Devumma – Stories by Viswanathan P.V.

170.00

Category : Stories
ISBN : 978-81-960874-7-0
Binding : Paperback
Publishing Date : 2023
Publisher : Lipi Publications
Edition : 1
Number of pages : 112

170.00

Add to cart
Buy Now
Categories: , ,

ദേവുമ്മ
(കഥകള്‍)

വിശ്വനാഥന്‍ പി.വി.

നിത്യജീവിതത്തില്‍ ഏതെല്ലാം ഭ്രാന്തന്‍ കഥാപാത്രങ്ങള്‍ നമുക്കു മുന്നില്‍ വന്നുപോകുന്നു. മതിഭ്രമത്തിന്റെ ഉച്ചസ്ഥായിയില്‍ അവര്‍ സങ്കല്‍പ്പലോകത്തെ അദൃശ്യകഥാപാത്രങ്ങളോട് വിനിമയം നടത്തുന്നത് എത്രയോ തവണ നാം കണ്ടിരിക്കുന്നു. ഈ ഉന്മാദം ഇവരിലെല്ലാവരിലും യാഥാര്‍ത്ഥ്യമാണോ? അതോ ജീവിതമെന്ന മഹാപ്രസ്ഥാനത്തില്‍ നിന്ന് ഒളിച്ചോടുന്നതിനായി അവര്‍ സ്വയമേവ തിരഞ്ഞെടുത്ത പോംവഴിയാണോ? ‘ദേവുമ്മ”യെന്ന കഥ ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നത് ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്കാണ്.
ബന്ധങ്ങളിലെ ശൈഥില്യവും മനുഷ്യന്റെ അന്യവല്‍ക്കരണവും തന്നെയാണ് കഥകളിലും പ്രമേയമായി വരുന്നതെങ്കിലും പറ്റുന്നിടത്തെല്ലാം നന്മയുടെ സുഗന്ധം പരത്താന്‍ പോന്ന ചെറിയ പൂച്ചെടികളുടെ ഇത്തിരിവട്ടങ്ങള്‍ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ നമുക്കായി കരുതിയിരിക്കുന്നു.
പന്ത്രണ്ടു വ്യത്യസ്ത കഥകള്‍… അനുവാചകരെ ചിന്തിപ്പിക്കുകയും നല്ലൊരു വായനാനുഭവം നല്‍കുകയും ചെയ്യുമെന്നുറപ്പ്.

എസ്. ആദികേശവന്‍
(അവതാരികയില്‍നിന്ന്)

 

