പ്രണയം
(നോവല്‍)
അനീന ബിജു
എന്താണ് പ്രണയം? ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണത്. ചിലര്‍ക്കത് കാത്തിരിപ്പാണ്, മറ്റു ചിലര്‍ക്കത് വേദനയാണ്, വേറെ ചിലര്‍ക്കത് ജീവിതം തന്നെയാണ്. പ്രണയം എന്ന ഈ നോവല്‍ സ്നേഹത്തിന്റെ അര്‍ത്ഥതലങ്ങളെ തേടിയുള്ള ഒരു യാത്രയാണ്. വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്ത മൗനം കൊണ്ട് മാത്രം അനുഭവിക്കാന്‍ കഴിയുന്ന ചില വികാരങ്ങളുണ്ട്. ആ വികാരങ്ങളുടെ ഒഴുക്കാണ് ഈ പുസ്തകത്തില്‍ നിങ്ങള്‍ക്ക് കാണാനാവുക. പറഞ്ഞുതീരാത്ത വിശേഷങ്ങളിലേക്കുള്ള ഒരു തിരിച്ചുപോക്ക്. ഇതിലെ ഓരോ വരിയും ആത്മാര്‍ത്ഥമായി പ്രണയിച്ച, അല്ലെങ്കില്‍ പ്രണയിക്കാന്‍ കൊതിച്ച ഓരോരുത്തരുടേതുമാണ്. മഴ പോലെയാണ് ചില പ്രണയങ്ങള്‍….. പെയ്തൊഴിഞ്ഞാലും മണ്ണില്‍ അവശേഷിപ്പിക്കുന്ന ഗന്ധം പോല മനസ്സില്‍ എന്നും തങ്ങിനില്ക്കും. വിവരിക്കാന്‍ ആവാത്ത
വികാരമാണ് പ്രണയം.
ആമുഖം
എന്താണ് പ്രണയം? ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണത്. ചിലര്‍ക്കത് കാത്തിരിപ്പാണ്, മറ്റു ചിലര്‍ക്കത് വേദനയാണ്, വേറെ ചിലര്‍ക്കത് ജീവിതം തന്നെയാണ്. ഈ നോവലിലൂടെ ഞാന്‍ അന്വേഷിക്കുന്നതും ആ ഉത്തരമാണ്. കണ്ടുമുട്ടലുകള്‍ക്കും വിടപറയലുകള്‍ക്കും ഇടയിലുള്ള ദൂരത്തെ നാം എന്ത് വിളിക്കും? വിധിയെന്നോ അതോ യാദൃച്ഛികതയെന്നോ? പ്രണയം എന്ന ഈ നോവല്‍ സ്നേഹത്തിന്റെ അര്‍ത്ഥതലങ്ങളെ തേടിയുള്ള ഒരു യാത്രയാണ്.
വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്ത… മൗനം കൊണ്ട് മാത്രം അനുഭവിക്കാന്‍ കഴിയുന്ന ചില വികാരങ്ങളുണ്ട്. ആ വികാരങ്ങളുടെ ഒഴുക്കാണ് ഈ താളുകളില്‍ നിങ്ങള്‍ കാണുക.
കാലം മായ്ക്കാത്ത മുറിവുകളില്ലെന്ന് പറയാറുണ്ട് പക്ഷേ, കാലത്തിന്പോലും മായ്ക്കാന്‍ കഴിയാത്ത ചില ഓര്‍മ്മകളുണ്ട്. പ്രണയം അതിലൊന്നാണ്. ഈ നോവല്‍ ഒരു തിരിഞ്ഞുനോട്ടമാണ്. നഷ്ടപ്പെട്ടുപോയ വസന്തത്തിലേക്കും, പറഞ്ഞുതീരാത്ത വിശേഷങ്ങളിലേക്കും ഉള്ള ഒരു തിരിച്ചുപോക്ക്. ഇതിലെ ഓരോവരിയും എന്റെ മാത്രമല്ല, ആത്മാര്‍ത്ഥമായി പ്രണയിച്ച, അല്ലെങ്കില്‍ പ്രണയിക്കാന്‍ കൊതിച്ച ഓരോരുത്തരുടേതുമാണ്. പ്രണയം, അത് നിങ്ങളുടേത് കൂടിയാണ്.
മഴപോലെയാണ് ചില പ്രണയങ്ങള്‍… പെയ്തൊഴിഞ്ഞാലും മണ്ണില്‍ അവശേഷിപ്പിക്കുന്ന ഗന്ധംപോലെ… മനസ്സില്‍ എന്നും തങ്ങിനില്ക്കും… ‘പ്രണയം’ എന്ന ഈ പുസ്തകം ഹൃദയത്തിന്റെ ഒരടയാളപ്പെടുത്തലാണ്.
