സിവില്‍ സര്‍വ്വീസ്
പരീക്ഷയും പരീക്ഷണവും
(ലേഖനങ്ങള്‍)
കെ. ജയകുമാര്‍
സിവില്‍ സര്‍വീസ് പരീക്ഷ പാസ്സാവുക എന്നത് ഏതൊരു ഉദ്യോഗാര്‍ത്ഥിയുടെയും സ്വപ്നമാണ്. ഇച്ഛാബലത്തോടും പ്രത്യാശയോടും സ്വപ്‌ന തുല്യമായ പദവിയിലെത്താനുള്ള ചവിട്ടുപടികളാണ് ഇതിലെ ഓരോ അധ്യായവും. മലയാളത്തിന്റെ പ്രിയ കവിയും ചിത്രകാരനും മുന്‍ ചീഫ് സെക്രട്ടറിയും, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറുമായ കെ. ജയകുമാര്‍ തയ്യാറാക്കിയ ഈ പഠനപദ്ധതി വലിയ ആത്മബലം നല്‍കുന്നു. പിരിമുറുക്കവും ആശങ്കയും ലഘൂകരിച്ച് ഊര്‍ജ്ജവും ഉള്‍ക്കരുത്തും സാമൂഹ്യബോധവും പകര്‍ന്ന് ഒരു ഉദ്യോഗാര്‍ത്ഥിയെ പൂര്‍ണ്ണമായും സജ്ജമാക്കുന്നു
ആമുഖം
സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറാകുന്ന ചെറുപ്പക്കാരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണല്ലോ. എന്നാല്‍ വിവിധ സര്‍വീസുകളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണം ഏതാണ്ട് ആയിരത്തിനടുത്തു തന്നെയാണ് ഇപ്പോഴും, വരും കാലങ്ങളില്‍ ഇത് ഇനിയും കുറയാനേ വഴിയുള്ളൂ. നിര്‍മ്മിതബുദ്ധിയുടെ വ്യാപകമായ ഉപയോഗം, സ്വകാര്യവത്കരണം, കണ്‍സള്‍റ്റന്റ്റുകളുടെ വര്‍ധിച്ചു വരുന്ന പ്രാധാന്യം എന്നിവയൊക്കെ സിവില്‍ സര്‍വീസിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ടു തന്നെ അന്തിമ ലിസ്റ്റില്‍ കടന്നുകൂടുക എന്നത് കൂടുതല്‍ ശ്രമകരമായിക്കൊണ്ടിരിക്കുകയാണ്. മത്സരത്തിന്റെ കാഠിന്യം ഓരോ വര്‍ഷം കഴിയും തോറും രൂക്ഷമാവുകയാണ്. ഈ പശ്ചാത്തലത്തിലാണ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനു സഹായിക്കാനായി ധാരാളം പരിശീലന സ്ഥാപനങ്ങള്‍ നിലവില്‍ വന്നുകൊണ്ടിരിക്കുന്നത്. ഇന്ന് വിദ്യാസമ്പന്നര്‍ക്ക് മുന്നില്‍ പുതിയ അവസരങ്ങള്‍ നിരവധിയുണ്ടെങ്കിലും, സിവില്‍ സര്‍വീസിന്റെ ആകര്‍ഷണത്തിനു കുറവില്ല. അനേകം വിദ്യാര്‍ത്ഥികള്‍ എത്ര തവണ പരീക്ഷ എഴുതാമോ അവ മുഴുവന്‍ എഴുതി വിലപ്പെട്ട വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തുന്നുമുണ്ട്. സ്ഥിരോത്സാഹം നല്ലതാണ്; പക്ഷെ വിലപ്പെട്ട യൗവ്വന വര്‍ഷങ്ങള്‍ പാഴാകാതെ നോക്കുകയും വേണ്ടേ?