അവതാരിക

ശാന്തമാെയാഴുകുന്ന
അശാന്തിയുടെ പെട്ടകങ്ങള്‍

കഥകളില്‍ വിശ്വസിക്കാന്‍ കൂട്ടാക്കാതെയിരുന്ന ജീവജാതികള്‍ അതേ നില തുടര്‍ന്നപ്പോള്‍ മനുഷ്യന്‍ പ്രപഞ്ചത്തിന്റെ തന്നെ അധിപനായി മാറിയത് ജീവിതത്തേക്കാള്‍ പ്രാധാന്യം കഥകള്‍ക്കുണ്ടെന്ന് അവന്‍ മനസ്സിലാക്കിയതിനാലാണ്. കഥകളാണ് ആദിമമനുഷ്യനെ ആധുനികനാക്കിയത്. കഥകളാല്‍ ബന്ധിക്കപ്പെട്ട മനുഷ്യരില്‍ നിന്നാണ് ദേശങ്ങളും ദേശീയതകളും മതങ്ങളും മനുകുലഗാഥകളുമുണ്ടായത്.
കഥയെഴുത്തിനു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വച്ചവരുണ്ട്. രചനാലോകത്ത് പൂര്‍ണമായി ഇടപെട്ട് അതിനു വേണ്ടി മാത്രം ജീവിച്ചവര്‍. സാഹിത്യത്തില്‍ അത്തരക്കാര്‍ വരേണ്യരാണ്. അവരുടെ പേരും പെരുമയും ആരുടേയും കണ്ണില്‍ അനായാസം പതിയും. എന്നാല്‍ മറ്റു ചിലരുണ്ട്. കര്‍മ്മം കൊണ്ട് സാഹിത്യബന്ധമില്ലാത്ത ലോകത്ത് നിലയുറപ്പിക്കേണ്ടി വരുമ്പോഴും ഇച്ഛയുടെ മഹായാനങ്ങളില്‍ കടന്ന് അക്ഷരങ്ങളുടെ പറുദീസയിലേയ്ക്ക് തരം കിട്ടുമ്പോഴൊക്കെ തീര്‍ത്ഥയാത്ര ചെയ്യുന്നവര്‍. അവര്‍ എഴുത്തിന്റെ വഴികളിലെ ഏകാന്തസഞ്ചാരികളായി കാലാന്തരഗമനം നടത്തുന്നു.
തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയില്‍ കണ്ടെത്തുന്ന തെല്ലുനേരങ്ങളെ ചേര്‍ത്തുവെച്ച് സ്വകാര്യസമയം കണ്ടെത്തുക. അത്തരം അപൂര്‍വ്വ സന്ദര്‍ഭങ്ങളെ ഒട്ടും പാഴാക്കാതെ കഥാരചനയെന്ന സപര്യയ്ക്കുവേണ്ടി മാറ്റി വയ്ക്കുക. അനുഭവങ്ങളില്‍ നിന്നും കേട്ടറിവുകളില്‍ നിന്നും ഉരുത്തിരിയുന്ന കഥാപാത്രങ്ങള്‍ക്ക് പകര്‍ന്നാടുന്നതിനായി അക്ഷരങ്ങളാലൊരു വേദിയൊരുക്കുക. പി.വി. വിശ്വനാഥനെന്ന സുഹൃത്തിനെ സംബന്ധിച്ചിടത്തോളം കഥാരചന അവസരങ്ങളെ അനുനയിപ്പിച്ച് ഒരുക്കേണ്ട ആത്മപ്രകാശനമാണ്.
മനുഷ്യവ്യഥകളും സങ്കീര്‍ണ ജീവിതസന്ധികളും ആത്മാന്വേഷണങ്ങളും പ്രമേയമായി വരുന്ന പന്ത്രണ്ടു കഥകള്‍. മാധ്യമത്തോടുള്ള സത്യസന്ധമായ സമീപനം, ക്രാഫ്റ്റിലും ഭാഷയിലുമുള്ള നിഷ്‌കര്‍ഷ, ജീവിത സങ്കീര്‍ണതകള്‍ ആവാഹിക്കാനുള്ള ശ്രമം, ദര്‍ശനങ്ങളുടെ വ്യവസ്ഥാപിതത്വത്തില്‍ നിന്ന് വിമുക്തമായ ജീവിതവീക്ഷണം എന്നിങ്ങനെ ആശാസ്യമായ ഒട്ടേറെ പ്രവണതകള്‍ കണ്ടെത്താന്‍ കഴിയുന്നവയാണ് ഇവയോരോന്നും. ബന്ധങ്ങളിലെ ശൈഥില്യവും മനുഷ്യന്റെ അന്യവല്‍ക്കരണവും തന്നെയാണ് മിക്ക കഥകളിലും പ്രമേയമായി വരുന്നതെങ്കിലും പറ്റുന്നിടത്തെല്ലാം നന്മയുടെ സുഗന്ധം പരത്താന്‍ പോന്ന ചെറിയ പൂച്ചെടികളുടെ ഇത്തിരി വട്ടങ്ങള്‍ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ നമുക്കായി കരുതിയിരിക്കുന്നു.
