സന്ധ്യാംബരം
(കഥകള്‍)
മിനി വര്‍ഗീസ്
സമകാലികജീവിത യാഥാര്‍ത്ഥ്യങ്ങളെ തൊട്ടുണര്‍ത്തിക്കൊണ്ടാണ് മിനി വര്‍ഗീസ് കഥ പറയുന്നത്. അതുകൊണ്ടുതന്നെ നമ്മെ സ്പര്‍ശിക്കാതെ പോകുന്നില്ല ഒരു കഥയും. മനുഷ്യജീവിതത്തിന്റെ സത്തയുള്ള മുഹൂര്‍ത്തങ്ങളെ ആവാഹിച്ചെടുക്കുന്ന വിദ്യ ഈ കഥാകാരിക്കറിയാം. ജീവിതത്തിന്റെ വര്‍ണ്ണങ്ങളിലൂടെയും നിശബ്ദതയിലൂടെയുമുള്ള സഞ്ചാരമാണ് ഈ കഥകളെയൊക്കെ വ്യതിരിക്തമാക്കുന്നത്. അനുവാചകന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന പതിനാല് കഥകളുടെ സമാഹാരം.
ആമുഖം
ജീവിതം പലപ്പോഴും നിസ്സാരമായി തോന്നുന്ന നിമിഷങ്ങളുടെ നെയ്ത്താണ്. ആ നിമിഷങ്ങള്‍ ഒരിക്കല്‍ ഒരു ചിരിയിലും ഒരിക്കല്‍ ഒരു നിശ്ശബ്ദതയിലും ഒരിക്കല്‍ പറയാതെ പോയ വാക്കുകളിലും അവയുടെ അന്തര്‍ഗ്ഗതത്തില്‍ അനന്തമായ കഥകളെ ഒളിപ്പിച്ചിരിക്കുന്നു. അത്തരത്തിലുള്ള അനുഭവങ്ങളുടെ നിശ്ശബ്ദ സ്പന്ദനങ്ങളാണ് ഈ കഥാസമാഹാരത്തിന്റെ ഉറവിടം.
ചുറ്റുപാടുകളില്‍ നമ്മള്‍ കാണുന്ന മനുഷ്യരും അവരുടെ ജീവിതവഴികളില്‍ നേരിടുന്ന സന്തോഷങ്ങളും വേദനകളും ആത്മാവിന്റെ ആഴങ്ങളില്‍ പതിഞ്ഞ ഓര്‍മ്മകളായി മാറുന്നു. ചില അനുഭവങ്ങള്‍ നേരില്‍ കണ്ടവയും ചിലത് കേട്ടറിഞ്ഞവയും ചിലത് മനസ്സില്‍ തന്നെ രൂപംകൊണ്ട ഭാവനാസൃഷ്ടികളുമാണ്. ഈ സമാഹാരത്തിലെ പല കഥകളും യാഥാര്‍ത്ഥ്യത്തിന്റെ വിത്തുകളില്‍ നിന്ന് മുളച്ചെങ്കിലും ഭാവനയുടെ വിശാലമായ ആകാശത്തില്‍ ചിറകുവിരിച്ച് പറന്നവയാണ്.
ഒരു അധ്യാപികയായി ദീര്‍ഘകാലം വിദ്യാര്‍ത്ഥികളോടും സഹപ്രവര്‍ത്തകരോടും സമൂഹത്തോടും അടുത്ത് ഇടപഴകാന്‍ കഴിഞ്ഞത് മനുഷ്യഹൃദയത്തിന്റെ അനവധി മുഖങ്ങള്‍ മനസ്സിലാക്കാനുള്ള അവസരമായി. ആ അനുഭവങ്ങള്‍ ചിലപ്പോള്‍ ഒരു കണ്ണീരായി, ചിലപ്പോള്‍ ഒരു പുഞ്ചിരിയായി, ചിലപ്പോള്‍ ഒരു ചിന്തയായി വാക്കുകളിലേക്ക് ഒഴുകിയെത്തിയതാണ് ഈ കഥകള്‍.