എന്നാല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാവരും തനിക്കു ഇത് യോജിച്ച പാതയാണോ എന്ന് പരിശോധിക്കാറില്ല. തനിക്കിതില്‍ ചേരണമെന്ന് അത്ര കണ്ടു നിര്‍ബന്ധമുണ്ടോ? സര്‍വീസില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അവിടത്തെ വെല്ലുവിളികള്‍ നേരിടാന്‍ താന്‍ സജ്ജനാണോ? ഈ വിധമുള്ള ചോദ്യങ്ങള്‍ സ്വയം ചോദിച്ച് വ്യക്തത കൈവരുത്താന്‍ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കും മുമ്പ് ശ്രദ്ധിക്കണം. ഈ സുപ്രധാനമായ തീരുമാനം കൈക്കൊള്ളുന്നതിനു സഹായകമായ ഒരു പുസ്തകം എന്ന നിലയ്ക്കാണ് ‘സിവില്‍ സര്‍വീസ്: പരീക്ഷയും പരീക്ഷണവും’ എന്ന ഈ പുസ്തകം വിഭാവനം ചെയ്തിരിക്കുന്നത്. സര്‍വ്വീസില്‍ പ്രവേശിക്കുന്നതിന് മുമ്പ് പരീക്ഷ, പ്രവേശിച്ചു കഴിഞ്ഞാല്‍ നിരന്തരമായ പരീക്ഷണം.
1977-ലെ പരീക്ഷ എഴുതി 1978-ല്‍ IAS-ല്‍ പ്രവേശിച്ച്, മുപ്പത്തിയഞ്ചോളം വര്‍ഷങ്ങള്‍ സര്‍വീസില്‍ ചെലവിട്ട് 2012-ല്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞ എനിക്ക് പരീക്ഷ എഴുതാന്‍ ഇപ്പോള്‍ തയ്യാറെടുക്കുന്ന യുവാക്കളോട് പറയാനുള്ള കാര്യങ്ങള്‍ക്കു പ്രസക്തിയുണ്ടോ എന്ന് ചിലര്‍ സന്ദേഹിക്കാം. പരീക്ഷയുടെ വിശദാംശങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കാം. അപേക്ഷകര്‍ കാലോചിതമായി അത്തരം വിവരങ്ങള്‍ ശേഖരിക്കേണ്ടതാണ്. എന്നാല്‍ സിവില്‍ സര്‍വീസ് മത്സരപ്പരീക്ഷ എഴുതാന്‍ തുടങ്ങുന്ന ഒരാളുടെ മാനസികവും ബൗദ്ധികവുമായ സജ്ജീകരണം എന്തായിരിക്കണം എന്ന അറിവിന് പ്രായഭേദമില്ല. ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗത്തു പങ്കുവയ്ക്കുന്ന അറിവുകള്‍ എക്കാലത്തും പ്രസക്തിയുള്ളവയാണെന്നു ഞാന്‍ കരുതുന്നു. ഏതു വര്‍ഷത്തില്‍ പരീക്ഷ എഴുതുന്നവര്‍ക്കും പ്രസക്തമായ പൊതുവായ കാര്യങ്ങളാണ് ആദ്യ ഭാഗത്തുള്ളത്. പരീക്ഷയുമായി മുന്നോട്ടു പോകണമോ, പോകണമെങ്കില്‍ എങ്ങനെ എന്ന് തീരുമാനിക്കുന്നതിനു ഈ ആശയങ്ങള്‍ എക്കാലത്തും മാര്‍ഗ്ഗസൂചന നല്‍കുമെന്നാണ് എന്റെ പ്രത്യാശ.