എഴുത്തിന്റെ ലോകത്തേക്കുള്ള എന്റെ ആദ്യത്തെ ചുവടുവെപ്പാണിത്. ഒരുപാട് ആഗ്രഹിച്ചും സ്വപ്നം കണ്ടും പൂര്‍ത്തിയാക്കിയ ഈ നോവല്‍, നിങ്ങളുടെ വായനാനുഭവങ്ങളില്‍ ഇടം നേടുമെന്നും, നിങ്ങള്‍ ഇത് നെഞ്ചിലേറ്റുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
ഇതില്‍ പോരായ്മകള്‍ കണ്ടേക്കാം… എങ്കിലും, തുറന്ന മനസ്സോടെ നിങ്ങള്‍ ഈ നോവല്‍ സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വരുംകാലങ്ങളില്‍ എനിക്ക് വഴികാട്ടിയാകും.
– അനീന ബിജു
അവതാരിക
പ്രണയത്തിന്റെ സൗന്ദര്യാംശങ്ങള്‍
-ഗണേശ് പന്നിയത്ത്
എന്താണ് പ്രണയത്തിന്റെ നിര്‍വ്വചനം? പലരും പലപ്പോഴും ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണിത്. എന്നാല്‍ ആര്‍ക്കും അതിന്റെ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചിലപ്പോള്‍ അത് നിശ്ശബ്ദതയുടെ സംഗീതമാണ്. ചിലപ്പോളത് കൊടുങ്കാറ്റാണ്. ചിലപ്പോള്‍ ആഴത്തിലുള്ള സന്തോഷമാണ്. മറ്റുചിലപ്പോള്‍ തീവ്രമായ ദുഃഖത്തിന്റെ സമഗ്രതയാണ്.
നഷ്ടപ്പെടുമ്പോഴാണ് പ്രണയത്തിന്റെ സൗന്ദര്യവും തീക്ഷ്ണതയും ഏറുകയെന്ന് ഇംഗ്ലീഷ് സാഹിത്യത്തിലെ റൊമാന്റിക് കവി ജോണ്‍ കീറ്റ്സ് പറഞ്ഞിട്ടുണ്ട്. ദുഃഖവും അശാന്തിയും അസ്വസ്ഥതയുമൊക്കെത്തന്നെയാണ് പ്രണയത്തെ ധന്യമാക്കുന്ന ഘടകങ്ങള്‍. ഇരുണ്ട പ്രതീകങ്ങളുടെ ആധിക്യത്തിനിടയില്‍ കണ്ടെത്തുന്ന ആശയുടെ നേരിയ കിരണങ്ങള്‍ പ്രണയബോധങ്ങളുടെ സൗന്ദര്യാംശത്തെ സാധൂകരിച്ചുകൊണ്ടിരിക്കുന്നു.
പ്രണയം എന്ന ഈ നോവലിലെ നായിക പ്രണയനഷ്ടത്തിലൂടെ കൂടുതല്‍ സ്വതന്ത്രയായി മാറുകയാണ്. ഇപ്പോള്‍ അവള്‍ക്ക് പ്രണയത്തെ കൂടുതല്‍ അറിയുവാനാകുന്നു. സ്നേഹിക്കുവാനാകുന്നു. കലഹിക്കാനാവുന്നു. അതിന്റെ നാമരൂപം, ആത്മീയത, തീക്ഷ്ണത, മാധുര്യം, സൗന്ദര്യം എല്ലാമെല്ലാം കൂടുതല്‍ നന്നായി അറിയുകയാണ്. അവള്‍ക്കിപ്പോള്‍ നന്നായി സ്വപ്നം കാണാന്‍ കഴിയുന്നുണ്ട്. നന്നായി എഴുതാന്‍ കഴിയുന്നുണ്ട്. നന്നായി പ്രണയിക്കാനും… മധുരമായ വേദന എന്നൊരു പ്രയോഗമുണ്ടല്ലോ. പ്രണയനഷ്ടത്തിലൂടെയല്ലാതെ അതെങ്ങനെ അറിയുവാനാകും.
ജീവിതത്തെക്കുറിച്ച് സഹജജ്ഞാനം ലഭിച്ച കലാകാരന്/കാരി അതിലെ പ്രകാശത്തെ സൗന്ദര്യാത്മകമാക്കുമ്പോഴാണ് കല ജനിക്കുന്നത്. ഈ സര്‍ഗപ്രക്രിയ എന്നാല്‍ എല്ലാ അര്‍ത്ഥത്തിലും ആത്മപീഢനമാണ്. ഓരോ എഴുത്തുകാരനും ഈ അവസ്ഥയിലൂടെ കടന്നുപോകുന്നു. ആവിഷ്കാരത്തില്‍ പ്രസക്തമാവുന്ന വസ്തുനിഷ്ഠത തിരിച്ചറിയുന്നത് ഇങ്ങനെ ഈ സര്ഗപ്രക്രിയയിലൂടെയാണ്.