സ്‌തോഭജനകമായൊരു ചലച്ചിത്രത്തിന്റെ കെട്ടും മട്ടും ഓര്‍മ്മിപ്പിക്കുകയും എഴുത്തിന്റെ മാസ്മരികതയില്‍ നവ്യമായൊരു വായനാനുഭവം സമ്മാനിക്കുകയും ചെയ്യുന്നു സമാഹാരത്തിലെ ആദ്യ കഥയായ ‘വെളിച്ചം’. കഥാനായകനായ മുരളിയും ഭാര്യ സുമയും കുട്ടികളും ഒരു ദൂരയാത്രയില്‍ കുറുക്കുവഴി തേടിയാണ് കാനനപാതയിലെ ഇരുട്ടിലേക്ക് വണ്ടിയിറക്കിയത്. അവിടെയവര്‍ കാണുന്ന കാഴ്ചകളും കേള്‍ക്കുന്ന ശബ്ദങ്ങളും ഭയദ്യോതകങ്ങളാണ്. അവിടെ സംഭവിക്കുന്ന യുക്ത്യതീതമായ ഒരു അനുഭവത്തെ ഉദ്വേഗം മുറ്റിനില്‍ക്കുന്ന രചനാകൗശലത്തോടെ അവതരിപ്പിച്ചിരിക്കുന്നു.
യുക്തിയും വിശ്വാസവും കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന സന്ദിഗ്ധമായൊരു മാനസീകാവസ്ഥ വരച്ചുകാട്ടുന്ന രചനയാണ് ‘ആള്‍രൂപം’. സി.വി. ശ്രീരാമനെപ്പോലെയുള്ള കഥയുടെ കുലപതികള്‍ അവലംബിച്ച നേരനുഭവങ്ങളുടെ അക്ഷരരൂപത്തോട് ചേര്‍ന്നുനില്‍ക്കുന്നു ഈ കഥ. ദൈവീകതയെന്നത് കേവല വിശ്വാസം മാത്രമാണെന്ന് തെളിയുന്നൊരു അനുഭവം മുന്നിലെത്തുമ്പോഴും പ്രായശ്ചിത്തത്തില്‍ മനമുരുകുന്ന മനുഷ്യാവസ്ഥകളുടെ നേര്‍ചിത്രണം. ബാങ്ക് ഉദ്യോഗസ്ഥനായ രാമചന്ദ്രനു മുന്നിലെത്തുന്ന ജാനകിയെന്ന മദ്ധ്യവയസ്‌ക. മകന്റെ രോഗസൗഖ്യത്തിനായി ശബരിമലയ്ക്കു പോകുമ്പോള്‍ ആള്‍രൂപം സമര്‍പ്പിക്കാന്‍ അവരേല്‍പ്പിക്കുന്ന മുഷിഞ്ഞ നോട്ടുകളെപ്പറ്റി അയാളോര്‍ക്കുന്നത് ഫലപ്രാപ്തിയുടെ വിശേഷം പറയാന്‍ അവര്‍ മുന്നിലെത്തുമ്പോള്‍ മാത്രം. വിശ്വാസത്തിന്റെ ബലമെന്നോ, യുക്തിയുടെ പരിഹാസമെന്നോ വിശേഷിപ്പിക്കാനാകുന്ന ആ സന്ദര്‍ഭത്തില്‍ കഥാനായകന്‍ പ്രായശ്ചിത്തത്തിലേയ്ക്ക് അഭയം പ്രാപിക്കുകയാണ്.
ജീവിതത്തിന്റെ വ്യത്യസ്ത കാലഘട്ടങ്ങളില്‍ ഒരേ കാര്യങ്ങള്‍ ഒരാളില്‍ പ്രതിഫലിപ്പിക്കുന്ന വികാരങ്ങള്‍ ഒരേ പോലെയായിരിക്കുമോ? യൗവ്വനത്തില്‍ കേട്ട സംഗീതം വാര്‍ദ്ധക്യത്തില്‍ അതേപടി ആസ്വദിയ്ക്കാനാവുമോ? കണ്ണുനിറയെ കണ്ട കാഴ്ചകള്‍ പിന്നീട് കാണേണ്ടി വരുമ്പോള്‍ നൊമ്പരമായിരിക്കുമോ ആഹ്ലാദമായിരിക്കുമോ ഉള്ളിലുണരുക? ‘കാശ്മീരം’ എന്ന കഥ ഒരു മധുരിതഗാനം പോലെ നമ്മള്‍ ആസ്വദിക്കുമ്പോഴും മുരളിയും വനജയും നമ്മിലവശേഷിപ്പിക്കുക കാലമെന്ന മഹാപ്രവാഹത്തിന്റെ അനിശ്ചിതത്വമെന്തെന്ന ആധി മാത്രമാണ്.
