ഖല്‍ബിലെ ബാപ്പ
കഥാസമാഹാരം
റഫീഖ് ചൊക്ലി
ശ്രീ. റഫീഖ് ചൊക്ലിയുടെ രണ്ടാമത് കഥാസമാഹാരമാണ് ‘ഖല്‍ബിലെ ബാപ്പ’. വിസ്മയിപ്പിക്കുന്ന പ്രമേയ വൈവിധ്യമാണ് ഈ സമാഹാരത്തിലെ കഥകളുടെ പ്രധാന സവിശേഷത. അപ്രതീക്ഷിത സംഭവങ്ങള്‍ മനുഷ്യ ജീവിതത്തില്‍ വരുത്തുന്ന ഗതിവിഗതികള്‍ ഈ കഥകളില്‍ ഹൃദയസ്പര്‍ശിയായി ആവിഷ്കരിക്കുന്നു. കഥാകൃത്തിന്റെ ജീവിതയാത്രയില്‍ കണ്ടതും അനുഭവിച്ചറിഞ്ഞതുമായ സംഭവങ്ങളാണ് കഥകളായി രൂപപ്പെട്ടിട്ടുള്ളത്. മനുഷ്യ ജീവിതത്തിന്റെ പ്രഹേളികാസ്വഭാവം ആഖ്യാനം ചെയ്യുന്ന സുന്ദരശില്പങ്ങളാണ് ഈ സമാഹാരത്തിലെ കഥകള്‍.
ആമുഖം
ഒമ്പതാം ക്ലാസില്‍ വച്ചു തന്നെ പഠനം നിര്‍ത്തേണ്ടിവന്ന എനിക്ക്, അഭിനയവും കഥകളും വലിയ താത്പര്യമായിരുന്നു. പാതിവഴിയില്‍ നിര്‍ത്തിയ വിദ്യാഭ്യാസവുമായി വരുമാനമാര്‍ഗ്ഗം തേടി തലശ്ശേരിയില്‍ നിന്നും ആലുവയിലേക്ക് വണ്ടി കയറി. വാപ്പയുടെ സ്ഥാപനത്തില്‍ സഹായിയായി. ജീവിതം ഒരു പോരാട്ടമായി കണ്ടതുകൊണ്ട് അഭിനയവും എഴുത്തും മനഃപൂര്‍വ്വം മറക്കാന്‍ ശ്രമിച്ചു.
ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ലെങ്കിലും അഭിനയം എനിക്ക് ഇഷ്ടമായിരുന്നു. 1980-85 കാലഘട്ടങ്ങളില്‍ ആലുവയില്‍ നടന്ന പല ഷൂട്ടിംഗ് ലൊക്കേഷനുകളിലും ഞാന്‍ അവസരം ചോദിച്ച് പോയിട്ടുണ്ട്. നിരാശയായിരുന്നു ഫലം. ഒടുവില്‍ കച്ചവടം തന്നെയാണ് എന്റെ ജീവിതമാര്‍ഗം എന്ന് തിരിച്ചറിയുകയായിരുന്നു. എല്ലാവരും പറയുന്നതു പോലെ ദാരിദ്ര്യത്തില്‍ നിന്നു തന്നെയായിരുന്നു എന്റെ ജീവിതവും ഞാന്‍ കെട്ടിപ്പടുത്തത്. കടയിലെ സഹായിയായിരുന്ന ഞാന്‍ ചെറിയൊരു ബേക്കറി തുടങ്ങി. അതിന്റെ എണ്ണം വര്‍ദ്ധിച്ചു. അതു പിന്നെ റസ്റ്റോറന്റുകളായി മാറി.
ഹോട്ടലുകള്‍ക്ക് (KHRA) കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന് എന്ന സംഘടന ഉണ്ടായിരുന്നു. ഞാനതില്‍ അംഗമായി. പിന്നീട് അതിന്റെ ഭാരവാഹിയായി മാറി. എന്റെ കലയോടും അഭിനയത്തോടും എഴുത്തിനോടുമുള്ള മോഹം വീണ്ടുമുണര്‍ന്നു. സത്യത്തില്‍ എന്നെ ഞാനാക്കി മാറ്റിയത് KHRA എന്ന സംഘടന ആണെന്ന് ഞാന്‍ അഭിമാനത്തോടെ പറയും. സംഘടനാബോധവും സാമൂഹികമായ കാഴ്ചപ്പാടുകളും ഇടപെടലുകളുമൊക്കെ ഞാന്‍ പഠിച്ചത് അവിടെ നിന്നാണ്.
