MAZHACHARTHUKAL Stories by UNNIKRISHNAN POONTHANAM

370.00

Category : Stories
ISBN : 978-93-6167-539-3
Binding : Paper Back
Publishing Date : 2026
Publisher : Lipi publications
Edition : 1
Number of pages : 216 Pages
Language : Malayalam

MAZHACHARTHUKAL Stories by UNNIKRISHNAN POONTHANAM

370.00

Add to cart
Buy Now
Category:

മഴച്ചാര്‍ത്തുകള്‍
(കഥാസമാഹാരം)
ഉണ്ണികൃഷ്ണന്‍പൂന്താനം

‘മമ ചിത്തേ ചിത്തമസ്തേ

മമ ഹൃദയേ ഹൃദയംതേ അസ്”

ജീവിതം പ്രണയമാണ്..! മനസുകളുടെ പാരസ്പര്യത്തിന്റെ ഏകീകരണത്താല്‍ സമസ്തഅഭിരുചികളോടുമുള്ളപ്രണയം..!

അതുകൊണ്ടുതന്നെ, ജീവിതം എന്നതിന് ഒരു നിയതമായ അതിര്‍ത്തിയോ, നിശിതമായ ചട്ടക്കൂടുകളോ ഇല്ല… ഓരോ നൈമിഷിക അനുഭവവുംമുതല്‍ ആയുസ്സൊടുങ്ങും വരെയുള്ള അനുഭവങ്ങളിലൂടെ തന്നെയാണ് അതിന്റെ ഓരോ രുചി വൈചിത്ര്യങ്ങളും ഗണിയ്ക്കപ്പെടുന്നത്..! തീര്‍ച്ചയായും അത്തരം ഓരോ അനുഭവച്ചാര്‍ത്തുകളും ഓരോ കഥകളോ കവനങ്ങളോ ആയി ആവിര്‍ഭവിയ്ക്കുന്നതിലാവും ഒരു കാല്പനിക ആഖ്യാതാവിന്റെ ജീവത് സാക്ഷാത്കാരമെന്ന പൂര്‍ണതയത്രയും..!

അത്തരം മായ്ച്ചിട്ടും മായാത്ത, സ്മൃതിബീജങ്ങളിലെ കുറച്ച് ഏടുകളാണ്, ഈ ‘മഴച്ചാര്‍ത്തുകള്‍!”

ഈ ഈറന്‍നൂലിഴകള്‍ ആത്മനോവിന്റെ നീറേറ്റുന്നവയ്‌ക്കെല്ലാം ഊടുംപാവും തണുവിന്റെ ആര്‍ദ്രങ്ങളുമാവട്ടേ..

 

