷ്ട്രീയ അധികാരികള്‍ക്ക് അപ്പൂപ്പന്താടിപോലെ പറന്നുപോകുന്ന ജീവിതങ്ങളെക്കുറിച്ച് സങ്കടപ്പെടേണ്ടതില്ലല്ലോ, എന്തിന്, ചിന്തിക്കേണ്ടതു പോലുമില്ലല്ലോ! . എന്നാല്‍, ദേശത്തും വിദേശത്തും അധികാരത്തിന്റെ രാഷ്ട്രീയഭാഷമാത്രം വേദമാകുന്നവരുടെ മാരകായുധങ്ങള്‍ക്കിരയായി ശ്വാസംമുട്ടി, നെഞ്ചകം തകര്‍ന്നു മരിക്കുന്ന അനേകായിരം കുഞ്ഞുങ്ങളുടെ നിലവിളി ഹൃദയമുള്ളവര്‍ക്ക് എങ്ങനെ കേള്‍ക്കാതിരിക്കാന്‍ കഴിയും.
പ്രണയത്തിന്റെ സാന്ദ്രമായ ആവിഷ്കാരമാണ് ‘എന്റെ പതിമ്മൂന്നു കാമുകിമാര്‍’ എന്ന കവിത. പുറത്തു നിര്‍ത്തിയിട്ടുള്ള നിരവധി പേരെ അകത്തുള്ള ഒരാളിലേക്ക് സന്നിവേശിപ്പിക്കുമ്പോള്‍, കവിത പ്രണയത്തില്‍നിന്ന് അകലുകയും ജീവിതത്തിലേക്ക് അടുക്കുകയും ചെയ്യുന്ന മായികത അനുഭവവേദ്യമാകുന്നു. മരണയാത്രയില്‍ ലഭിക്കുന്ന ചുംബനം തീര്‍ന്നുപോയ ജീവിതത്തെ തിരിച്ചു പിടിക്കാന്‍ ഒരുനിമിഷം കൊതിപ്പിക്കുന്ന മോഹത്തിന്റെ പേരു കൂടിയാണ് പ്രണയം.
കത്തിപ്പോയ പ്രണയകവിതകളുടെ ചാരം പുതച്ച് കറുത്തിരുണ്ട ആകാശത്തിനു താഴെ, ഒരുമിച്ച് യാത്രചെയ്യുന്ന ഏതൊരു നേരവും പ്രണയ നേരമാണ്; ജീവിതത്തിലും മരണത്തിലും. വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍, ഭൂപ്രദേശങ്ങളില്‍ കണ്ടുമുട്ടുന്ന കാമുകിമാര്‍ക്കൊപ്പം ഒരേ സമയം രതിയുടെ മഴവില്ലുകള്‍ തീര്‍ക്കുന്ന കവിതയിലെ നായകന്, സ്വന്തം പങ്കാളിയില്‍ അവരെയൊക്കെ കാണുന്ന മനുഷ്യന് പ്രണയം ഒരിക്കലും മടുക്കാത്ത ആഹാരമാണെന്നാണ് ലോകത്തോട് പറയുന്നത്. ഇതാണ് തച്ചന് കവിതകളിലെ മഹേന്ദ്രജാലം, മാജിക്കല്‍ റിയലിസം.
തച്ചന് തികച്ചും വ്യത്യസ്തമായ രീതിയില്‍ എഴുതിയിട്ടുള്ള കവിതയാണ് ‘ഒരിടത്തൊരു അപ്പൂപ്പനും അമ്മൂമ്മയും.’ മക്കളും കൊച്ചുമക്കളും അകന്നുപോയപ്പോള്‍, സമയം ഒരു ആമയെപ്പോലെ ഇഴഞ്ഞു നീങ്ങുകയാണ്. വിരസമായ ജീവിതത്തെ തിരിച്ചുപിടിക്കാന്‍ അപ്പൂപ്പനും അമ്മൂമ്മയും കളിക്കുന്ന കളികളെക്കുറിച്ചാണ് കവിത. ആദ്യം മധുരിക്കുന്ന, പിന്നീട് ആവര്‍ത്തനത്തിലൂടെ മടുപ്പുളവാക്കുന്ന ഒരു ചക്രമാണത്. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ അവര്‍ പുതിയ രീതികള്‍ പരീക്ഷിക്കുന്നുണ്ടെങ്കിലും, അത് വീണ്ടും സങ്കടങ്ങള്‍ സമ്മാനിക്കുന്നു. എങ്കിലും, ജീവിതത്തെ താത്ക്കാലികമായെങ്കിലും ആഹ്ളാദഭരിതമാക്കാന്‍ അവര്‍ കളി തുടരുന്നു.
