സാഹിത്യ സൃഷ്ടി-കവിതയോ, കഥയോ, ഉപന്യാസമോ ഏതാവട്ടെ- അതിലെ പ്രമേയം അധികവും മനുഷ്യജീവിതമാണ്. എന്നാല്‍ ഇത് അവതരിപ്പിക്കുന്ന എഴുത്തുകാരില്‍ ചിലരുടെ സൃഷ്ടികള്‍ അവ പുറത്തുവന്ന കാലത്തിനപ്പുറം കടക്കാത്ത അല്‍പായുസ്സുള്ളവയാണ്. ഭൂതകാലത്തെ സാഹിത്യചരിത്രം വിവരിക്കുമ്പോള്‍ പരാമര്‍ശ വിധേയമാകാനുള്ള അര്‍ഹത മാത്രമേ അവയ്ക്കുണ്ടാവുകയുള്ളൂ. മറ്റു ചില സൃഷ്ടികളാവട്ടെ പുതുമ നശിക്കാതെ കാലാതീത സ്വഭാവം പുലര്‍ത്തുന്നവയാണ്. അവ ജനിച്ച രാജ്യത്തിന്റെ അതിരുകള്‍ മറികടന്ന് ലോകമെങ്ങും വ്യാപിക്കുന്നു. നിരന്തരം വായിക്കപ്പെടുന്നു. ചര്‍ച്ചക്ക് വിധേയമാവുന്നു. വ്യത്യസ്ത ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തപ്പെടുകയും ചെയ്യുന്നു. അറബിയിലെ ‘അന്നദ്‌റാത്ത്’ എന്ന കൃതി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ അര്‍ഹമായതാണ്.
എ ഡി 1876ല്‍ ഭൂജാതനായ പ്രസിദ്ധ അറബി ഗദ്യസാഹിത്യകാരന്‍ മുസ്തഫാ ലുത്ഫീ മന്‍ഫലൂത്വി അല്‍അസ്ഹര്‍ സര്‍വകലാശാല സന്തതിയും ഖുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കിയ ആദര്‍ശ നിഷ്ഠനായ പണ്ഡിതനുമാണ്. പ്രസിദ്ധ മുസ്‌ലിം പരിഷ്‌ക്കര്‍ത്താവായ ശൈഖ് മുഹമ്മദ് അബ്ദുവിന്റെ പുരോഗമന ചിന്തകളാല്‍ സ്വാധീനിക്കപ്പെട്ട എഴുത്തുകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ രചനകള്‍ പുതുമ നശിക്കാതെ ഇന്നും നിലകൊള്ളുന്നതും സര്‍വകലാശാലകളില്‍ അറബി ഭാഷയും സാഹിത്യവും പഠിക്കുന്ന വിദ്യാര്‍ഥികള്‍ വളരെ ആദരവോടെ വായിക്കുകയും ചെയ്യുന്നവയാണ് ജീവിതഗന്ധിയായ ഉത്തമ കൃതികള്‍. പ്രകൃതി പ്രതി ഭാസങ്ങളെ ദാര്‍ശനികമായ കാഴ്ചപ്പാടിലൂടെ നോക്കിക്കണ്ട് അവയില്‍നിന്ന് പുതിയ ചിന്തകളും പാഠങ്ങളും മെനഞ്ഞെടുക്കുകയാണ് മര്‍ഫലൂത്വി. മനുഷ്യന്റെ ജീവിതാനുഭവങ്ങളെയും സുഖദു:ഖങ്ങളെയും തന്റെ ദര്‍ശന മൂശയിലിട്ടുരുക്കി അതില്‍നിന്ന് അത്യന്തം മനോഹരങ്ങളായ ആശയങ്ങള്‍ വിരിയിച്ചെടുക്കുന്നതില്‍ മന്‍ ഫലൂത്വി പ്രകടിപ്പിക്കുന്ന കലാവിരുത് അതിശയിപ്പിക്കുന്നതാണ്. പൊന്‍വെളിച്ചം തൂകി മാനത്ത് ശോഭിച്ചുനില്‍ക്കുന്ന അമ്പിളിയെ കണ്ണുകൊണ്ട് തഴുകാത്തവരുണ്ടാകുമോ? എന്നാല്‍ മന്‍ഫലൂത്വി, അതിലപ്പുറവും അമ്പിളിയോട് ചോദിക്കുന്നു: ‘മാനത്തെ കിളിവാതിലിലൂടെ ഒളിഞ്ഞുനോക്കുന്ന പുതു പെണ്ണാണോ നീ?’ ‘അതോ സിംഹാസനത്തില്‍ ഉപവിഷ്ടയായ രാജകുമാരിയോ’ ദു:ഖിതന്‍ എന്ന അധ്യായത്തിന്റെ തുടക്കത്തില്‍തന്നെ ‘നിന്നെ സന്തോഷിപ്പിക്കുന്നത് മാത്രമേ സംഭവിക്കുകയുള്ളൂ എന്ന വല്ല കരാറും കാലം നിനക്ക് എഴുതിത്തന്നിട്ടുണ്ടോ’ എന്ന് ഗ്രന്ഥകാരന്‍ ചോദിക്കു ന്നു. കാലത്തിന്റെ ദൃഷ്ടിയില്‍ കൊട്ടാരത്തില്‍ കഴിയുന്നവരും കൊച്ചു കുടിലില്‍ താമസിക്കുന്നവരുമെല്ലാം തുല്യരാണ്. ഇങ്ങനെ മനുഷ്യജീവിതത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് മനുഷ്യചിന്തയെ ആനയിക്കുകയാണ് മന്‍ഫലൂത്വി ഈ ഗ്രന്ഥത്തിലുടനീളം.
ജീവിതത്തിന്റെ വ്യത്യസ്ത വശങ്ങളെ ദാര്‍ശനികമായ ഒരു കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന ഈ അമൂല്യ ഗ്രന്ഥത്തിന്റെ വിവര്‍ത്തകന്‍ റഹ്മാന്‍ വാഴക്കാട്, അറബിഭാഷയും സാഹിത്യവും പഠിപ്പിക്കുന്ന ഒരു കോളേജ് അധ്യാപകനാണ്. വിവര്‍ത്തകന്റെ ഭാഷ ഹൃദ്യവും ലളിതവുമാണ്. അറബിയില്‍ ധാരാളം അമൂല്യങ്ങളായ സാഹിത്യകൃതികളുണ്ടെങ്കിലും പരിമിതമായവ മാത്രമേ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ളൂ. ആ നിലക്ക് ഈ കൃതിക്ക് നല്ല സ്വീകാര്യത ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.
അറബിയില്‍നിന്ന് നല്ല കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കാന്‍ ഈ ഗ്രന്ഥകര്‍ത്താവിന് സര്‍വശക്തന്‍ തൗഫീഖ് ചെയ്യുമാറകട്ടെ.
ഫാറൂഖ് കോളേജ് പ്രൊഫ. മുഹമ്മദ് കുട്ടശ്ശേരി
Reviews
There are no reviews yet.