ആമുഖം
‘മമ ചിത്തേ ചിത്തമസ്തുതേ..!
മമ ഹൃദയേ ഹൃദയംതേ അസ്തു..!’
(എന്റെ ചിത്തത്തില്‍ നിന്റെ ചിത്തവും, എന്റെ ഹൃദയത്തില്‍ നിന്റെ ഹൃദയവുമിരിയ്ക്കുന്നു)
”മേദുരപൗര്‍ണമീ”യെന്ന കാവ്യസമാഹാരത്തിനെഴുതിയ ‘ആമുഖവര’യിലെ ‘ഞാനെന്ന എന്നെ’കുറിച്ചുള്ള സാക്ഷ്യപ്പെടുത്തലുകളേക്കാള്‍ പുതിയതായീ കൂടുതല്‍ പറയാനുണ്ട്, സാക്ഷ്യപ്പെടുത്താനുണ്ട്, ”മഴച്ചാര്‍ത്തുക”ളുടേയും മുഖഛായയില്‍ എന്ന് എനിയ്ക്ക് തോന്നുന്നില്ല!
കാരണം രണ്ടിനും – ഈ രണ്ട് സാക്ഷാത്കാരങ്ങള്‍ക്കും- ഇനി പിറക്കാനിരിയ്ക്കുന്നവയ്ക്കും പ്രചോദനമായുള്ള എല്ലാവിധ സംസ്‌കൃത, അസംസ്‌കൃത ചേരുവകളും, വളക്കൂറുകളും, ഉറവകളും എല്ലാം, എന്റെ ഉള്ളിലെ വറ്റാത്ത അകംനോവുകളുടെ ചൂടും തണുപ്പും ഈര്‍പ്പവും മരവിപ്പും ചേര്‍ന്ന കലര്‍പിന്റെ ഒരേ അഭിരുചികളും തിരകളും തന്നെ..!
എത്ര കാതം പിന്നിട്ടാലും അത് ഇനിയും സമാനം തന്നെ..! ആ അകംവേവിന്റെ ലാവകളുടെ ഉറവ വറ്റാത്ത തീപാഠങ്ങള്‍…
എങ്കിലും ചെറിയൊരുവ്യത്യാസം; കഥയെന്നുപറയുമ്പോള്‍ അവയെല്ലാം തന്നെ, ദൈനംദിനയുദ്ധത്തിലെ ചില കഥയില്ലായ്മകളുടേയോ, കദനഉരുക്കങ്ങളുടെ കഥനങ്ങളുടേയോ, നേര്‍സാക്ഷ്യങ്ങളായ അനുഭവങ്ങളുടെ മായാതെ വിങ്ങുന്ന തീപാഠങ്ങള്‍തന്നെ..!
അതുകൊണ്ടുതന്നെ, ഈ ‘മഴച്ചാര്‍ത്തുകള്‍’ക്ക് കഥാസമാഹാരമെന്നു പറയണോ, അനുഭവസാക്ഷ്യങ്ങളെന്നു തുടങ്ങണോ എന്നറീല്യ, എങ്കിലും ചിലത് പറയാം…
ജീവിതം പ്രണയമാണ്..! മനസുകളുടെ പാരസ്പര്യത്തിന്റെ ഏകീകരണത്താല്‍ സമസ്ത അഭിരുചികളോടുമുള്ള പ്രണയം..!
അഭിരുചികള്‍ പലതാവാം…
കാമം, ആത്മീയം, കാഴ്ച, ഭോജനം, ശ്രവണം, ധ്യാനം, പഠനം, പാഠനം, രചന തുടങ്ങീ, അതിരറ്റ തൃഷ്ണയോളമെത്താത്തതെന്തും ഒന്നൊന്നിനോടുള്ള പ്രണയം എന്ന സാമ്യതയിലൊതുക്കാം…
അതുകൊണ്ടുതന്നെ, ജീവിതം എന്നതിന് ഒരു നിയതമായ അതിര്‍ത്തിയോ, നിശിതമായ ചട്ടക്കൂടുകളോ ഇല്ല. ചിലര്‍ക്ക് ഒരു നിമിഷം ഒരുജീവിതാനുഭവമാണെങ്കില്‍ തൊട്ടനിമിഷം അത് നവീകരിയ്ക്കപ്പെടുകയോ, മാറിമറിയപ്പെടുകയോചെയ്യുന്നൂ… അങ്ങനെ ജീവിതം നിമിഷങ്ങളോ മാസങ്ങളോ വര്‍ഷങ്ങളോ എന്നതിലല്ല, അതിന്റെ രുചിവൈചിത്ര്യങ്ങള്‍ ഗണിയ്ക്കപ്പെടുന്നത്. ഓരോ നൈമിഷിക അനുഭവവുംമുതല്‍ ആയുസ്സൊടുങ്ങും വരെയുള്ള അനുഭവങ്ങളിലൂടെതന്നെയാണ്..!