തലമുറകളുടെ ആവര്‍ത്തനവും ബന്ധങ്ങള്‍ക്കായുള്ള മനുഷ്യന്റെ ഉത്ക്കടമായ ആഗ്രഹവുമാണ് ഈ കവിതയുടെ കാതല്‍. മക്കളാല്‍ പരിത്യക്തരായി ഒറ്റപ്പെട്ടുകഴിയുന്ന വൃദ്ധദമ്പതികള്‍ പുതിയ സന്തതികള്‍ക്കു ജന്മം കൊടുത്ത് ഏകാന്തതയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. എന്നാല്‍, ആ കുട്ടികളും വളര്‍ന്നപ്പോള്‍ അവരെ ഉപേക്ഷിക്കുന്നു. ഇത് ആദ്യത്തെ ഉപേക്ഷിക്കലിന്റെ ദുഃഖം വീണ്ടും ആവര്‍ത്തിക്കുന്നു. എന്നിട്ടും, ജീവിതത്തെ ആഹ്ളാദത്തോടെ നേരിടാനുള്ള അവരുടെ ശ്രമം കവിതയുടെ അവസാനത്തില്‍ കാണാം. ആദ്യത്തെ മക്കളെ മറന്നുകൊണ്ട് അവര്‍ വീണ്ടും ‘അച്ഛനും അമ്മയും’ എന്ന കളി തുടങ്ങുന്നു, അങ്ങനെ പ്രതീക്ഷയുടെയും ദുരന്തത്തിന്റെയും ഒരു അനന്തമായ വലയത്തില്‍ അവര്‍ കുടുങ്ങുകയാണ്.
കുടുംബബന്ധങ്ങളുടെ ശൈഥില്യത്തെയും ഏകാന്തതയുടെ വിനാശകരമായ സ്വഭാവത്തെയും കുറിച്ചുള്ള ശക്തവും സങ്കടമുണര്ത്തുന്നതുമായ വിമര്‍ശനം കൂടിയാണ് ഈ കവിത.
മറ്റുള്ളവരുടെ ദുരിതങ്ങള്‍ ഒട്ടുമേ ഗൗനിക്കാതെ, സ്വന്തം സുഖസൗകര്യങ്ങള്‍ മാത്രം ലക്ഷ്യമാക്കി ജീവിക്കുന്നവര്‍ക്കു മുന്നിലേക്ക് ഒരു കുഞ്ഞിന്റെ ജീവന് കാണിച്ച് ഉയര്‍ത്തുന്ന മുദ്രാവാക്യമാണ് ‘കൂടലാര്‍കുടിയില്‍നിന്ന് മഞ്ചലില്വന്ന കുട്ടി.’ കൂടലാര്‍കുടി എന്ന ആദിവാസിഗ്രാമം ഒരു ഉദാഹരണം മാത്രം.
ദുര്‍ഘടമായ ജീവിത സാഹചര്യങ്ങളില്‍ ആദിവാസി ദമ്പതികള്‍ തങ്ങളുടെ കുഞ്ഞിനുവേണ്ടി നടത്തുന്ന അതിജീവനത്തിന്റെ പോരാട്ടമാണ് ഈ കവിത ചിത്രീകരിക്കുന്നത്. പനി പിടിച്ച മകനെയും ചുമലിലേറ്റി, മരുന്നിനായി കൂടലാര്‍കുടിയില്‍ നിന്ന് അടിമാലിയിലേക്ക് കാടും മലയും താണ്ടി യാത്രചെയ്യുന്ന അവരുടെ തീവ്രമായ വേദനയും നിസ്സഹായതയും കവിത ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്നു. പ്രകൃതിയുടെ പ്രതിബന്ധങ്ങളും മനുഷ്യനിര്‍മ്മിതമായ വികസനത്തിന്റെ പൊള്ളയായ യാഥാര്‍ത്ഥ്യങ്ങളും ഒരുപോലെ ഇതില്‍ ആവിഷ്കരിക്കപ്പെടുന്നു.
