മേദുരപൗര്ണമി
(കവിതാസമാഹാരം)
ഉണ്ണികൃഷ്ണന്‍പൂന്താനം
മോഹങ്ങളൊടുങ്ങിയ ജീവിതം എന്നൊന്ന് മനുഷ്യനെന്നല്ല; ജീവികള്‍ക്ക് തന്നെയില്ല. ലക്ഷ്യം ഏകമാണെങ്കിലും ബഹുതരമാണെ ങ്കിലും സങ്കുചിതമല്ല. അത് അതിന്റെ ജീവിതസാക്ഷാത്കാരത്തി നുള്ളതുതന്നെ. അതില്ലെങ്കില്‍ പിന്നെ ജീവിതമെന്നൊന്നില്ല. ജീവിതക്കാഴ്ചകളെയും അതിന്റെ പ്രതിസന്ധികളെയും സൗന്ദര്യാത്മകമായി നവീകരിക്കുന്ന 71 കവിതകളുടെ സമാഹാരം. ഓരോ കവിതയും പറയുന്നത് ജീവിതത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങളാണ്. അഭിരുചിയും ഇച്ഛയും ആഗ്രഹവും ഉള്ളിടത്തേ കേവല ജീവിതമുള്ളൂ. ഉണ്ണികൃഷ്ണന് പൂന്താനത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള ആഴമേറിയ ചിന്തകളുടെ അര്‍ത്ഥതലങ്ങളാണ് ഈ സമാ ഹാരത്തിലെ കവിതകളത്രയും.
ആമുഖം
”ഈറ്റുനോവായീ വിങ്ങിയിരുന്ന മൗനാക്ഷരങ്ങള്ക്കെല്ലാം ക്രമേണ ഓരോന്നോരോന്നായി മഷിഛായങ്ങള് വന്നപ്പോള്‍, പിച്ചവെയ്ക്കാനവ തുടിച്ചുണര്ന്നപ്പോള്, ആ കുസൃതിയെ കുറുമ്പിനെ തന്നിഷ്ടത്തെ ആരെങ്കിലും കൈപിടിച്ച് നടത്തണമെന്നോ, കൂട്ടുപിടിയ്ക്കണമെന്നോ, സ്വയം തോന്നാതിരുന്നത്, മറ്റൊന്നുംകൊണ്ടല്ല! മറിച്ച്, അവ സ്വയം വീണുംപിടഞ്ഞും നിവര്‍ന്ന് ചുവടുറച്ചും തന്നെത്താന്‍ തന്നെ ശരിവരുത്തി നടന്നും പറന്നും തന്നെ ഓരോ കൈകളിലും മനസുകളിലും ഓരോയിടങ്ങളിലുമെത്തട്ടേയെന്ന് നിശ്ചയിച്ചതിനാലുമാണ്.!
മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍; കാരണം അപ്പോഴാണ് ഏതെങ്കിലും വിധത്തിലുള്ള ഒരു വഴികാട്ടിയായിത്തീരാവുന്ന പരിചയപ്പെടുത്തലുകളുടേയോ വിളിച്ചു പറയലുകളുടേയോ ശുപാര്ശകളുടേയോ ചേരുവകളും താങ്ങുകളുമില്ലാതെത്തന്നെ ഇവയ്ക്ക്, ഈ അക്ഷരയാനങ്ങള്ക്ക് സ്വയം പര്യാപ്തമാവാന്‍ കഴിയുക.
അതോടൊപ്പംതന്നെ, അപ്പോഴാണല്ലോ നിങ്ങളെന്റെ ഈ എഴുപത്തിയൊന്ന് (71) ആത്മഗതങ്ങളേയും അറിയാനുണ്ടായ ആ സഹിഷ്ണുതക്കും സ്വീകാര്യതകള്‍ക്കും നന്ദി പറയേണ്ടതും എന്നെക്കുറിച്ച് പറയേണ്ടതും ഞാന്ത്തന്നെയാകുന്നത് ഉചിതമാവുന്നതും സുതാര്യമാവുന്നതും.!
അതുകൊണ്ടുതന്നെയാണ് നമുക്കിടയില്‍ ഒരു അവതാരകന്റേയോ, മുഖവുരക്കാരന്റേയോ ഇടനിലക്കാരന്റേയോ പകര്ച്ചപ്പണി, ആമുഖം എന്ന ക്ലൂ എന്നീ ഇടനിലകളൊഴിവാക്കാനും തോന്നീതും.!
ഉണ്ണികൃഷ്ണന്‍പൂന്താനം എന്ന എന്നെക്കുറിച്ചും എന്റെ ഈ ആത്മഗതങ്ങളെക്കുറിച്ചും പറയാന്‍ ഞാന്‍ മറ്റൊരു മനസ്സിനെ കടമെടുക്കുമ്പോള്‍, ആ ഉദ്യമം സാക്ഷാത്ക്കരിക്കുന്ന ആ വാക്കുകളില്‍ തീര്‍ച്ചയായും ഒരു കടപ്പാടിന്റെ കടമെടുപ്പും, നിയോഗത്തിന്റെ നിര്‍ബന്ധവും, കളവിളകളുടെ അപൂര്‍ണതകളും കണ്ടേക്കാം. സര്‍വ്വോപരി, ശക്തമായൊരു ആ താങ്ങുണ്ടായതിനാലാണ് ഞാന്‍ പിച്ചവെച്ചതും പറന്നതും എന്ന അപകര്‍ഷതയ്ക്കും തദ്വാര ഇതെല്ലാം എനിക്കെന്നില്ത്തന്നെയുണ്ടാക്കിയേക്കാവുന്ന വൈയക്തിക ദൗര്‍ബല്യവും ആത്മവിശ്വാസച്യൂതിയും ആണെന്നും വരാമല്ലോ.