തീര്‍ച്ചയായും അത്തരം ഓരോ അനുഭവച്ചാര്‍ത്തുകളും ഓരോ കഥകളോ കവനങ്ങളോ ആയി ആവിര്‍ഭവിയ്ക്കുന്നതിലാവും ഒരു കാല്പനിക ആഖ്യാതാവിന്റെ ജീവത് സാക്ഷാത്കാരമെന്ന പൂര്‍ണതയത്രയും..!
അത്രയും വേണ്ട ഒരു സാക്ഷാത്കാരത്തിനായുള്ള തുഴയെറിയലാണ് ഈ ‘മഴച്ചാര്‍ത്തുക’ളും..!
അനുഭവങ്ങള്‍ മാറുന്നതിനനുസരിച്ച് സ്വാഭാവികമായും വിശ്വാസങ്ങളും കാഴ്ചപ്പാടുകളും സമീപനങ്ങളും മാറുന്നൂയെന്നതിനാല്‍തന്നെ, അടിസ്ഥാന ഗുരൂ അനുഭവങ്ങള്‍തന്നെ!
ജീവിതത്തിന്റെ ഒഴുക്കിനനുസരിച്ച്
നേരിന്റെ വേരുകള്‍ മറക്കുന്‌പോഴാണ് പലപ്പോഴും, പോരിന്റെ ശൗര്യം കണ്ടെത്തുക, പലരും..!
മദമാത്സര്യം!
ഒന്ന്- വിടര്‍ന്നുലഞ്ഞ, സമൃദ്ധിയുടെ മതിമറന്ന പറക്കങ്ങളില്‍..!
രണ്ട്- നിരാശയുടെ തകര്‍ന്നടിഞ്ഞ ചവര്‍പ്പില്‍കുരുത്ത ക്രൗര്യത്തിന്റെ പകയില്‍..!
രണ്ടും ആപത്ക്കാരി തന്നെ!
ഓരോരുത്തരുടേയും വിശ്വാസങ്ങളാണ്, കാഴ്ചപ്പാടുകളുമാണ്, അവരുടെ മറ്റുള്ളവരോടുള്ള സമീപനവും റിസല്‍ട്ടും!
ഋതുഭേദംപോലെ അതുമൊരു ഒഴുക്കാണ്! സ്ഥായിയല്ല!
വളര്‍ന്നൊരു വടവൃക്ഷമായി പൂത്തുലയുന്‌പോഴാണ് പലരും തണല്‍തേടി വരിക!
എത്രപേര്‍ വന്നെന്നോ, പോയെന്നോ ചിന്തിയ്ക്കുന്നതിലല്ല വൃക്ഷധര്‍മ്മം! സദാ തണലായിക്കൊണ്ടിരിയ്ക്കുകയെന്നതിലാണ്..!
നിലനില്പിന്റെ ഭൂമികയോടും സഹജീവനുകളോടും പ്രതിബദ്ധതയുള്ള ഏതൊരു ജീവനും സാക്ഷാത്കാരവും ഇത്തരം സഹനതയുടെ,  വൃക്ഷധര്‍മ്മങ്ങള്‍തന്നെ..! അഥവാ അങ്ങനെയാവണം..!
സ്വപ്‌നപരാജയങ്ങളുടെ നീററലും മൗനങ്ങളുമാണ് അവിടേയും ചില അക്ഷരത്തെറ്റുകള്‍വരുത്തുക. അത്തരം ഓരോ മൗനങ്ങളുംപോലും ഓരോ കണക്കുകൂട്ടലുകളും തിരിച്ചറിവുകളും തന്നെ!
നോവിന്റെ രുചി ചവച്ച അത്തരമൊരു ഭൂതകാലത്തിന്റെ ആഴവും തണുപ്പും വീണ്ടും ചവയ്ക്കണമെങ്കില്‍, ഇനിയുമൊരു അനാഥത്വത്തെ വരിയ്ക്കണം; ഈ ജനറേഷന്‍ഗ്യാപിന്റെ വൈറല്‍വൈബുകളുടെ ”പറക്കുംസമൃദ്ധി”കള്‍ക്ക്..!
ഈ ‘അതിസമൃദ്ധി’യുടെ അന്യതയില്‍നിന്നും, നിശ്ശൂന്യതയില്‍നിന്നുമുടലെടുക്കുന്ന ദാരിദ്ര്യത്തിന്റെ അനാഥത്വം..! അരക്ഷിതാവസ്ഥയുടെഅനാഥത്വം..!
അവിടെയാണ് ഇന്ന് ‘ക്‌ളീഷേ’ എന്ന് പുച്ഛംപിന്തിരിയുന്ന ‘ഗൃഹാതുരത്വം’ എന്ന ബാലപാഠം- ഗുരുപാഠം- അവര്‍ വായിയ്ക്കാന്‍ തുടങ്ങുക… ബന്ധങ്ങളുടെ ആണിവേരിന്റെ ഗന്ധവും ഈര്‍പവും ആഴവും..!