പണക്കാരന്റെ കുട്ടിക്ക് പാലും പാവപ്പെട്ടവന്റെ കുട്ടിക്ക് ഉമിനീരും നല്കുന്ന അധികാരത്തെ തിരുത്തേണ്ടത് ആരാണ്? വികസനം ഉള്ളവര്‍ക്ക് മാത്രമായി വീതിച്ചു കൊടുക്കുമ്പോള്‍, കരയാന്‍പോലും ഭാഷയില്ലാത്ത, അവകാശങ്ങളെക്കുറിച്ച് തിരിച്ചറിവില്ലാത്ത ഒരു ജനസമൂഹത്തിന് അതിന്റെ ഉച്ഛിഷ്ടമെങ്കിലും വിതരണം ചെയ്തിരുന്നെങ്കില്‍!
ഒറ്റപ്പെട്ട മനുഷ്യന്റെ അതിജീവന പോരാട്ടം ഒരു മഹാദുരന്തത്തില്‍ അവസാനിക്കുന്നതിന്റെ വേദനയെ വായനക്കാരന്റെ ഹൃദയത്തിലേക്ക് സംക്രമിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ഈ കവിതയുടെ ശക്തി.
കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഈ സമാഹാരത്തിലെ പല കവിതകളും കൃത്യമായി അടയാളപ്പെടുത്തുന്നു. അവയില്‍ പ്രത്യേകിച്ച് വായിക്കപ്പെടേണ്ടതാണ് ‘അപ്രത്യക്ഷമാവുന്ന പെണ്ണുങ്ങള്’, ‘കവിത കുഴിച്ചുമൂടുന്ന കുഞ്ഞുങ്ങള്‍’ എന്നീ കവിതകള്‍.
‘അപ്രത്യക്ഷരാകുന്ന പെണ്ണുങ്ങള്’ സമൂഹത്തിന്റെയും അതിന്റെ നീതിവ്യവസ്ഥയുടെയും ഇരയാക്കപ്പെടുന്ന സ്ത്രീകളുടെ ദുരന്തം വരച്ചുകാട്ടുന്നു. നീതിയുടെ പേരിലുള്ള ക്രൂരമായ വിചാരണ സ്ത്രീയുടെ വ്യക്തിത്വത്തെയും അസ്തിത്വത്തെയും പൂര്‍ണ്ണമായും ഇല്ലാതാക്കുന്നു എന്ന ആശയമാണ് ഈ കവിതയുടെ കാതല്‍.
തുടക്കത്തില്‍, വസ്ത്രങ്ങളുരിയപ്പെട്ട്, ശാരീരികമായും മാനസികമായും നഗ്നയാക്കപ്പെടുന്ന സ്ത്രീ, കോടതി മുറിയില്‍ ഒരു കാഴ്ചവസ്തുവായി മാറുന്നു. വിചാരണയിലെ ഓരോ ചോദ്യവും അവളുടെ ശരീരത്തെയും ആത്മാവിനെയും ഉരുക്കിക്കളയുന്നു. ഒടുവില്‍ അവള് വെറുമൊരു പിടി ചാരമായി ചുരുങ്ങുന്നു. ആ ചാരം പോലും പുരുഷാധിപത്യ സമൂഹത്തിന്റെ നെറ്റിയില്‍ ഒരു വിജയക്കുറിയായി മാറുന്നു. പരാതിക്കാരിയും പരാതിയും ഇല്ലാതാകുന്നു.