എന്നാല്‍ ഇങ്ങനെയൊന്നുമില്ലാതെ ഒരു പ്ലാറ്റ്ഫോമില്‍ കയറാനും പറയാനുള്ളതെല്ലാം പറയാനും, ഞാനും നിങ്ങളും മാത്രം മുഖാമുഖമാവുമ്പോള് അവിടെ എന്റെ പൊങ്ങച്ചങ്ങളുടെ ധാരാളിത്തങ്ങളും, വികാരങ്ങളുടേയും വിചാരങ്ങളുടേയും നരച്ച ആവര്‍ത്തനവിരസതകളും നഷ്ടബോധങ്ങളുടെ പഴിപറച്ചിലുകളുമെല്ലാം നമ്മള് തമ്മില്‍ മാത്രമുള്ള ഒരു സ്വീകാര്യതകളുമാവുന്നു. എന്നോടുള്ള സഹിഷ്ണുതകളുമാവുന്നു.
അതുകൊണ്ട് മാത്രമാണ്, ഒരു ആമുഖവും മുഖവുരയുമെന്നെല്ലാമുള്ള ആ കീഴ്വഴക്കങ്ങളെല്ലാമൊഴിവാക്കീ എന്റെയീ 71 ആത്മഗതങ്ങളെക്കുറിച്ചും എന്നെക്കുറിച്ചും ഞാന്‍ തന്നെ പറയാംന്ന് തോന്നീതും.
”എഴുത്തിന്റെ സര്‍ഗ്ഗാത്മകത എന്ന ഊര്‍ജ്ജത്തിനും ഈര്‍പ്പത്തിനും ആഴത്തിനും പരപ്പിനും ഗൃഹാതുരത്വമെന്ന വളക്കൂറ് ചികഞ്ഞ് പിന്തിരിഞ്ഞു നോക്കുമ്പോള്‍ ആദ്യം തിരശ്ശീല നീക്കിയെത്തുന്ന കുറേ പെയ്തൊഴിഞ്ഞുതീര്ന്ന ചിത്രങ്ങളുണ്ട്, അനുഭവങ്ങളുടെ വേലിയേറ്റ വേലിയിറക്കങ്ങളില്‍. നരച്ചു ചുളിഞ്ഞ വിറകിന്കൊള്ളിപോലുള്ള രണ്ട് കൈകളും മുരടനക്കങ്ങളോടെയുതിരുന്ന വീണ്വാക്കുകളിലെ ചില തത്വങ്ങളും, അതില്‍ തൂങ്ങിയ ഈ ഇളംകൈകളും, ഉത്കണ്ഠകളുടെ അനാദിയാം നോട്ടങ്ങളും…
ബാല്യത്തില്‍ കൈപിടിച്ചു നടത്തിയ മുത്തശ്ശനെന്ന ആ താങ്ങ്, സ്വയം പാകതവരുന്നതിനുമുമ്പേ വീണുപോയപ്പോഴുണ്ടായ, പിടിവിട്ടുപോയപ്പോഴുള്ള അരക്ഷിതാവസ്ഥയും, അന്ധാളിപ്പും മരവിപ്പും ഏകാന്തതകളും, അകാലത്തില്‍ത്തന്നെ ഒരു വിധിവൈപരീത്യമെന്നോണം പിതൃശൂന്യമായിരുന്നൊരെന്റെ അന്യതാബോധത്തിലേക്കും, വൈധവ്യത്തിന്റെ തപം വെന്ത് വേരറ്റ് വിതുമ്പുന്ന അമ്മയുടെ അക്ഷന്തവ്യമായ നോവിന്റെ ദൈന്യതയും, അതിജീവനങ്ങള്ക്കോരോന്നിനുപോലും കൂച്ചുവിലങ്ങുകളിട്ടുകൊണ്ടിരുന്ന പരിഹാസങ്ങളും ബാല്യകൗമാരങ്ങളിലെ നീറേറ്റായും, യൗവ്വനംതീണ്ടിയ ആഢ്യത്വത്തിന്റേയും അനുഷ്ഠാനങ്ങളുടേയും മല്പ്പിടുത്തങ്ങളിലുറപ്പിച്ച നിഷ്ഠകളാലും, വയറുമുറുക്കിയുടുക്കേണ്ട നേരറിവിന്റെ അപകര്‍ഷതയാലും, വെന്തടിഞ്ഞ കിനാവുകള്‍… അഹസ്സുകള്‍.
എന്നിട്ടും നെയ്തുവിളഞ്ഞൊടുവില് അനര്‍ഹമായ പ്രണയ പരാജയങ്ങളുടെ അനിവാര്യമായ തീപാറും വിരഹങ്ങളും, ഒന്ന് ഊന്നിനില്ക്കാന് പലവിധത്തില്‍ പച്ചതേച്ച ഈ ‘വേഷമില്ലാവേഷത്തിന് ആടാനൊരുവേദിയില്ലാത്ത നിസ്സഹായാവസ്ഥകളും, ശേഷിച്ച നീര്വ്വീകാരമായ ഏകാന്തതകളും ആരോടെന്നില്ലാത്ത പരാതികളും അമര്‍ഷങ്ങളും എന്റെ ചിന്തകള്‍ക്കും ശൂന്യതകള്‍ക്കും സ്വരവ്യഞ്ജനങ്ങളാല്‍ മുഴുക്കാപ്പുകള് ചാര്ത്തിക്കൊണ്ടേയിരുന്നപ്പോള് അതില്‍ നിന്നും കോര്ത്തിണക്കിചാര്ത്തി വീണൊഴിഞ്ഞുകൊണ്ടിരുന്ന നിര്മ്മാല്യങ്ങളായി ഈ അക്ഷരചേരുവകള്!