ആ തിരിച്ചറിവിന് നവ വൈബുകളുടെ ഞെട്ടറ്റ് തന്തവൈബുകളിലേയ്ക്കും തള്ളവൈബുകളിലേയ്ക്കും പതിയ്ക്കണം; നവനാന്പുകളുടെ അതിചിന്തകള്‍..!  നെറിയുടെ നെഞ്ചുരുക്കത്തിന്റെ താളത്തിലേയ്ക്ക്..!
എങ്കിലേ ഈ തുടംതുള്ളല്‍ നില്ക്കൂ…. ബന്ധങ്ങളുടെ ഊടുംപാവും മറക്കുന്ന, മറപ്പിയ്ക്കുന്ന അപക്വതയുടെ പുളപ്പിന്റെ തുടംതുള്ളല്‍..!
(ഇതൊക്കെയാണ് ജീവിതം! പല ഓളങ്ങളിലും, പലപ്പോഴും, ആര്‍ക്കും ഒരുപോലെ തുഴയും ഓളവും ഒഴുക്കും അനുകൂലമാവണമെന്നില്ല…!)
ചെറുപ്പത്തില്‍ ഞങ്ങളൊരു കളി കളിച്ചിരുന്നൂ, ഒരാളുടെ കണ്ണുകെട്ടും! എന്നിട്ടയാളുടെ കൈകുന്പിളില്‍ കുറേ മണ്ണ് കൊടുത്ത് അതില്‍ ഒരു കോലും തിരുകിവെച്ച് അവനെ നാല് വട്ടംകറക്കി ദൂരെ കൊണ്ടുപോയീ മണ്ണും കോലും എവിടേയെങ്കിലും നിക്ഷേപിയ്ക്കും..! ശേഷം അവനെ വീണ്ടും രണ്ടുപേര്‍ താങ്ങികൊണ്ടുവന്ന് വട്ടംകറക്കി കണ്ണുതുറപ്പിച്ച്, അവനെകൊണ്ട് ആ മണ്ണും കോലും തിരഞ്ഞെടുപ്പിയ്ക്കും…!
അത് വിചാരിച്ച് തിരയുന്നിടത്തെല്ലാം ഇല്ലല്ലോയെന്ന അതിന്റെ വിഡ്ഢിത്തംകണ്ട് കളിക്കാര്‍ ആര്‍ത്തുചിരിയ്ക്കും..!’
അന്ന് അതൊരു രസമാണ്! സുഖമാണ്!
ആ ബാല്യത്തിലെ ഓര്‍മ്മകള്‍ അതും ഒരുസുഖംതന്നെ…! പലപ്പോഴും..!
പക്ഷേ, ഇന്നത് വലുപ്പത്തിലും ചിലര്‍ കളിപ്പിയ്ക്കുന്നൂ, ജീവിതംകൊണ്ട്… അവിടെ തിരഞ്ഞെടുക്കാന്‍ ശൂന്യതയിലേയ്‌ക്കെറിഞ്ഞ പൊലിമവറ്റിയ ചിന്തകളുടെ ശൂന്യതകള്‍മാത്രമാവും..!
അന്നേരം ഓരോ ജീവിതത്തില്‍നിന്നും
മാഞ്ഞുപോവുന്ന ചില വിരലടയാളങ്ങളുണ്ട്, ചില പുറങ്ങളില്‍…
നിറംമങ്ങിയല്ല; കാലംനോറ്റെടുത്ത പെയ്ത്തുകളുടെ പുതുഗന്ധത്താല്‍..!
അത്തരം ഈര്‍പംനോറ്റ സ്‌നിഗ്ദ്ധഗന്ധത്തില്‍ ചിലത് നാമ്പെടുത്തുവിരിയും കഥനങ്ങളായീ… ഓര്‍മ്മപെയ്ത്തിന്റെ ശീതം പുതച്ച മഴച്ചാര്‍ത്തുകളായീ…
പക്ഷേ, അത്തരം നിണഗന്ധമുള്ള സാക്ഷാത്കാരങ്ങളല്ല, പുതുനാമ്പുകള്‍ക്കാവശ്യം; അവരുടെ
വയറിനും മനസിനും അത്തരം നിറവുകളല്ല ഇന്നഭികാമ്യം!, മറിച്ച് ഉന്മാദങ്ങളെ
കാര്‍ന്നെടുത്ത് കരളിന്റെ നിറംവറ്റിയ്ക്കുന്ന പുതുമയുടെ തുടംതുള്ളലുകളാണ്..!
അവിടം,
പൊലിമയറ്റുവീഴുന്ന ഇതളുകളെപ്പോലെയാണ്
നിനവുകളുടെ നിറവുകളില്‍ നെറികളുടെ ചെരാതുകള്‍..!