മാറിയ സാമൂഹിക സാഹചര്യങ്ങളില്‍, പരമ്പരാഗത കലാരൂപങ്ങള്‍ക്കും ആ കലാരൂപങ്ങള്‍ക്കു വേണ്ടി ആത്മസമര്‍പ്പണം നടത്തിയവര്‍ക്കും വന്നുചേരുന്ന ദുര്യോഗങ്ങള്‍ നമ്മുടെ സാഹിത്യത്തില്‍ പലപ്പോഴായി കടന്നുവന്നിട്ടുണ്ട്. ആശയപരമായി അത്തരം കഥകളുടെ ജനുസ്സില്‍ പെടുത്താവുന്ന ഒന്നാണ് ‘നേരോന്തായി’ എന്ന കഥ. സിനിമാഗാനങ്ങളിലും പരസ്യചിത്രങ്ങളിലും പശ്ചാത്തലത്തില്‍ കേവലം വര്‍ണവിന്യാസത്തിനു വേണ്ടി മാത്രം നിരത്തിനിര്‍ത്തപ്പെടുന്ന കഥകളി വേഷങ്ങളുടെ ഉള്ളില്‍ യഥാര്‍ത്ഥത്തില്‍ എന്താണെന്നൊരു അന്വേഷണമാണ് ഈ കഥ. അരങ്ങത്തു മാത്രമല്ല ജീവിതത്തിലും അമ്പേ പരാജയപ്പെട്ട ഒരാളാണ് രാമുവാശാന്‍ എന്ന കഥകളി നടന്‍. അവസരങ്ങളൊന്നും തേടിയെത്താനില്ലാത്തൊരു ജീവിത സായാഹ്നത്തില്‍ അയാളെത്തേടിയെത്തുന്നത് പുതിയൊരു വേഷമാണ്. താന്‍ ഇക്കാലമത്രയും ഉപാസിച്ചിരുന്ന കലാദേവതയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്നതിനു തുല്യമൊരു കോമാളി വേഷം. കഥാവസാനം രാമുവാശാന്‍ വായനക്കാരുടെ മനസ്സില്‍ തീരാത്ത നൊമ്പരമായി അവശേഷിക്കും.
‘രുദ്രാഭിഷേകം’ എന്ന കഥ ആശയപരമായി ‘നേരോന്തായി’ എന്ന കഥയുടെ മറ്റൊരാഖ്യാനമാണ്. ഇരുകഥകളും പറയുന്നത് വ്യവസ്ഥിതിയുടെ കാലാനുസൃതമായ മാറ്റം അതേപടി ഉള്‍ക്കൊള്ളാനാകാതെ പകച്ചുപോകുന്ന ശുദ്ധാത്മാക്കളെക്കുറിച്ചാണ്. ആദ്യത്തെ കഥയില്‍ അതൊരു കഥകളിയാശാനാണെങ്കില്‍, ഇവിടെയത് ഒരു ശാന്തിക്കാരനാണെന്ന് മാത്രം.
നിത്യജീവിതത്തില്‍ ഏതെല്ലാം ഭ്രാന്തന്‍ കഥാപാത്രങ്ങള്‍ നമുക്കുമുന്നില്‍ വന്നുപോകുന്നു. മതിഭ്രമത്തിന്റെ ഉച്ചസ്ഥായിയില്‍ അവര്‍ സങ്കല്‍പ്പലോകത്തെ അദൃശ്യ കഥാപാത്രങ്ങളോട് വിനിമയം നടത്തുന്നത് എത്രയോ തവണ നാം കണ്ടിരിയ്ക്കുന്നു. ഈ ഉന്മാദം ഇവരിലെല്ലാവരിലും യാഥാര്‍ത്ഥ്യമാണോ? അതോ ജീവിതമെന്ന മഹാപ്രസ്ഥാനത്തില്‍ നിന്ന് ഒളിച്ചോടുന്നതിനായി അവര്‍ സ്വയമേവ തിരഞ്ഞെടുത്ത പോംവഴിയാണോ? ‘ദേവുമ്മ’യെന്ന കഥ ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നത് ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്കാണ്.
പന്ത്രണ്ടു വ്യത്യസ്ത കഥകള്‍… അനുവാചകരെ ചിന്തിപ്പിക്കുകയും നല്ലൊരു വായനാനുഭവം നല്‍കുകയും ചെയ്യുമെന്നുറപ്പ്. ഇത് ഒരു നല്ല തുടക്കം. അത് കൊണ്ട് തന്നെ പകുതിയിലേറെ വിജയവും…..
പുസ്തകത്തിനും, സഹപ്രവര്‍ത്തകന്‍ എന്നതിലുപരി സഹോദരതുല്യനുമായ വിശ്വനാഥനും, എല്ലാ ഭാവുകങ്ങളും.