നീതിദേവതയായ തെമിസിനെ അന്ധയാക്കി ചിത്രീകരിക്കുന്നതിലൂടെ, നീതിവ്യവസ്ഥയുടെ പക്ഷപാതപരമായ നിലപാട് കവി ശക്തമായി വിമര്‍ശിക്കുന്നു. വിചാരണ അവസാനിക്കുമ്പോള്‍, തെമിസിന്റെ തിളക്കമുള്ള കണ്ണുകള്‍ പോലും ഉരുകിത്തീര്‍ന്ന്, ജീവനില്ലാത്ത ഒരു ഭൂപടമായി മാറുന്നു. ഇത് നീതിയുടെ മരണത്തെയും നീതി തേടുന്ന സ്ത്രീകളുടെ അസ്തിത്വമില്ലായ്മയെയും സൂചിപ്പിക്കുന്നു. ലിംഗപരമായ അതിക്രമങ്ങളുടെയും നീതിനിഷേധത്തിന്റെയും നേര്‍ക്കാഴ്ചയാണ് ഈ കവിത.
‘കവിത കുഴിച്ചുമൂടുന്ന കുഞ്ഞുങ്ങള്‍’ കവിതയെന്ന മാധ്യമത്തിന്റെ പക്ഷപാതപരമായ നിലപാടുകളെയും കാപട്യങ്ങളെയും ശക്തമായി വിമര്‍ശിക്കുന്നു. കലാപരമായ സൗന്ദര്യത്തിനും രാഷ്ട്രീയവും വാണിജ്യപരവുമായ സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ക്കും വേണ്ടി, ചില ദുരന്തങ്ങളെയും അതിന്റെ ഇരകളെയും കവിത മനഃപൂര്‍വ്വം ഒഴിവാക്കുന്നു എന്ന് ഈ കവിത പറഞ്ഞുവെക്കുന്നു.
ദുരന്തത്തിനിരയായ എല്ലാ കുട്ടികളെയും കവിത ഉള്‍ക്കൊള്ളുന്നില്ലെന്ന് കവി ആരോപിക്കുന്നു. ‘അഴകില്‍ ഒടിച്ച് മടക്കിവെച്ചാല്‍ അളവ് കൃത്യം പാകമാവുന്നവരെ,’ അതായത്, കവികളുടെ രാഷ്ട്രീയ- സൗന്ദര്യ-വ്യാകരണനിയമങ്ങള്‍ക്ക് അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ചില ദുരന്തങ്ങളെ മാത്രമേ കവിത ആഘോഷിക്കുന്നുള്ളൂ. ‘നക്ഷത്രങ്ങള്‍’, ‘പനിനീര്‍മൊട്ടുകള്‍’ തുടങ്ങിയ പ്രതീകങ്ങളായി ചില കുഞ്ഞുങ്ങള്‍ കവിതയില്‍ ഇടം നേടുമ്പോള്‍, മറ്റുള്ളവര്‍ ‘സാത്താന്റെ മക്കള്‍’ ആയും ‘തമോഗര്‍ത്തങ്ങള്‍’ ആയും തള്ളപ്പെടുന്നു.
കവി, കവിതയെ ഒരു വേട്ടനായയോടും മതാന്ധനോടും കപട രാഷ്ട്രീയക്കാരനോടും ഉപമിക്കുന്നു. ഇത് കവിതയുടെ ഇരട്ടത്താപ്പിനെ തുറന്നുകാട്ടുന്നു. യുദ്ധത്തിനെതിരെ സംസാരിക്കുമ്പോഴും, യുദ്ധത്തില്‍ നിന്ന് ലാഭം കൊയ്യുന്ന ഒരു കച്ചവടക്കാരനെപ്പോലെ, ഈ ദുരന്തങ്ങളെ കവിത വില്ക്കാന് ശ്രമിക്കുന്നു. ഒരേ ദുരന്തത്തിനിരയായ കുഞ്ഞുങ്ങള്‍ക്കിടയില്‍ കവിത നടത്തുന്ന ഈ വേര്‍തിരിവ് അങ്ങേയറ്റം ക്രൂരമാണെന്ന് കവി പറയുന്നു. യഥാര്‍ത്ഥത്തില്‍, എല്ലാ കുഞ്ഞുങ്ങളും ഒന്നാണെന്നും, അവരുടെ ദുരന്തങ്ങള്‍ തുല്യമായി പരിഗണിക്കേണ്ടതുണ്ടെന്നും കവിത ഓര്‍മ്മിപ്പിക്കുന്നു.