ശരിയുടെ മുഖങ്ങളെന്നും തെറ്റുകള്‍ക്കൊരുകാതം പിറകിലായിരിയ്ക്കും; ആമയും മുയലും പന്തയംപോലെ..!
ഒടുവില്‍ ആ ആമയില്‍തന്നെയെത്തും- ഇഴഞ്ഞായാലും- എല്ലാശരികളും..!
അത്തരം ശരികളുടെ വിധിപ്പകര്‍പ്പനുഭവത്തിലെത്തുംവരെ, ”സ്‌നേഹം വേണം എന്ന് തോന്നുന്‌പോഴെല്ലാം ചേര്‍ത്തുനിര്‍ത്തുന്നൂയെന്നും; ചേര്‍ന്നുനില്ക്കുന്നൂയെന്നും തോന്നീട്ടുള്ളതും, ചേര്‍ന്നുനിന്നതുമായ മുഖങ്ങളെത്രകാണും..!? പലരുടേയും ജീവിതപെയ്ത്തിന്റെ നിമിഷങ്ങളിലോരോന്നിലും..? ഒരുനിമിഷങ്ങളില്‍പോലും തേയ്മാനം വരാതെ..?”
പലരും മൗനമായി തികച്ചും ഏകാന്തമായി പുനര്‍വായന നടത്തികൊണ്ടിരുന്ന് നെടുവീര്‍പിടുന്ന സമസ്യകളാണ്, – മനസ് മനസാക്ഷിയോടുതിര്‍ക്കുന്ന- സ്വയം അവനവനോടുതന്നെ ചോദിയ്ക്കുന്ന ഈ ചോദ്യങ്ങളത്രയും..!
ആ ചിന്തനങ്ങളിലാണ് ചിലതിരിച്ചറിവുകള്‍ തെളിഞ്ഞുകിട്ടുക… മറവിയുടെ മായതേച്ച ക്‌ളാവ് മാഞ്ഞുള്ള തെളിമകളുടെ തിരിച്ചറിവുകള്‍… ഇങ്ങനെ….
ബന്ധങ്ങള്‍ ‘ബന്ധന’ങ്ങളാവുന്നത് കടപ്പാടുകളിലൂടെയാണ്!
കര്‍മ്മങ്ങളെല്ലാം തികച്ചും നിസ്വാര്‍ത്ഥമാവുന്‌പോള്‍, കടപ്പാടുകള്‍ തീര്‍ത്തും അപ്രസക്തം!  അവിടെ ഓരോകര്‍മ്മവും ബന്ധങ്ങളും തികച്ചും സുതാര്യവും നിസ്വാര്‍ത്ഥവുമാവുന്നൂ..!
അതുകൊണ്ടുതന്നെ, സ്‌നേഹമാണെങ്കിലും പ്രണയമാണെങ്കിലും, ഭക്തിയാണെങ്കിലും അത്, അനുഭവമാവുന്നതും, അനുഭൂതിയാവുന്നതും, കാഴ്ചകളിലൂടെയല്ല; ‘കാഴ്ചപ്പാടുകളിലൂടേ’യാണ്..!” അവനവന്റെ സ്വയം കാഴ്ചപ്പാടുകളിലൂടെമാത്രം…
അങ്ങനെ തിരിച്ചറിവിന്റെ വെട്ടത്തില്‍
സ്വയം വഴിവെട്ടിത്തെളിച്ച് ജീവിച്ചുകാണിച്ച-കാണിയ്ക്കുന്ന- അനുഭവങ്ങളോ, നിഷ്ഠകളോ, മൂല്യങ്ങളോ ആയിരിയ്ക്കണം, ഓരോ മനുഷ്യരാശിയില്‍നിന്നുമുണ്ടാവുന്ന ഓരോ ഉപദേശങ്ങളും മാര്‍ഗ്ഗദര്‍ശനങ്ങളും ഗുണപാഠങ്ങളും സര്‍വ്വോപരീ ‘മോട്ടിവേഷന്‍സും’..!
അല്ലാതെ, കൈയ്യടിയും ലൈക്കും ഷയറും നേടാനുള്ള വെറും വാക്കസര്‍ത്തുകളും, വാചോടോപങ്ങളും, എവിടുന്നെങ്കിലും കടംകൊണ്ട ഫോട്ടോസ്റ്റാറ്റുകളുമാവരുത്..!
അതിനിടയില്‍, നഷ്ടങ്ങളുടെ കണക്കുകള്‍ പരിശോധിയ്ക്കുന്നതിനേക്കാള്‍ നല്ലതാണ്, കണക്കുകൂട്ടലുകളുടെ നഷ്ടങ്ങള്‍ പരിശോധിക്കുന്നത്..!