പ്രയോഗത്തിന്റെ വശ്യത, പ്രതിപാദനരീതി, ആഴവും അര്‍ത്ഥവും എന്നിവയൊക്കെതന്നെയാണ് ചില എഴുത്തുകളെ വ്യതിരിക്തമാക്കുന്നത്. പദസഞ്ചയങ്ങള്‍ കാര്യത്തോട് എത്രമാത്രം ഇഴുകിയും സമരസപ്പെട്ടുമിരിക്കുന്നുവോ അത്രമാത്രം ആകര്‍ഷണീയമായിരിക്കും എഴുത്തും. എഴുത്തുകളെ ഗൗരവമായി കാണുന്നു ചിലര്‍. അവര്‍ എഴുതുന്നതില്‍ നിന്ന് പലതും വായിച്ചെടുക്കാനുണ്ടാകും. അത്തരത്തില്‍പ്പെട്ട ഒരു എഴുത്തുകാരിയാണ് അനീന ബിജു എന്ന കാര്യത്തില്‍ സംശയമേതുമില്ല. അനീനയുടെ എഴുത്തുകളിലെമ്പാടും സൗമ്യമായി ഒഴുകിപ്പരക്കുന്ന സ്നേഹത്തിന്റെ തീര്‍ത്ഥാടനങ്ങള്‍ നമ്മെ തെല്ലൊന്നുമല്ല ആഹ്ലാദിപ്പിക്കുക. ആത്മീയാംശത്തിന്റെ സാധൂകരണം പോലെ വേറിട്ടൊരു അസ്തിത്വം അനീനയുടെ നോവലില്‍ ദര്‍ശിക്കാനാവുന്നതാണ്. അതിന് കാരണം വ്യത്യസ്തമായ ചിന്തകളില്‍ നിന്നാണ് അനീനയുടെ എഴുത്തുകള്‍ രൂപഭംഗിപ്രാപിക്കുന്നത്. അവരുടെ ആദ്യനോവലാണിത്. സമകാലീക പ്രണയബോധങ്ങളില്നിന്ന് വിഭിന്നമായ രീതിയിലുള്ള എഴുത്തായതുകൊണ്ട് ഇതൊരു വിജയമായിത്തീരുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രണയം ഒരു ഓര്‍മ്മപ്പെടുത്തലാണ്. അതില്‍ ജൈവധാരയുടെ ഒരാത്മാവ് പതിയിരിപ്പുണ്ട്. അത് നമ്മുടെ കണ്ണീരിന്റെ ഉപ്പുരസങ്ങളിലേക്ക് ഊര്‍ന്നിറങ്ങുന്ന സ്നേഹാര്‍ദ്രമായ തഴുകലാണ്. ഇലകളും ചില്ലകളും അടര്‍ന്നുപോയ ഊഷരഭൂമിയിലെ ഒറ്റപ്പെട്ട മരത്തിലേക്ക് പതിക്കുന്ന ആദ്യജലത്തുള്ളി. അവന് അവളുടെ മനസ്സിന്റെ മുറിവുകളെ ഓമനിക്കുന്നു; ഇല്ലാതെയാക്കുന്നു. വാക്കുകള്‍ കൊണ്ട് മായാജാലം തീര്‍ത്ത് അവന് അവളെ പ്രണയനൃത്തത്തിന്റെ താളവും ഊര്‍ജ്ജവുമായി മാറ്റി ചൈതന്യാത്മകമായ ഒരു ബാന്ധവത്തിലെത്തിക്കുന്നു. ജീവിതത്തിന്റെ സംഗമബിന്ദുവില്വെച്ച് അവന് അവളെ നിലാവോളം ഉയര്‍ത്തുന്നു. അവളില്‍ നിന്ന് സങ്കടങ്ങള്‍ എല്ലാം പെയ്തുമാറുകയാണ് ആഹ്ലാദകരമായ നിമിഷങ്ങളിലൂടെ പിന്നെ അവള് സ്നേഹാര്ദ്രഗായകനൊപ്പം അയനം തുടരുന്നു. വര്‍ണ്ണാഭമായ പൂന്തോട്ടങ്ങള്‍, പക്ഷികള്‍, ചിത്രശലഭങ്ങള്‍… വസന്തകാലം പോലെ എല്ലാം… വഴിമാറി പോയതത്രയും ശിശിരത്തിന്റെ കനത്തുതടിച്ച ഉടയാടകള്‍. ഒരു പ്രണയമഴയ്ക്ക് ശേഷം ഇപ്പോള്‍ മരം പെയ്യുന്നുണ്ട്. സ്നേഹമായി, സംഗീതമായി… ജന്മാന്തരങ്ങളിലേക്ക് പടരുന്ന പ്രണയബോധങ്ങള് ഈ പുസ്തകത്തില്‍ വായിക്കാം.













Reviews
There are no reviews yet.