ഇവയെ കവനങ്ങളെന്നോ, കാവ്യമെന്നോ, കവിതയെന്നോ വിളിയ്ക്കണമെന്നവകാശപ്പെടുന്നില്ല. മേല്പറഞ്ഞ തീപാഠങ്ങളുടെ നാളങ്ങളില്‍, നെയ്പകരുംവിധമുള്ള സാമൂഹികാധഃപതനത്തിന്റെ വിപത്തുകളായി, പിറന്നുവീഴുംമുമ്പേ കരിഞ്ഞുരുകുന്ന നിരവധി ഭ്രൂണഹത്യകളും പീഡനശ്രേണികളും നിരാശ്രയവും നിഷ്ഫലവുമായ ബാല്യകൗമാരയൗവ്വനങ്ങളും നിറഞ്ഞൊരീ രണഭൂമികയിലെ ദൈനംദിന മൗനരോദനങ്ങളും അനവരതം ഈ വേവുന്ന എന്റെ ചിന്തകളില്‍ ആത്മരോഷങ്ങളുംകൂട്ടിവെച്ച അക്ഷരച്ചേരുവകളെന്നും, എന്റെ തോന്നിവാസങ്ങളെന്നും പറയാം.! ഫലശ്രുതിയില്‍ ഏതാണ്ട് മുഖഛായകളെല്ലാം ഒന്നെന്നുതന്നെ വരുന്നു.
അതുകൊണ്ടുതന്നെ ഓരോ താളും മറിച്ചുപോവുമ്പോള് ഈ ഏടുകളില്‍ പലേടത്തും പലതിനും ഒരു പക്ഷേ ഒരേ മുഖഛായകളും കണ്ടേയ്ക്കാം. തദ്വാരാ ആവര്‍ത്തനവിരസത വന്നാല്‍ സദയം ക്ഷമിയ്ക്കുക.
എങ്കിലും, ഏതൊരു ആത്മസാക്ഷാത്കാരത്തിനും അതിന്റേതായ ഒരു സ്വത്വമുണ്ട്. രണ്ട് വിധത്തില്‍! ഒന്ന്, അത് സാക്ഷാത്ക്കരിക്കുന്നയാളുടെ അടിസ്ഥാന സ്വത്വം. രണ്ട് സാക്ഷാത്ക്കരിക്കപ്പെട്ട ആ കൃതിയുടെ (ബിംബാത്മകതയുടെ) സ്വത്വം! ഈ രണ്ടും സാമൂഹികമായി വിശകലനം ചെയ്യുമ്പോള്‍ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഏതെങ്കിലും തരത്തിലുള്ള അതിജീവനങ്ങള്‍ക്കായുള്ള നിലവിളികളോ തൃഷ്ണകളോ; മറിച്ച്, നീറുന്ന നഷ്ടബോധങ്ങളുടെ വിരഹങ്ങളോ, വീഴ്ച്ചുടച്ച പരാതികളുടേയോ, പരാജയങ്ങളുടേയോ അപരിഹാര്യമായ അനിവാര്യതകള്തന്നെയുമാവുന്നു.
അതുകൊണ്ടുതന്നെ ഏതൊരു ഭൂമികയിലുമുള്ള സാഹിത്യപരവും സാഹിത്യേതരവുമായ മാനവരാശിയുടെ ജീവനാത്മകപരമായ വ്യാപാരത്തിന്റേയോ ചിന്താവ്യാപാരത്തിന്റേയോ, നാനാത്വധാരയില് ഘടനാപരമായ അസമത്വത്തിന്റെയെല്ലാം പരിമിതികള്‍ക്കപ്പുറത്താണ് ഏതെങ്കിലും വിധത്തില്‍ നോവേല്ക്കുന്ന ജീവനുകള്‍ക്കുവേണ്ടിയുള്ള മാനവസുമനസ്സിന്റേയും ആര്‍ദ്രമായ ഓരോ ആവിഷ്കാരങ്ങളും സാഹിത്യസാക്ഷാത്കാരമെന്ന ഒരേ ഏകതാനതയില്‍, അവ പ്രധാനംചെയ്യുന്ന ഉത്കണ്ഠാജനകമായ പ്രക്ഷുബ്ധതയുടേയും വെളിപാടുകളുടേയും ആശങ്കകളുടേയും, നഷ്ടബോധങ്ങളുടേയും സ്വത്വപ്രസക്തിയും, അനിവാര്യതയും!
അവ കാവ്യമായാലും കഥനമായാലും ലേഖനാപരമെങ്കിലും
തീര്‍ത്തും അരക്ഷിതാത്മകവും നിരാശ്രയവും തളര്‍ന്നും കൊണ്ടിരിക്കുന്ന ഏതൊരു ജനതതിയുടേയും വൈയക്തികവും സാമൂഹികവുമായ നിലനില്‍പ്പിന്റെ മൂല്യച്യുതികളുടേയും പരിണിതഫലമായി വരുന്ന സ്വഹത്യകളുടേയും അനിവാര്യതകളിലുണ്ടാവുന്ന നിരാലംബനങ്ങള്ക്ക് എന്നും കുറച്ചൂടെ അവധാനതയോടേയും ആഴത്തിലും തീര്‍ത്തും പരിഹാര്യമായ ഒരു പരിവര്‍ത്തനങ്ങളുണ്ടാക്കാന്‍ ഉതകുക, നിലവിലെ രാഷ്ട്രീയസ്വത്വങ്ങളേക്കാള് കവന, കഥന, സാഹിതീയ സ്വത്വങ്ങള്‍ക്കും അവയുടെ സാക്ഷാത്ക്കാരങ്ങള്ക്കും തന്നെയാണ് പ്രസക്തിയെന്നതാണ് എന്റെ പക്ഷം. അതിനാലാവാം, ഹിറ്റ്ലറിനേക്കാളധികം സാമൂഹികവും മാനവികവുമായി ദ്യുതിമങ്ങാത്ത കാലാവനുവര്ത്തിയാവാന് ആന്‍ഫ്രാങ്കിനു സാധിച്ചതും!