പെയ്തുതോര്‍ന്ന മഴയില്‍ കിളിര്‍ത്ത ഓരോ നാമ്പിനും തോര്‍ന്നുപോയവയെകുറിച്ചുള്ള ആധിയിലല്ല ഉത്കണ്ഠ വേണ്ടത്;
പെയ്യാനുള്ളവയിലെ പ്രതീക്ഷകളിലാണ്..! അഥവാ അതിലാവണം…
ഓരോ ജീവന്റേയും
”ഞാന്‍” എന്നറിവിന് – ബോധത്തിന്- മൂന്ന് ഭാവങ്ങളും ആത്മാവുമുണ്ട്! നിസാരത – മിതത്വം – അമിതത്വം –
(നിരഹങ്കാരം – പക്വത – അഹങ്കാരം) ഇങ്ങനേയും പറയാം. ഏതൊരു ജീവന്‍ ഇതില്‍ ഏതൊന്നിനെ ആസ്പദമാക്കി ജീവിയ്ക്കുന്നുവോ, അതിലൂടെ അവനവന്റെ നന്മതിന്മകളെ അന്വേഷിയ്ക്കുന്നൂ, സ്വീകൃതമാക്കുന്നു..!
ഞാനെന്ന വിലയറിയാത്തിടത്തെ ഭൂമികയില്‍, സഹവര്‍ത്തിത്വത്തില്‍, മേച്ചില്‍പുറങ്ങളില്‍, കര്‍മ്മഗതിയില്‍, ഞാന്‍ ചിലവഴിച്ച എന്റെ, വിലയേറിയ സമയങ്ങളും സമര്‍പണങ്ങളും പ്രവര്‍ത്തികളുമായിരുന്നൂ അന്നത്തെ ഏറ്റവും വലിയ നിരര്‍ത്ഥകതയും, ഇന്നിന്റെ സാമ്യമകന്ന നഷ്ടബോധവും..!
പക്ഷേ, ആ നഷ്ടബോധങ്ങളുടെ സഞ്ചാരപഥങ്ങളിലേയ്ക്കുതന്നെ ഊര്‍ന്നിറങ്ങുന്ന ഇന്നത്തെ പ്രതീക്ഷയുടെ കുരുന്നുകള്‍ക്ക്, ഇന്നലെകളിലെ ഓര്‍മ്മകളും നാളെയിലെ അനിര്‍വചനീയതകളും  മറക്കുന്ന ഇന്നിന്റെ തുടംതുള്ളലും അഹങ്കാരങ്ങളുമാണ്, അഭികാമ്യമെന്ന് വാശിപിടിയ്ക്കുന്നൂ..!
ഓരോ ജന്മങ്ങളുടേയും കേവല വിഡ്ഢിത്വവും അവിവേകവും!
ഓരോ ശരികള്‍ക്കും തിരിച്ചറിവുകള്‍ക്കും പിന്നില്‍ ഓരോരോ തെറ്റിന്റേയും ഇരുളും, നാളെയിലെ ആശങ്കകളുടെ തീവെട്ടവുമുണ്ടായിരിയ്ക്കുന്നിടത്താണ് ഇന്നിന്റെ മഹത്വം! പൂര്‍ണതയെന്ന തിരിച്ചറിവിന് അവരെവിടംവരെ കാത്തിരിപ്പിന്റ കാതോര്‍ക്കണം..!
നിയോഗങ്ങളല്ല, ശ്രമങ്ങളാണ് ഓരോ ജീവിതവിജയവും ലക്ഷ്യസാധ്യവും..!
നിയോഗങ്ങളും വിധികളും, അവനവന് സ്വയം കരുത്താര്‍ജ്ജിയ്ക്കാനും പര്യാപ്തമാവാനുമുള്ള ദൈനംദിന വെല്ലുവിളികളാണ്! പാകപ്പെടുത്തലുകളാണ്!
ഈ തിരിച്ചറിവാണ് ജീവിതത്തിലെ ഈശ്വരാധീനം! യഥാര്‍ത്ഥബോധം!
ഓരോ കര്‍മ്മത്തിന്റേയും ആ ഒഴുക്കിലെയാത്രകളുടേയും
ക്രമങ്ങളിലല്ല, ‘ക്രമ’ങ്ങള്‍ക്ക് സാധ്യത…; ക്രമം തെറ്റലുകളിലാണ്! തെറ്റുകളിലേ എന്നും ശരികള്‍ക്ക് സാധ്യതകളുള്ളൂ..!
അസമാധാനങ്ങളില്‍ സമാധാനത്തിനും, വിഭക്തിയില്‍ ഭക്തിയ്ക്കും..!