‘കുടുക്കാസിറ്റിയിലെ കാട്ടുപന്നിയും ഭക്ഷ്യശൃംഖലയിലെ ചതിക്കുഴികളും’ അപ്രതീക്ഷിതമായ ഒരു കവിതാ സമ്പ്രദായമാണ്. വ്യത്യസ്തമായ വായനാരീതി ആവശ്യപ്പെടുന്ന ഈ കവിത ഒരു നീണ്ട കഥയാണ്. മനോഹരമായ ഒരു ചെറിയ സിനിമ പോലെ ഈ കവിത ഉള്ളില്‍ തൊടുന്ന ദൃശ്യപരത സംജാതമാക്കുന്നു. പ്രകൃതിയിലെ ജീവക്രമത്തില് ഭക്ഷ്യശൃംഖലാ കാഴ്ച്ചയില്‍ തെളിഞ്ഞുവരുന്ന ചില കൂട്ടലും കിഴിക്കലും സങ്കീര്‍ണമാവാതെ നമ്മളിലേക്കു ബോധ്യപ്പെടുത്തുന്ന രചന. കവിത എന്ന രൂപത്തെ ജീവിതത്തിന്റെ നേരറിവായി വെളിച്ചപ്പെടുത്തുമ്പോള്‍ ആ രൂപത്തിന് സംഭവിക്കുന്ന മാറ്റം ജീവിതത്തിന്റെ പര്യായം തന്നെയാണ്.
ഈ സമാഹാരത്തിന്റെ പേരുള്ള കവിത ചെന്തീയപ്പന്‍, ചരിത്രവും വര്‍ത്തമാനവും കാര്യവും കാഴ്ചയുമായി നമ്മെ അടുപ്പിക്കുന്നു. ചരിത്രത്തിലെ രണ്ടു പ്രധാന വ്യക്തികളുടെ ജീവിതം പകര്‍ത്തിയ ഒരാളെക്കുറിച്ചുള്ള കൃത്യമായ വാങ്മയം അഥവാ സത്യ വാചകമാണ് ചെന്തീയപ്പന്‍. വ്യവസ്ഥാപിതമായ നിലപാടുകളോട് നിരന്തരം കലഹിച്ചുകൊണ്ടിരിക്കുന്നവരുടെ പിന്‍ഗാമി.
‘ചൂണ്ടുവിരല്പ്പുറത്താല്
നരപടര്‍ന്ന മീശ പിരിച്ചു
കണ്ണിലെ ചെന്തീയില്നിന്ന്
ഒരു തരി ചുരണ്ടിയെടുത്തു
വിറകുപുരയിലേക്കു പറന്നു’
ഇതിനപ്പുറം എങ്ങനെയാണ് ഒരു വ്യക്തിചിത്രം കൃത്യമായി കാണിച്ചു തരിക. അപ്പന് ചുവന്ന തീ ധരിച്ചുനില്ക്കുന്ന പ്രതിരോധ രൂപമാണ്. ഇഷ്ടമില്ലാത്ത നിലകളെ കത്തിച്ചു കളയുന്ന തീരൂപം.
വായിച്ചു വന്നപ്പോള്‍ ചില രചനകളെക്കുറിച്ചു കൂടി പറയാതെ പോകവയ്യെന്ന് തോന്നി. ഈ സമാഹാരത്തിലെ കവിതകളുടെ ഘടനയില്‍ നിന്നും ഒരിക്കലും വായിക്കാതെ പോകാന്‍ പറ്റാത്ത വരികള്‍. അവയെക്കുറിച്ചു കൂടി വിസ്താരഭയത്താല്‍ ചില വാചകങ്ങള്‍ ചേര്‍ത്തു വെക്കുന്നു.
രാഷ്ട്രീയ കാറ്റുകളും പേമാരികളും നിറഞ്ഞു വീഴുന്ന ചില കവിതകള്‍ ഈ പുസ്തകത്തില്‍ തീവ്ര സാന്നിധ്യമായുണ്ട്.