എസ്. ആദികേശവന്‍
തിരുവനന്തപുരം

 

 

 

Brand

Viswanathan P.V.

വിശ്വനാഥന്‍ പി. വി.എറണാകുളം ജില്ലയിലെ കോതമംഗലത്തിന് അടുത്തുള്ള തൃക്കാരിയൂര്‍ എന്ന ഗ്രാമത്തില്‍ 1965 ഏപ്രില്‍ 29 നു ജനനം. അച്ഛന്‍ സംസ്ഥാന സര്‍ക്കാരില്‍ ജോയിന്റ് ഡയറക്ടര്‍ ആയി വിരമിച്ച പരേതനായ പുത്തന്‍മഠം വെങ്കിടസുബ്രഹ്‌മണ്യ അയ്യര്‍. അമ്മ സരോജിനി അമ്മാള്‍. സ്‌കൂള്‍ വിദ്യാഭ്യാസം തൃക്കാരിയൂരും തിരുവനന്തപുരത്തും. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലൂടെ കേരള സര്‍വ്വകലാശാലയില്‍ നിന്നും സയന്‍സില്‍ ബിരുദം. വിദ്യാഭ്യാസത്തിനുശേഷം, 1987-ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ഉദ്യോഗസ്ഥനായി നിയമിതനായി. ബാങ്ക് ഉദ്യോഗത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ ശാഖകളില്‍ തുടര്‍ന്ന് നിയമിതനായി. ബാങ്കിന്റെ ഹൗസ് മാഗസിന്‍ ആയ 'മൈത്രി'യില്‍ ഇടയ്ക്കിടക്ക് ചെറുകഥകള്‍ പ്രസിദ്ധീകരിച്ചു. ഒന്നു രണ്ടു തവണ ചെറുകഥാമത്സരത്തില്‍ സമ്മാനാര്‍ഹനായി. 2020-ല്‍ ബാങ്കുകാരുടെ കൂട്ടായ്മയില്‍ പ്രസിദ്ധീകരിച്ച 'കമ്മട്ടം' എന്ന പുസ്തകത്തില്‍ ഒരു കഥയിലൂടെ പങ്കുചേര്‍ന്നു. പിന്നീട് ബെന്ന ചേന്ദമങ്ങലൂരിന്റെ ഉദ്യമത്തില്‍ ഇറങ്ങിയ 'കഥാശ്വാസം' പതിപ്പുകളിലും. പലകാലങ്ങളിലായി എഴുതിയ 12 കഥകളുടെ സാമാഹാരം 'ദേവുമ്മ'യിലൂടെ 2023-ല്‍. 'മുരുകന്റെ രാത്രി യാത്രകള്‍' 11 പുതിയ കഥകളുടെ സമാഹാരം. വായന, സംഗീതം, ക്രിക്കറ്റ് എന്നിവയില്‍ താല്പര്യം. ഭാര്യ ഉമ, വൈക്കം സ്വദേശിനി. രണ്ടു ആണ്‍ മക്കള്‍- കാര്‍ത്തിക്, വിജയ്. ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരത്തെ ലോക്കല്‍ ഹെഡ് ഓഫീസില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്യുന്നു.Address: 7 C, Vinayaka Apartments, Eroor South, Thripunithura 682 306 Mobile: 9446076306 E mail: viswanathansbt@gmail.com 

Reviews

There are no reviews yet.

Be the first to review “Devumma – Stories by Viswanathan P.V.”
Review now to get coupon!

Your email address will not be published. Required fields are marked *