സഹജീവികളെ കേള്‍ക്കുക എന്നതുമാത്രമല്ല പ്രധാനം.; മനസിലാക്കുക, തിരിച്ചറിയുക, ഉള്‍കൊള്ളുക, എന്നതുകൂടിയാണ്..! ഇതിനൊരിടമുണ്ട് എങ്കില്‍ അതാണ് ജീവിതത്തിന്റെ പച്ചയായ ഔഷധം! ധനം! സമാധാനം! അതിജീവനം! സുകൃതം!
ഇന്നിന്റെ ഏറ്റവും വലിയ മദം പണം എന്നതും അധികാരം- പ്രശസ്തീ എന്നതും തന്നെ..!
അതിനുള്ള ആര്‍ത്തിയില്‍ ഫ്‌ളാഷടിച്ച് ഓടി തമ്മിലടിയ്ക്കുന്നവരുടെ ഇടയിലാണ് നമ്മളുടെ ഈ മണ്‍ചെരാതുകളും ഉലഞ്ഞ് കത്തുന്നത്..! അത്തരം കുറേ ചിരാതുകളിലെ പന്ത്രണ്ട് നെയ്ത്തിരികളാണ് എന്റെ ഈ ”മഴച്ചാര്‍ത്തുകളിലും” തെളിയിയ്ക്കാന്‍ ശ്രമിക്കുന്നത്…,
അവ, എണ്ണവറ്റിയും കാറ്റിലുലഞ്ഞും അണഞ്ഞോ, പ്രഭമങ്ങുകയോ ഇല്ലെന്ന ഒരൊറ്റ ആത്മവിശ്വാസം അവയുടെ ഗുണാധിക്യത്തെകുറിച്ചുള്ള അജ്ഞതയുടെ അഹങ്കാരംകൊണ്ടല്ല;
മറിച്ച്, എന്നെ ‘തളര്‍ത്തുക’ എന്നതല്ല പരമാര്‍ത്ഥം; ‘തളരുക’ ‘തളരുന്നൂ’ എന്ന് ഞാന്‍ മനസിലാക്കുന്നിടത്തും, അതിനാല്‍ ഞാന്‍ ‘തളരില്ല’ എന്നൊരു നെഞ്ചുറപ്പുണ്ടെങ്കില്‍ പിന്നെ ‘ആണീവേരറ്റാലും’ ഉണങ്ങില്ലയെന്ന ആത്മവിശ്വാസവും..!
ഇനീ അഥവാ വീണെന്നാലും,
വീണിടത്തുനിന്നും കിളിര്‍ക്കും! ഒരു ശാഖയോ ചില്ലയോ അല്ല, ഒരുപാട്…. ഒത്തിരി..!
”ഇതളില്‍ വിടരുന്ന നിറങ്ങളുടെ വസന്തങ്ങളാവണം!” (പക്ഷേ, കാറ്റുകളുടെ ചിറകുണ്ടായിരുന്നെങ്കില്‍! തൂമഞ്ഞിന്റെ തുടുപ്പുണ്ടായിരുന്നെങ്കില്‍..! സൂര്യന്റെ തപവര്‍ണങ്ങളുണ്ടായിരുന്നെങ്കില്‍..!”)
ഇല്ലെങ്കില്‍…, ഇല്ലെങ്കില്‍ ഞാന്‍ ഞാനായിരിയ്ക്കുന്നിടത്ത് തന്നെയാണ് വറ്റാത്ത വസന്തങ്ങളുടെ നിറങ്ങള്‍..! എന്റെ സ്മൃതിനെയ്ത ചിന്തകളുടെ സുഗന്ധങ്ങളില്‍..!
കടലിനോടടുക്കുംവരെ ഏതൊരു നദിയുടേയും ധാരണ, താനാണ് ഭൂമിയിലെ ഏറ്റവുംവലിയ പ്രളയമെന്നാണ്! ഈ തുടംതുള്ളലുകളെല്ലാം അത്തരം നദികളുടെ ശീല്കാരങ്ങള്‍തന്നെ…
അവിടെ മൂര്‍ത്തമായൊരാനന്ദത്തിനുവേണ്ടിയുള്ള അമൂര്‍ത്തമായൊരഭിവാഞ്ജകളും…
അതിനെ പ്രേമമെന്നോ പ്രണയമെന്നോ പേരിട്ട് വിളിയ്ക്കുകയും ചെയ്യുന്നു…
ഒടുവില്‍ മിച്ചധനം, നൈമിഷികവികാരസുഖത്തിന്റെ നീറുന്ന ആയുഷ്‌കാല നഷ്ടബോധം..!
തീര്‍ത്തും ഉദാത്തമായജീവിത അനുഭവങ്ങളുടെ വേലിയേറ്റവേലിയിറക്കത്തില്‍ കരയിലടിഞ്ഞ പവിഴങ്ങളായിരിയ്ക്കണം സാഹിത്യങ്ങള്‍, സാക്ഷാത്ക്കാരങ്ങള്‍…
പക്ഷേ, അത്തരം സാക്ഷാത്ക്കാരങ്ങള്‍ക്കുവേണ്ടി അനുഭവങ്ങളെ തീഷ്ണമാക്കുന്നതായിരിയ്ക്കരുത് ജീവിതം..!