അതിജീവനത്തിന്റെ സാധ്യതകളെല്ലാം ഉറവവറ്റിയെന്നറിയുമ്പോഴും കേവലമൊരു കൗമാരസ്വപ്നത്തിന്റെ പ്രത്യാശകള്‍ മൗനമായി ചര്‍ച്ചചെയ്യപ്പെടുന്ന ആനീന്റേയും കിറ്റിയുടേയും ദൈനംദിന പ്രകാരങ്ങളുടെ അനുസൃതമായ ക്ലാസിക്കല്‍ കാലിക പ്രസക്തി.
കലഹിക്കാനെളുപ്പമാണ്! അത് സാമൂഹികമായും, വൈയക്തികമായും, ആത്മീയമായും, യുക്തിസഹമായും! പക്ഷേ, സമരസപ്പെടുവാനാണ് പ്രയാസം. അതാണ് ഇന്നിന്റേയും അസഹിഷ്ണുതയും.
ഇവിടെ സമാധാനത്തിനെന്നും നാന്ദീ, കലഹങ്ങളേ ആയിട്ടില്ലയെന്നതും, ഓരോ കലഹവും സമാധാനപ്രിയരുടെ ഉത്പന്നവും നവോത്ഥാനവുമാണെന്നതുമാണ്, പുതിയതും പഴയതുമായ ഉത്പതിഷ്ണുത എന്നതാണ് മറ്റൊരുതമാശ.!
സമരസപ്പെടാനുള്ള ഉറവകളെന്നും ആശങ്കകളുടെ ചുമരുകള്‍ക്കുള്ളിലെ ഏകാന്തമായ തടവറകളിലെ വറ്റാത്ത പ്രത്യാശകളുടെ ആന്ഫ്രാങ്കുകളും കിറ്റികളും തന്നെ!
അപ്പോഴും അവ മൗനമായി തരുന്നൊരു മധുരോപദേശങ്ങളുണ്ട്. അതിതാണ്; ‘വേരറുക്കുന്ന ബന്ധങ്ങളോടൊരിക്കലും നമ്മള് വേരുറപ്പിച്ചൂട്ടി വളര്‍ത്തിയത് ‘പറയരുത്! കാരണം, അതവര് മനസ്സിലാക്കുക, വേരറ്റവേദനയുടെ വേവലാതിയേക്കാള്‍, നാം ചെയ്തുകൊടുത്ത അഥവാ ചെയ്ത അളവിന്റെ സഹനതയുടെ സമരസങ്ങളുടെ കണക്കുപറച്ചിലുകളായാണ്! പരാതികളേയില്ലാത്ത (കറിയ്ക്ക് സ്വാദേകി പുറത്തുകടക്കുന്ന വേപ്പിലകളാണ്) രസനകളാണ് ജീവനങ്ങളാണ് പലരുടേയും ഇന്നിന്റെ അഭികാമ്യം.. അഭിരുചി.
സ്വയം, വളര്‍ന്നൊരു വടവൃക്ഷമായി പൂത്തുലയുമ്പോഴാണ് പലരും തണല്‍തേടി വരിക! അത് സ്വത്വമതം! പക്ഷേ, ആ അനുശാസിത മതം അനുഭവപാഠങ്ങളായി ചില തീപാഠങ്ങള് തരുന്നതും, ഈ വിധം പൂത്തുലഞ്ഞ് പുഷ്പിണിയായി തണലാവുമ്പോള്‍ തന്നെ. (ഫലമുള്ള മാവിലല്ലേ കല്ലേറ് വരൂ…!)
അന്നേരം സദയം മറന്നുപോവുന്നതും, എന്നാല്‍ അവശ്യം അന്നേരമോര്ക്കേണ്ടതുമായ ഒന്നാണ്, തണല്‍ നല്കിയൂട്ടിയതിന്റെ കടപ്പാടുകളും നന്ദിയുമെന്നത്. എന്നാല്‍ അവയെല്ലാം ഇന്നിന്റെ മൂല്യങ്ങളേയല്ലെന്നതും അവയെല്ലാം നിറംകെട്ട പഴംപുരാണങ്ങള്‍ മാത്രമെന്നുമാണല്ലോ, ഇന്നിന്റെ എന്നും ശേഷിക്കുന്ന അനുഭവസാക്ഷ്യവും.!
തണല്‍തേടി എത്രപേര്‍ വന്നെന്നോ, കൂടേറ്റെന്നോ, പറന്നകന്നെന്നോ, പോയെന്നോ ചിന്തിക്കുന്നതല്ല, ആയുസ്സിന്റെ ചുളിവീണ ഓരോ മാതൃധര്‍മ്മവും! അഥവാ അവ അപ്രസക്തം. സദാ തണലായിരിക്കുക എന്നതുമാത്രമാണ് എന്നതത്രേ! തായ് മരങ്ങള്‍ക്ക് വികാരങ്ങളും വിചാരങ്ങളുമുണ്ടാവരുത് കര്‍മ്മാധിഷ്ഠിത ധര്‍മ്മം മാത്രം. ഓരോ ജീവനും ഇത്തരം മരമായിക്കൊണ്ടിരിക്കുമ്പോഴാണ് ഓരോ അക്ഷരങ്ങളും കൂടുതല്‍ കൂടുതല്‍ കൂട്ടിവെയ്ക്കുന്നതും ചാരുത പകരുന്നതും മൗനത്തിന് കണ്ണാടി നോക്കി ഓരോ ആഴങ്ങളിലേയ്ക്കൊഴുകുന്നതും.