സംഘടനയുടെ മുഖപത്രമായ ഹോട്ടല്‍ ന്യൂസിന്റെ ചീഫ് എഡിറ്ററായി ഞാന്‍ സ്ഥാനമേറ്റെടുത്തു. അങ്ങനെ ലേഖനങ്ങളും കഥകളും എഴുതാന്‍ തുടങ്ങി. സംഘടനക്കു വേണ്ടിയുള്ള യാത്രകളിലും ഉന്നതരായ വ്യവസായികളുമായുള്ള അഭിമുഖങ്ങളിലും പലതും അറിയാനും പഠിക്കാനും എനിക്ക് സാധിച്ചു. അങ്ങനെ ഒമ്പതാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള. ഒരു ചെറുഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഞാന്‍, ഇന്നത്തെ ഞാനായി മാറുകയായിരുന്നു.
സംഘടനയുടെ സമരപോരാട്ടങ്ങളില്‍ ഞാന്‍ പ്രസംഗകനായി… വാര്‍ഷികാഘോഷങ്ങളില്‍ ഞാന്‍ നടനായി..എന്റെ ബിസിനസ്സിനോടൊപ്പം, എന്റെ കലാഭിരുചികളും സര്‍ഗാത്മകതയും ഞാന്‍ കൂടെ കൂട്ടി. അന്‍പതിലേറെ സ്ഥാപനങ്ങളിലേക്കുള്ള വളര്‍ച്ചയില്‍ നൂറിലേറെ ചെറുകഥകളും ഇരുപത്തഞ്ചോളം നാടകങ്ങളും എന്റെ ജീവിതയാത്രയിലെ നാഴികക്കല്ലുകളായി. ‘വീണുകിട്ടിയ നുറുങ്ങുകള്‍’ എന്ന പേരില്‍ 2021-ല്‍ ഒരു ചെറുകഥാസമാഹാരം എനിക്ക് പ്രസിദ്ധീകരിക്കാന്‍ സാധിച്ചു.
പലപ്പോഴായി എന്റെ ജീവിതയാത്രയില്‍ ഞാന്‍ കണ്ടതും അനുഭവിച്ചറിഞ്ഞതുമായ സംഭവങ്ങളാണ് കഥകളായി രൂപപ്പെട്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ ഈ കഥകളെല്ലാം നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
എന്റെ ചിരകാലാഭിലാഷമായ സിനിമാരംഗത്തേക്കുള്ള പ്രവേശനം 2021-ല്‍ പ്രശസ്ത സംവിധായകനായ പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘വെള്ളം’ എന്ന സിനിമയിലൂടെ യാഥാര്‍ത്ഥ്യമായി. ‘വെള്ള’ത്തിലൂടെ ആരംഭിച്ച എന്റെ അഭിനയയാത്ര ഇന്ന് ചെറുതും വലുതുമായ വേഷങ്ങളിലൂടെ ഇന്ന് പതിമൂന്ന് സിനിമകളില്‍ എത്തിനില്‍ക്കുന്നു.
ഈ കഥാസമാഹാരത്തിന്റെ പ്രസാധകരായ ലിപിയോടും എന്റെ കഴിവുകളെ പ്രോത്സാഹിപ്പിച്ച KHRA എന്ന സംഘടനയോടും എന്റെ സുഹൃത്തുക്കളോടും എന്റെ ആദ്യ ചെറുകഥാസമാഹാരമായ ‘വീണുകിട്ടിയ നുറുങ്ങുകള്‍’ വായിച്ച് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്കിയ പ്രിയ വായനക്കാരോടും ഒരിക്കല്‍ കൂടി നന്ദിയറിയിച്ചു കൊണ്ട് പ്രിയപ്പെട്ട വായനക്കാര്‍ക്കു മുന്പില് എന്റെ ഈ ചെറു കഥാസമാഹാരം സമര്‍പ്പിക്കുന്നു.
-റഫീഖ് ചൊക്ലി














Reviews
There are no reviews yet.