‘അറിയില്ല, കാട്ടില്‍ പിടഞ്ഞു വീഴുമോ
നാളെ നേരം പുലരുന്നതിന്മുമ്പേ നെഞ്ചി
ലിങ്ക്വിലാബിന് പൂവിടര്‍ത്തി ഞാനും
അരിതിരക്കിവന്നയതിഥി സംഘവും’
ഈ വരുന്ന അതിഥികള്‍ കേവലം അവരുടെ അന്നത്തിനുള്ള അരിതേടി മാത്രം വന്നവരല്ല എന്നും പുതിയൊരു പ്രഭാതത്തിന്റെ ചുവപ്പ് മുഖത്ത് തെളിയുന്നവരാണെന്നുമുള്ള തിരിച്ചറിവ് ബലപ്പെടുത്തുന്ന കവിത. കവിയിലുണ്ടായിരുന്ന തീവ്രചിന്തകന് ഉണര്‍ന്നിരുന്ന കാലത്തിന്റെ ഓര്‍മ്മയാണ് ഈ കവിത.
‘എല്ലാം പകര്‍ത്തി കട്ടിലിനടിയില്‍
നിലവിളിക്കുന്ന ബ്ലാക് ബോക്സ്’
അതില്‍ നിന്നും ഇറങ്ങിവരുന്ന ആക്രോശങ്ങള്‍ നിലവിളികളുടെ ഉത്തരങ്ങള്‍ നല്കുന്നു. നിരന്തരം സംഭവിക്കുന്ന കൊലവിളികളുടെ അനുസരണ കൊള്ളുന്ന ജീവിത ജപ്തികളുടെ നോട്ടിസാകുന്ന കവിത.
സ്വന്തം നാട് ഒരു സര്‍ക്കസ് കൂടാരമായി മാറുന്ന സത്യത്തില്‍ രോഷവും പരിഹാസവും ഉള്ളില്‍ നിന്നും ഉത്ഭവിച്ചുവരുന്ന പ്രജ കവിയുടെ വേഷത്തില്‍ സര്‍ക്കസ് കാഴ്ചയെ പകര്‍ത്തുന്നു. ശാസ്ത്രമെന്ന രാഷ്ട്രീയത്തെ വിശ്വാസമെന്ന കപടരാഷ്ട്രീയം പാടെ മേഘഗ്രസ്തമാക്കുമ്പോള് എഴുതുക എന്നതല്ലാതെ എന്തു വഴിയുണ്ട് പ്രതിരോധം. ഇതിനെ തുടര്‍ന്ന് വായിക്കേണ്ട കവിതയാണ് ‘ഋ എന്ന വര്‍ഗീയവാദി.’
സമൂഹത്തിലെ സകല പദവികളും സകലരും കൈവശപ്പെടുത്തുമ്പോള്‍ ഒറ്റപ്പെടുന്ന സാധാരണ പൗരന് വര്‍ഗീയവാദിയായി മുദ്രകുത്തപ്പെടുന്നു. കാരണം അവനെ കുറ്റവാളിയാക്കാന്‍ എത്രയെളുപ്പം.
ഇതിന്റെ തുടര്‍ച്ചയായി വായിച്ച ‘ചിരിയോ ചിരി’ ഒരു കുറ്റപത്രവായനയായി ഞാന്‍ കരുതുന്നു. ഒരു ദേശം വടക്കു നിന്നു തെക്കോട്ട് പ്രളയജലമായി ഒഴുകി വിഴുങ്ങുന്ന പിടച്ചില്‍ ഈ ചിരിയില്‍ ഒളിച്ചു വെച്ചിരിക്കുന്നു.
ക്രിക്കറ്റ് മൈതാനത്തെ അഭിമന്യു ഞാനും നിങ്ങളുമൊക്കെയാണെന്നു കവിക്കും വായനക്കാരനും തോന്നുന്നത് എന്തു കൊണ്ടാവാം. നമ്മള് ചാവേറുകള്‍. ചുറ്റിലും നില്ക്കുന്നവര്ക്കുള്ളിലെ അഭിമന്യു. അമ്പയര്‍ പോലും നീതി നിഷേധിച്ചു ശത്രു പക്ഷത്തു നില്ക്കുന്ന കളിയില്‍ ഗദയേറ്റു വീഴുന്ന ഞാന്‍. അല്ല നമ്മള്.