മറ്റൊന്നുകൂടി പറയാം. ഏതൊരു ഭൂമികയിലും വ്യക്തിയിലും സമഷ്ഠിയിലും ഏതെല്ലാംവിധം ഹിതകരമായ കാര്യങ്ങള്‍ എത്രകണ്ട് ചെയ്തുവോ അതെല്ലാം മറ്റുള്ളവര്‍ക്കും ചേര്‍ന്നു നിന്നവര്ക്കുംപോലും, അവ അഹിതങ്ങളാവുകയും തദ്വാരാ പഴി കേള്‍ക്കുകയും തിരസ്ക്കരിക്കുകയും ഉണ്ടാവുകയെന്നതും മിക്ക ജന്മങ്ങളുടേയും ഒരു ദൂര്വിധിയാണ്. ഇത്തരം ജന്മങ്ങളെയാണ് (കുശാഗ്രബുദ്ധിയുള്ള) പലരും സ്വന്തം നിലനില്പിനും സ്വാര്‍ത്ഥത്തിനും വേണ്ടി ചൂഷണം ചെയ്യുക ഒടുവില്‍ നീരും വര്ണവുമറ്റ അവയെ നിര്‍ദ്ദയം തഴയാന്‍ സമയമാവുമ്പോള്‍ വളരെ കണിശതയോടെ മര്‍മ്മം നോക്കി പറയും, ‘എനിക്ക് ഒരു തെറ്റിദ്ധാരണ- ധാരണപ്പിശക് പറ്റീയെന്നും ചില തിരുത്തലുകളും ചെത്തിക്കളയലുകളും മുറിച്ചുമാറ്റേണ്ടതും ഇനിയും തന്റെ നിലനില്പിന്റെ അനിവാര്യതയെന്നും..!’
തീര്‍ന്നില്ല, ഒരുപാട് അപരാധങ്ങള്‍ കൊണ്ട് ആ തിരസ്കൃത ജന്മങ്ങളിലൊരു മുള്‍ക്കിരീടമണിയിച്ച് പുതിയ പുതിയ കയാഫസും പിലാത്തോസും ദിനംപ്രതി പിന്നെ ആസന്നശരികളുമാവുന്നു…!
അംഗഭംഗങ്ങള്‍ വരുത്തുംവിധം അറുത്തുമാറ്റി പിഴുതെറിയുമ്പോഴും അവയില്‍ ചോരപൊടിയുമ്പോഴും, വേരറ്റ ബന്ധത്തേക്കാളധികം വേദന, വേരുറപ്പിക്കുന്ന ഈ ബന്ധനങ്ങളെ പ്രതിയും ഈ തണലിന്റെ അഭാവത്താല്‍ (അപ്പോഴും) ഒട്ടിനിന്നവയ്ക്ക് ചിറകറ്റുപോവുമോയെന്ന ആശങ്കയെ പ്രതിയുമാവും അന്നേരവും മരവിച്ചആ മാതൃത്വമെന്ന കരുതലെന്ന വടവൃക്ഷ, ആശങ്കയുടെ നോവുന്ന വേവല്‍.!
സമാന അനുഭവങ്ങളും ആത്മദുഃഖങ്ങളും ഏറേയും പലര്‍ക്കും ഉണ്ടായിരിക്കാം. പ്രത്യേകിച്ച് ഒരു പൊതുധാരയില്‍ ജീവിക്കുന്നവര്‍ക്കും പ്രവര്ത്തിചെയ്യുന്നവര്ക്കും അന്യന്റെ ദുഃഖത്തെ പ്രതി ആകുലപ്പെടുന്നവര്‍ക്കും. അത്തരക്കാര്‍ക്ക് ഒടുവില്‍ കിട്ടുന്ന ഈ അപകീര്‍ത്തികരവും, അപമാനകരവുമായ ഭിക്ഷയില്‍ ഒട്ടും നിരാശയോ, വിധിയോട്പോലും പരിഭവമോ തോന്നാതെ, ഈശ്വരന് സമര്‍പ്പണം ചെയ്യുകയെന്നതാണ് ശേഷിക്കുന്ന എല്ലാ വിചാരങ്ങളും.
(പാപംചെയ്യാത്തവര്‍ കല്ലെറിയട്ടേ, എന്നത് പഴയ ശരി, ശാസനം. പാപം ചെയ്തില്ലെങ്കില്‍ കല്ലെറിയുകയെന്നത് ഇന്നിന്റെ ഇരുട്ടിലെ കരാള ശാസനം! അശരീരി!)
ഇനിയും ഇത്തരം ഒരു കാറിനും കോളിനും മനഃസ്ഥൈര്യം നഷ്ടപ്പെടുത്താനാവാതെ, എനിക്ക് ധര്‍മ്മമെന്ന് തോന്നുന്നത് ചെയ്യാന്‍ വേണ്ടത്ര ഇച്ഛാശക്തിയും മനോബലവും തന്നനുഗ്രഹിക്കണേ ഈശ്വരാ! എന്ന് മാത്രം ഇന്നിന്റെ നിശ്വാസം! തിരിച്ചറിവ്, ഇവിടെ നടക്കാത്ത, മെനക്കെടാത്ത ഒരേയൊരു സംഗതിയുണ്ടെങ്കില്‍ അത് ഒരാള്‍ക്ക് മറ്റൊരാളെ മനസിലാക്കാനേയാവുന്നില്ലായെന്നതാണ്. അഥവാ, അതിന് ശ്രമിക്കുന്നില്ലായെന്നതുകൂടിയാണ്.