ഈ പുസ്തകത്തിന്റെ രണ്ടാം ഭാഗം പരീക്ഷണത്തെക്കുറിച്ചാണ്. സര്‍വീസില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അതോടെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുന്നില്ല. പുതിയ പ്രശ്‌നങ്ങളുടെ കാലം ആരംഭിക്കുകയാണ്. സര്‍വീസില്‍ നേരിടാന്‍ സാധ്യതയുള്ള സംഘര്‍ഷങ്ങളെയും പ്രതിസന്ധികളെയും അവയുടെ ധാര്‍മ്മികവും വൈകാരികവുമായ മാനങ്ങളില്‍ അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ദീഘകാലത്തെ സര്‍വീസ് ജീവിതത്തില്‍ നിന്നും ഏതാനും സന്ദര്‍ഭങ്ങള്‍ മാത്രമേ ഇവിടെ ചര്‍ച്ച ചെയ്യുന്നുള്ളൂ. എങ്കിലും സാമാന്യമായി ഒരുദ്യോഗസ്ഥ/ ഉദ്യോഗസ്ഥന്‍ നേരിടാന്‍ സാധ്യതയുള്ള ചില സന്ദര്‍ഭങ്ങളാണിവ. ഏതു സംഘര്‍ഷത്തിലും വൈകാരികമായ വില കൊടുക്കേണ്ടി വരും. ചിലതു നേടും, പലതും നഷ്ടപ്പെടും. ഈ ലാഭനഷ്ടങ്ങളോട് പൊരുത്തപ്പെടാനുള്ള മനക്കരുത്തും ഇച്ഛാശക്തിയും വ്യക്തിത്വ ശേഷിയും കൂടി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധമാണ്. ഇല്ലെങ്കിലോ സര്‍വീസ് തനിക്കു തിരിച്ചടികളും സങ്കടങ്ങളും നഷ്ടങ്ങളും മാത്രമെ നല്‍കിയുള്ളൂ എന്ന് വിലപിച്ചുകൊണ്ടിരിക്കേണ്ടി വരും.
സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ തുടങ്ങുന്നതിനു മുമ്പ് സര്‍വീസ് ജീവിതത്തില്‍ നേരിടാന്‍ സാധ്യതയുള്ള പ്രതിസന്ധികളെക്കുറിച്ചും സംഘര്‍ഷങ്ങളെക്കുറിച്ചും എന്തിനാണ് അറിയുന്നത്? അതൊക്കെ ഈ ഘട്ടത്തില്‍ അപ്രസക്തമായ അറിവുകളല്ലേ എന്നൊക്കെ തോന്നാം. എങ്ങോട്ടാണ് പോകുന്നത് എന്നറിയാതെ യാത്ര പുറപ്പെടാമോ? ചെന്നെത്തുന്ന സ്ഥലത്തു വിജയിക്കണമെങ്കില്‍ എന്തെല്ലാം വേണമെന്ന അറിവ് യാത്ര പുറപ്പെടണമോ വേണ്ടയോ എന്ന തീരുമാനം കൈക്കൊള്ളാന്‍ സഹായിക്കും. വിലപ്പെട്ട സമയം ദുര്‍വ്യയം ചെയ്യാതിരിക്കാന്‍ ഉതകും. എല്ലാം അറിഞ്ഞു കൊണ്ട് യാത്ര ആരംഭിക്കുന്ന ഒരാളിന് ആത്മ വിശ്വാസം വര്‍ധിക്കും.
സിവില്‍ സര്‍വീസ് പരീക്ഷ എങ്ങനെ നേരിടാം എന്നൊക്കെ വിശദീകരിക്കുന്ന മികച്ച പുസ്തകങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ സര്‍വ്വീസ് ജീവിതത്തിന്റെ വെല്ലുവിളികളും അപകടങ്ങളും സാദ്ധ്യതകളും കൂടി വരച്ചുകാട്ടുന്ന പുസ്തകങ്ങള്‍ വേറെയുള്ളതായി അറിവില്ല. സമീകൃതമായ തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ ഈ പുസ്തകം സിവില്‍ സര്‍വീസ് പ്രവേശനം കാംക്ഷിക്കുന്ന യുവതീ യുവാക്കളെ കൂടുതല്‍ പ്രാപ്തരാക്കുമെങ്കില്‍ ഈ ലഘു കൃതിയുടെ രചനോദ്ദേശം സാര്‍ത്ഥകമാകും. സ്വന്തം കഴിവുകളും ദൗര്‍ബല്യങ്ങളും തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ സ്വന്തം തീരുമാനങ്ങളെടുക്കാന്‍ ഈ പുസ്തകം സഹായിച്ചെങ്കില്‍ എന്ന് പ്രത്യാശിക്കുന്നു.
കെ. ജയകുമാര്‍
ഒക്ടോബര്‍ 2024
Reviews
There are no reviews yet.