മികച്ചൊരു രാഷ്ട്രീയകവിത കൂടിയുണ്ട് ഈ സമാഹാരത്തില്‍. ‘പൂമരത്തില്‍ കാറ്റിന്റെ വിളയാട്ടം’ കൃത്യമായ ഒരു ദേശരാഷ്ട്രീയത്തിന്റ കൊടിയടയാളമാണ്. നിറങ്ങള്‍ നഷ്ടപ്പെട്ട പൂക്കള്‍. വര്‍ഷങ്ങളായി ഒരു ദേശം അനുഭവിക്കുന്ന രാഷ്ട്രീയവാതങ്ങളുടെ അനിവാര്യമായ പരിക്കുകളാണ്. എല്ലാ സൗന്ദര്യവും നഷ്ടപ്പെട്ട പൂമരം ഏകനിറഭീകരതയായി വളര്‍ന്നു പന്തലിച്ചു. അതിനെ വെട്ടി മാറ്റുക എന്ന അനിവാര്യത കാത്തിപ്പോഴും കാലം കഴിക്കുന്ന ദേശം ആയുധം തിരയുന്നു. ‘റിപ്പബ്ലിക് ഡേ- 2025’ അവസാനത്തെ കാഴ്ചയാണ്. ഇതിലും ഭീകരമായി, മറ്റെന്തു കാണാന്‍. ഒരു പെണ്‍കുഞ്ഞല്ല, ഒരു രാജ്യം തന്നെ ചോരയില്‍ സ്നാനപ്പെട്ടുപോയി. നേരാണ് ഇതെല്ലാമെന്നത് എത്ര ഭീദിതം.
കവിത സങ്കടത്തെ പരിഹാസത്തോടെ പ്രതിരോധിക്കുന്ന ആയുധം കൂടിയാണ്. ‘ഉത്സവപ്പറമ്പിലെ ഉല്‍പ്പന്നങ്ങള്‍’ ആ ആയുധത്തിന്റെ മൂര്‍ച്ച അനുഭവിപ്പിക്കുന്നു. തറവാടിത്തഘോഷണത്തിന്റെ അസംബന്ധ കെട്ടുകാഴ്ചകള്‍ നിറഞ്ഞ പൂരമൈതാനമാണ് ദേശമെന്നു പേര്‍ത്തും പേര്‍ത്തും ഓര്‍മ്മപ്പെടുത്തുന്ന കവിത.വര്ണവെറിയുടെകുഴിമാടം തുറന്നു കിടക്കുന്ന പരിസരങ്ങളില്‍ നരിയോ നാട്ടാരോ കടിച്ചു കീറിയ കുഞ്ഞുങ്ങളുടെ ശവാഘോഷയാത്ര നടക്കുന്നു. വല്ലാത്ത മനുഷ്യര്‍, വല്ലാത്ത നാട്.. അധികാരികള്‍ക്ക് വേണ്ടി നടത്തുന്ന പൂരപ്രദര്ശനങ്ങള്. സങ്കടങ്ങളുടെ മഹാമാരിയില്‍ എല്ലാ ദേശവും ഒഴുകിപ്പോകും. ഒരിക്കല്‍.
‘എന്റെ വരികളിലെ ആക്രോശങ്ങള്‍
അവരെ ഭയപ്പെടുതിയിരിക്കണം
എന്റെ ശബ്ദത്തിന്റെ പാതാളക്കരണ്ടി
അവരെ മുറിവേല്‍പ്പിച്ചിരിക്കണം’
ജീജോയുടെ കവിതകളുടെ ആകെത്തുകയാണ് ഈ വരികള്‍.
രണ്ടു ചെറിയ കവിതകള്‍ കൂടി പറഞ്ഞു ഞാന്‍ ഉപസംഹരിക്കുന്നു.