മറ്റൊന്നുമല്ല കാരണം, ഓരോ രാപ്പകലുകളിലും മഴയും വെയിലും കൊള്ളാതെ മൂന്നുനേരവും മുപ്പത് നേരവും മുട്ടാതെ അന്നവും വെള്ളവും വെളിച്ചവും സുഭിക്ഷമായും പിന്നെ പിന്നണി പാടാനും കാഴ്ചയായെഴുന്നള്ളിച്ച് ഭേരിമുഴക്കി ആലഭാരങ്ങള്‍ കാണാനും കാഴ്ച്ചക്കാരും ദിനംപ്രതി മുന്നിലുണ്ടാവുമെന്നൊരു മായാവിലാസ വിചാരവുമാണ്.! ഏതൊരു സെക്റ്റേറിയന്‍ ലൗബേര്ഡ്സിന്റേയും ഭോഷ്കായ തുള്ളല്‍.
രാജസമമെന്ന ആരവങ്ങളും ആലഭാരങ്ങളുമുണ്ടെങ്കിലും അവയറിയുന്നില്ല ;
”ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരില്‍…!”
എന്ന വിളവെടുപ്പിന്റെ യാഥാര്‍ത്ഥ്യം!
പറന്നുനടക്കാനുള്ള വിശ്വാസങ്ങളും സാഹചര്യങ്ങളും, തുറന്ന വായുവിന്റെ സുതാര്യതയും സ്വീകാര്യതയും തന്നെയാണ് ഏതൊരു ജീവന്റേയും ജീവിതത്തിന്റേയും സുഗന്ധം. സുരക്ഷിതം അത്, മനുഷ്യനായാലും പക്ഷിയാണെങ്കിലും!
ആ വിശ്വാസങ്ങളേയും നിര്ഭയങ്ങളേയും സംസ്കൃതിയേയും ചില സ്വാര്ത്ഥഖഡ്ഗങ്ങളാലവ അറുത്തെറിയാന്‍ ചിലര്‍ തുനിയുമ്പോള്‍, ആ അനീതിക്കെതിരെയുള്ള സ്വതന്ത്രതയെന്ന ആവശ്യം അര്‍ഹതയ്ക്ക്, അതിജീവനത്തിന് മാത്രം! അതിനും കഴിയാതെ വരുമ്പോഴാണ് ഏതൊരു മനസ്സും ആ ഖഡ്ഗങ്ങളോടുള്ള പ്രതിരൗദ്രത്തിന്റെ തുറന്ന വാതായനത്തിന്റെ പ്രാധാന്യമറിയുന്നത്. പിന്നേയും മൗനമാണഭികാമ്യമെന്നുണ്ടെങ്കില് ഈ വിവേചനങ്ങള്‍ തന്നെ ഭരതവാക്യം,
‘ചിരബന്ധനമാര്‍ന്ന പക്ഷിതന്‍
ചിറകിന് ശക്തി മറന്നുപോയിടാം..’ എന്ന്. ആശങ്കകള്‍ ഉണരാനുള്ള മുറ വിളികളാവുമ്പോള് ചില വിങ്ങുന്ന മൗനങ്ങള്‍ അക്ഷരങ്ങളായ് വരികളായ് വരാം. ഖഡ്ഗങ്ങളുടെ മൂര്‍ച്ചയുള്ള അക്ഷരങ്ങള്‍! അതിനുവേണ്ട ഉപ്പുരസം, ഇച്ഛാശക്തി കേവലം അനുഭവജ്ഞാനം മാത്രം. അപ്പോഴും ചിലരെല്ലാം പലര്‍ക്കും പലപ്പോഴും വെറുമൊരു തുഴ-പങ്കായം മാത്രമാണെന്നും വരാം. ഏതു കുത്തൊഴുക്കിലും സ്വന്തം ഇച്ഛയേയും താല്പര്യങ്ങളേയും മറുകരകയറ്റാന് അവരെടുക്കുന്ന തുഴയെറിയാന്‍ മാത്രമുള്ളൊരു പങ്കായം.
ആ പങ്കയങ്ങളേയും സൗകര്യങ്ങളേയും സ്വകാര്യങ്ങളുടെ തന്നിഷ്ടങ്ങളുടെ സുഖദങ്ങള്ക്കുവേണ്ടിയുമാണ്, ചിലര്‍ അവഗണിക്കുന്നതെങ്കില്‍, ഒന്നുമാത്രമോര്‍ക്കുക, ഒട്ടും പരാതികളില്ലാതെ, അവര്ക്കതിനൊക്കെയുള്ള ഇച്ഛാശക്തിയെന്ന ജീവസ്സ് നല്‍കിയത് ഈ അവഗണിക്കപ്പെടുന്ന ഓരോരോ കണങ്ങളും തന്നെയാണ് എന്ന്.