എന്നുവെച്ചാല്‍, ഏതൊരു പ്രാണിയിലുമുള്ള ആന്തരികശക്തിയാണ്, അഥവാ ബുദ്ധിയുടെ അവബോധമാണ് ‘അറിവ്’ എന്നത്! അത് വേണ്ടവിധം പ്രയോഗിയ്ക്കാനറിയാത്തവര്‍ അതിലൂടെത്തന്നെ തന്റെ സ്വയംനാശത്തിലേയ്ക്കുമെത്തുന്നൂ… വകതിരിവോടേ പ്രയോഗിയ്ക്കുന്നവന്‍ വിവേകിയും..!
അവനവന്റെ തിരിച്ചറിവിനുള്ള നെയ്ത്തിരി ഓരോരുത്തരുടേയും ഉള്ളില്‍തന്നെയുണ്ട്!
ആ നാളം ആളികത്തിച്ച് സ്വയം നാശംവിതയ്ക്കാത്തിടത്തോളം അവതന്നെ ആത്മശക്തിയും ആത്മഗതിയും..!
സഹിഷ്ണുതയാണ് ഏറ്റവുംവലിയ അംഗീകാരം! അംഗീകാരമാണ് മഹത്തായ ബഹുമാനം! ബഹുമാനമാണ് തിരിച്ചറിവെന്ന പാരസ്പര്യമൂല്യം! ഓരോരോ പാരസ്പര്യമൂല്യങ്ങളുടേയും തിരിച്ചറിവുകളാണ് അറിവെന്ന മഹാസത്യം..!
ആ വെളിച്ചമാണ്, സത്യപ്രകാശമാണ് മഹാജ്ഞാനം..!
‘അറിയില്ലാ’ എന്ന അറിവിന്റെ തിരിച്ചറിവ്..! അവിടെയാണ് ‘ഞാന്‍’ എന്നബോധത്തിന്റെ പരമാര്‍ത്ഥത..! നാനാത്വമേയേകത്വം..!”
അത്തരം അറിവില്ലായ്മകളുടെ തിരിച്ചറിവുകളില്‍ കോറിയിട്ട, മായ്ച്ചിട്ടും മായാത്ത സ്മൃതിബീജങ്ങളിലെ കുറച്ച് ഏടുകളാണ്, എന്റെ ഈ ‘മഴച്ചാര്‍ത്തുകള്‍..!’
ഈ ഈറന്‍നൂലിഴകള്‍ ആത്മനോവിന്റെ നീറേറ്റുന്നവയ്‌ക്കെല്ലാം ഊടുംപാവും തണുവിന്റെ ആര്‍ദ്രങ്ങളുമാവട്ടേ…
”രായാമങ്ങളിലേക
വിമൂകമായുണരുമീ
യോര്‍മ്മതന്നീറനാം,
ശീതമെന്നാത്മാവിലി
ന്നേതോ, മധുകഥനമാ
യൊഴുകുന്നിതാ, സദാ
പരാഗരേണുക്കളായ്
നിന്‍തൃപ്പാദപത്മങ്ങളില്‍
സുകൃതിയായനുവാസരം!
കണ്ണാ..! യെന്‍ കണ്മണീ..!”
                    – ഉണ്ണികൃഷ്ണന്‍പൂന്താനം

 

Brand

UNNIKRISHNAN POONTHANAM

ഉണ്ണികൃഷ്ണന്‍പൂന്താനം
മലപ്പുറംജില്ലയില്‍ പൂന്താനത്ത് സ്ഥിരതാമസം
സഹധര്‍മ്മിണി - സജിനി
മക്കള്‍ - വിഷ്ണുകണ്ണന്‍, അനന്തകൃഷ്ണന്‍, 
ദുര്‍ഗ്ഗാവിഷ്ണുമായ
വിലാസം:
ഉണ്ണികൃഷ്ണന്‍പൂന്താനം
പൂന്താനം (വീട്)
പൂന്താവനം (പി.ഒ.)
കീഴാറ്റൂര്‍,
പെരിന്തല്‍മണ്ണ
മലപ്പുറം .679 325
ഫോണ്‍ : 9495497998

Reviews

There are no reviews yet.

Be the first to review “MAZHACHARTHUKAL Stories by UNNIKRISHNAN POONTHANAM”
Review now to get coupon!

Your email address will not be published. Required fields are marked *