സാറിന്റെ പുസ്തക ത്തിന്റെ
ഒരു കോപ്പി തരാമോയെന്നു
മുറുക്കാന്‍ കടക്കരന്‍ ഷാജി
നീ കവിതയൊക്കെ വായിക്കുമോ
വായിക്കാനല്ല സാറേ
മറ്റവന് പൊതിഞ്ഞു കൊടുക്കാനാ
സാറിന്റെ കവിതയാകുമ്പോള്‍
സാധനം കുറച്ചു മതി
(മറ്റവന്)
പുഴയില്‍ നിന്നും
വിളഞ്ഞു പഴുത്ത
ഒരു ശവം കിട്ടി
അന്തിക്കതു
മുറിച്ചുതിന്നാന്‍
മത്സരിക്കുന്നു കഴുകന്മാര്
(ശവാഘോഷം)
പ്രത്യക്ഷത്തില്‍ രാഷ്ട്രീയവിതാനമില്ലാത്ത കവിതകള്‍ കൊണ്ട് സമ്പന്നമാണ് ഈ സമാഹാരമെന്നു തോന്നാമെങ്കിലും കരുണ, സങ്കടം, സ്വപ്നം, വിമര്‍ശനം എന്നീ രാഷ്ട്രീയ ബോധ്യങ്ങള്‍ കൊണ്ടു സമ്പന്നമായ പുസ്തകം. മറച്ചു പിടിക്കാന്‍ ശ്രമിക്കാത്ത ഒരു വാക്കും വരിയും തുടര്‍ച്ചയും സൗഹൃദവും പാലിക്കുന്ന കവിതകള്‍. തനിക്ക് ചുറ്റുപാടുമുള്ളവയെ ചേര്‍ത്തുപിടിച്ച് അവര്‍ക്ക് വേണ്ടി കവിതകള്‍ എഴുതുന്നു ജീജോ എന്ന കവി. കവിതയില്‍ കവി കാഴ്ച്ചക്കാരന് ആവുകയും കാണുന്നവയെ മറ്റുള്ളവര്‍ക്കു പങ്കു വെക്കുകയും ചെയ്യുന്നു.
‘മയില്ദംശനം’ എന്ന ആദ്യത്തെ കവിത വായിക്കാതെ പോകരുത് എന്നു അവസാന വരികളില്‍ പറയുന്നത് ആ സങ്കടക്കാഴ്ച്ച കഴിഞ്ഞാല്‍ ഈ പുസ്തകം അടച്ചു വെക്കാം എന്നതു കൊണ്ടാണ്. നിരന്തരം പുനര്‍നിര്‍മ്മിക്കപ്പെടുന്ന മലയാള കവിതക്ക് ജീജോ നല്‍കുന്നത് ക്രിയാത്മകമായ കാവ്യനിര്‍മ്മിതിക്കു വേണ്ട ശിലകളാണ്. കൊത്തിയും മൂര്‍ച്ച നിലനിര്‍ത്തിയും രൂപപ്പെടുത്തിയ കല്ലുകള്‍. സ്വയം സ്നേഹിക്കുന്നവന്റെ മുദ്ര സഹോദര്യമാണ്. കവിതകളില്‍ അതു തെളിഞ്ഞു വരുന്നത് കൊണ്ടാണ് കുഞ്ഞുങ്ങള്‍, സ്ത്രീകള്‍, വീട്, നാട് ഒക്കെ കയറിയിറങ്ങി വന്നു പോകുന്നത്. ആ നിലക്ക് വായനാ ഗൗരവം പകര്‍ന്നു നല്കുന്നു ഈ പുസ്തകം. ഗതിയില്ലാതെ സഞ്ചരിക്കാതെ സത്യസന്ധമായ സമീപനങ്ങളിലൂടെ രൂപപ്പെടുത്തിയ ഈ കവിതകള്‍ തീര്‍ച്ചയായും കൂടുതല്‍ വായനക്കാരെ ചേര്‍ത്തുനിര്‍ത്തുന്ന കാലം വരും. ആ സമയം താമസം വിന വരട്ടെയെന്നു ഞാന്‍ ആശംസിക്കുന്നു













Reviews
There are no reviews yet.