അത് കേവലം ഏകതാനമായ മാനുഷികബന്ധങ്ങളെന്നല്ല, ഏതൊരു ജീവനബന്ധങ്ങളാണെങ്കിലും, കുടുംബബന്ധങ്ങളാണെങ്കിലും കൂടപ്പിറപ്പുകളാണെങ്കിലും ഒരുവേള കണ്ടുമറന്നവരാണെങ്കിലും കാലത്തിന്റെ അനാദിയിലെവിടേയങ്കിലും വെച്ചെങ്കിലും തിരിച്ചറിവെറിഞ്ഞുകൊടുത്ത് വീണ്ടും അതിനെയോരോന്നിനേയും തിരിച്ചെടുത്ത് നെഞ്ചോടു ചേര്‍ക്കാനുള്ള സാവകാശവും സഹിഷ്ണുതയും പ്രത്യാശയും തിരിച്ചറിവും നഷ്ടപ്പെടാതിരിക്കുന്നേടത്താണ് ഒരു മനുഷ്യന് ‘മനുഷ്യത്വ’മുള്ളവനാകുന്നത്.
ഒന്നോര്‍ത്താല്‍ ഒരു വ്യക്തിക്ക് ഏതൊന്നിനും ടാര്‍ഗറ്റ് ഇടാം. ഇടാന്‍ കഴിയാത്തതൊന്നേയുള്ളൂ. സ്വപ്നാധിഷ്ഠിതമായ ആഗ്രഹങ്ങള്‍ക്ക്. അതിനാണ് ആദ്യം ടാര്‍ഗറ്റ് ഇടുന്നതെങ്കില്‍ മറ്റെല്ലാ ടാര്‍ഗറ്റുകളും താനേ പൂര്‍ത്തിയാവുന്നു! ജീവതം സ്വസ്ഥമാവുന്നു!
കാലത്തിന്റെ പെയ്ത്തുകള്ക്കെപ്പോഴും ഓരോരോ താലപ്പൊലികളുടെ കൊഴുപ്പാണുണ്ടാവുക. ഒടുവില്‍ മേളങ്ങളും ആരവങ്ങളും അരങ്ങൊഴിയുമ്പോള്‍ അവശേഷിക്കുന്നത് പതിഞ്ഞമര്‍ന്ന അനേകം കാല്പാടുകളുടെ ശൂന്യതകള്‍ മാത്രം…!
അനാദിയായ അന്വേഷണങ്ങള്‍ക്കും ആശങ്കകളുടെ നിശ്വാസങ്ങള്‍ക്കും ഇടയില്‍ എന്റെ സ്വത്വാന്വേഷണത്തിന്റെ ഒരു പാതിയില്‍ അതിജീവനത്തിന്റെ ഭാഗമായി ഒരു വരപ്രസാദംപോലെ കറണ്ടാപ്പീസില്‍ ജോലി തരപ്പെട്ടപ്പോള്‍ സകലര്‍ക്കും വെളിച്ചംകൊടുക്കുന്ന പണിയെന്നു ഊറ്റംകൊണ്ടു. വര്‍ഷങ്ങളുടെ കൊഴിഞ്ഞുപോക്കിലും വിരസതവരാതെ ഊറ്റം കൂടിവന്നപ്പോള്‍ 2014ല്‍ ഒരു നാള് വേനലിന്റെ വെള്ളിവെളിച്ചത്തിലൊരു മെയ്മാസത്തില്‍ കയറിനിന്നിരുന്ന ട്രാന്‍സ്ഫോമറിന് മദമിളകി! കലിയിളകി! അഗ്നി വിതറി 11 സ്.!
(ഒരുവിധത്തില്പറഞ്ഞാല് ആനച്ചോറും കറണ്ടുചോറും സമം. ഇടയ്ക്ക് മദമിളകുന്നതെപ്പോഴെന്നതജ്ഞാതം.)
11സ്. വൈദ്യുതി ആഘാതമൊന്ന് ആലിംഗനംചെയ്തു അഗ്നിശുദ്ധി വരുത്തി കരിച്ചു ദേഹം…! ഒടുവില്‍ ആയുസ്സിന്റെ ബലവും ആത്മസന്തതികളുടെ പ്രാര്‍ത്ഥനാ വരദാനവും വാമഭാഗത്തിന്റെ ഗദ്ഗദവുംകൊണ്ട് ഭിക്ഷകിട്ടി. ജീവന്! പകരം വലതുകരവും ഇടതുനെഞ്ചും ദക്ഷിണകൊടുക്കേണ്ടിവന്നെങ്കിലും! അത്, ജീവിത പെയ്ത്തിന്റെ രാശിയില്‍ അന്നൊരു ഏകലവ്യനുളവായ ആശങ്കകള്‍, എഴുത്തിന്റേയും കര്മഗതിയുടേയും രാശിയില്‍ ഈയുള്ളവനുമുണ്ടാകാതിരുന്നില്ല. ഏകലവ്യന്റെ ഗുരുദക്ഷിണയുടെ സ്വയമാശ്വാസം ആത്മീയമായൊരു ആത്മഗതമായുദിച്ചപ്പോള് ഇരുഭാഗത്തും എന്നിലും ചില നിവൃത്തികള്‍ തെളിഞ്ഞെന്നതും ഈശ്വരാധീനംതന്നെ. പിടയാതിരിക്കാന്‍ വയ്യ! പിച്ചവെച്ചേ പറ്റൂയെന്ന് അനിവാര്യത… അങ്ങനെ ആശങ്കകളാല്‍ ചിതറിത്തെറിച്ചകന്ന അക്ഷരച്ചിപ്പികളെ വീണ്ടും പെറുക്കിക്കൂട്ടി.
ഒടുവില്‍, കുറച്ച് കാലവിളംബമുണ്ടായെങ്കിലും വൈകിയുദിച്ച് പിറക്കാനെങ്കിലുമായി ഈ കവനാക്ഷരങ്ങളുടെ ”മേദുരപൗര്ണമി” ക്കെന്നതും ആത്മഹര്‍ഷം! ഈ നിലാവെട്ടം കാണുന്നവര്‍ കാണട്ടേ! അതില്‍ നിഴലാവുന്നവര്‍ നിഴലാവട്ടേ… അനുയാത്ര ചെയ്യുന്നവര്‍ ചെയ്യട്ടേ…ശേഷിച്ച കരുത്തിലും കരുതലിലും പിച്ചവെക്കാതിരിക്കാനോ പറക്കമുറ്റാതിരിക്കാനോ ഇനിയും ആവില്ലായെന്നത് കെട്ടടങ്ങാത്ത ഉള്ളിലെ ഒരു വിങ്ങല്തന്നെ.
ചില ആസന്നതകളുടെ മുമ്പില്‍ വഴിമുടക്കിയായി ദ്വൈരഥമെങ്കില് അവിടെ യുദ്ധം അനിവാര്യതതന്നെയെന്നല്ലേ അന്നത്തെ ആ കൃഷ്ണപക്ഷവും. അതുകൊണ്ടുതന്നെ വീണ്ടും ഓരോ ഗദ്ഗദങ്ങളുടേയും ആശങ്കകളുടേയും പ്രത്യാശകളുടേയും ദ്വൈരഥങ്ങള്ക്കുമിടയില് പൊള്ളലേറ്റ് മുറിഞ്ഞൊരു ചിറകുംവെച്ച് വീണ്ടും പറക്കമുറ്റാനും പറന്നുയരാനും അവ എന്നെ തളിര്‍ത്തുകൊണ്ടേയിരിക്കുന്നു. തുടിച്ചുകൊണ്ടിരിക്കുന്ന വേദനകളുടെ നാമ്പുകളെ മറവിയുടെ മഷിയില്‍ മായ്ച്ചെറിഞ്ഞ് വീണ്ടും വീണ്ടും അലക്ഷ്യമായി ഏകാകിയായി എത്തുന്നിടമെങ്കിലും എത്തും എന്നൊരു തൃഷ്ണയുടെ വിശാലമായ ചിറകടി…!
ആസന്നമായ ഫലശ്രുതികളെല്ലാമറിഞ്ഞിട്ടും ഒന്നുമറിഞ്ഞില്ലെന്ന നിസ്സംഗമായ ആ കൃഷ്ണസ്മിതംപോലെ…!
പതിനെട്ട് അക്ഷൗഹിണികളും എരിഞ്ഞടങ്ങിക്കഴിയുമ്പോഴും ഒരു ചോദ്യംമാത്രമായിരുന്നു ആ പാര്ത്ഥരഥത്തിലും കൃഷ്ണമനസ്സിലും. എന്നിട്ടും എന്ത്നേടിയെന്ന നേടാനായിയെന്ന തിരിച്ചറിവ്! ഒരു യുദ്ധവും അനിവാര്യതകളല്ല; നിലനില്പിനുള്ള ചില പിടിവാശികള്മാത്രം. ഒടുവില്‍ ഒന്നറിഞ്ഞു. ഓരോ യുദ്ധവും ആദ്യം പിറക്കുന്നതും ദ്വൈരഥം കാംക്ഷിക്കുന്നതും മനസ്സെന്ന രണാങ്കണത്തില്തന്നെ! രണാങ്കണങ്ങളേ പിറക്കാത്ത മനസ് എങ്കില്‍ എല്ലാം സ്വസ്ഥം! ക്രമം സമാധാനം.
കൃഷ്ണന് പറയാതെ പറഞ്ഞതും അതിനുള്ള ഉത്തരംതന്നെ! പിടിവാശിയുടെ ദ്വൈരഥം കാംക്ഷിക്കുന്നവര്ക്കെല്ലാമുള്ളൊരു പാഠം! ഒടുവില്‍, എല്ലാം എരിഞ്ഞടങ്ങുമ്പോള്‍ എല്ലാപാഠവും കനലൊടുങ്ങാത്ത തീപാഠങ്ങളായി കാണാപാഠമാവും! എല്ലാറ്റിനും മൂകസാക്ഷിയായ ഓരോ തണല്തരുന്ന പാഠങ്ങളും പുതിയ പുതിയ തിരിച്ചറിവിന്റേതാവും. നെല്ലിക്കയുടെ അഭിരുചിയുടെ തിരിച്ചറിവ്. അത്തരം തിരിച്ചറിവുകളുടെ മിനുങ്ങുകള് ചേര്‍ന്ന ഊടുപാവുക കളുമാണ് ‘മേദുരപൗര്ണമി’യെന്ന നിലാവിലെ നിര്‍മാല്യങ്ങള്‍…
ഒരേയൊരു പ്രാര്‍ത്ഥന ആത്മവിശ്വാസം ദൃശ്യവും അദൃശ്യവുമായ ഏതെല്ലാമോ ചേതനകളുടെ തണല്‍! ഈടുറപ്പ്… ആ ഉറവ ഇതാവാം! ഈ നിശ്വാസം..!
”അഗ്നിസാക്ഷിയായുരുകി വലതുകരമിതു
ദക്ഷിണവെച്ചപോലറുത്തതും
മറ്റൊരേകലവ്യജന്മാമൃതം…!
ഭഗ്നതവന്നില്ലെന്നിട്ടുമീ
കവനശരാക്ഷരങ്ങള്ക്കുമെന്-
ജീവനാം കണ്ണന്റെ കാരുണ്യാമൃതത്തിനാലേ… !
അന്നൊരാത്മചേതനയായി മാതൃത്വം,
വന്നുതലോടിയെന് വേദനാകരതലം
ഒരുചിത്രപതംഗമായി വന്നിരുന്നു മെല്ലേ…!”
നന്ദി
ഉണ്ണികൃഷ്ണന് പൂന്താനം













Reviews
There are no reviews yet.