‘സന്ധ്യാംബരം’ എന്ന ഈ കഥാസമാഹാരം ജീവിതത്തിന്റെ വിവിധ വര്‍ണങ്ങളും നിശ്ശബ്ദതകളും ചേര്‍ന്ന ഒരു യാത്രയാണ്. ഈ ലോകത്തിലേക്ക് കടന്നുവരുന്ന ഓരോ വായനക്കാരനും തന്റെതായ ഒരു അനുഭവം കണ്ടെത്തുകയും, ഒരു ചെറു സ്പര്‍ശമെങ്കിലും ഹൃദയത്തില്‍ അനുഭവിക്കുകയും ചെയ്യട്ടെ എന്നതാണ് എന്റെ ആഗ്രഹം.
വായനയോടുള്ള എന്റെ പ്രണയം ചെറുപ്പത്തില്‍ തന്നെ ജന്മനാടായ കുറുമശ്ശേരിയിലെ വായനശാലയില്‍ നിന്നാണ് ആരംഭിച്ചത്. പിന്നീട് ആലുവയിലെ യു.സി. കോളേജിന്റെ വിശാലമായ ലൈബ്രറിയും നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വായനാസൗഹൃദപരമായ അന്തരീക്ഷവും ആ പ്രണയത്തെ കൂടുതല്‍ ആഴപ്പെടുത്തി. പ്രകൃതിയോടുള്ള എന്റെ അടുപ്പവും കണ്ടറിഞ്ഞ ലോകത്തിന്റെ സാന്നിധ്യവും ഈ കഥകളിലെ വര്‍ണ്ണനകളില്‍ സജീവമായി നിറഞ്ഞുനില്‍ക്കുന്നു.
ഈ കൃതിയുടെ പ്രസിദ്ധീകരണത്തിന് പിന്നില്‍ സ്നേഹവും പിന്തുണയും നല്‍കിയ നിരവധി സുമനസ്സുകളുണ്ട്. എന്റെ കഥകള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ച് പ്രസിദ്ധീകരിക്കാന്‍ മുന്നോട്ട് വന്ന ലിപി പബ്ലിക്കേഷന്‍സിനും, ഈ കൃതിക്ക് അവതാരികയിലൂടെ വിലമതിക്കാനാവാത്ത സംഭാവന നല്‍കിയ ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിലെ മലയാളം വിഭാഗം മേധാവിയായിരുന്ന ഡോ. പ്രൊഫ. സി. ശാന്തകുമാരിയ്ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. എന്റെ എഴുത്തിനെ അനുമോദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത കുടുംബാംഗങ്ങളെ, പ്രത്യേകിച്ച് എന്റെ സഹോദരി ടൃ.റോസ്‌മേരി പ്ലാക്കല്‍ ടഅആടനെയും നന്ദിയോടെ ഞാന്‍ ഓര്‍ക്കുന്നു. പുസ്തക പ്രസാധനത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രചോദനവും നല്‍കിയ മാധ്യമപ്രവര്‍ത്തകനായിരുന്ന യശഃശരീരനായ ശ്രീ. സനല്‍ പോറ്റിയെയും സ്മരിക്കുന്നു.
എന്നെ പ്രോത്സാഹിപ്പിച്ച സഹപാഠികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സുഹൃത്തുകള്‍ക്കും എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
എല്ലാ വായനക്കാരുടെയും സ്നേഹപൂര്‍ണ്ണമായ സ്വീകരണത്തിനായി പ്രതീക്ഷയോടെ…
-മിനി വര്‍ഗീസ്
അവതാരിക
ഡോ. പ്രൊഫ. സി. ശാന്തകുമാരി (Rtd.)
എല്ലാ സാഹിത്യകൃതികളിലും പ്രതിഫലിക്കുന്നത് മനുഷ്യജീവിതം തന്നെയാണ്. ജീവിതാനുഭവങ്ങള്‍, നിമിഷങ്ങള്‍, മുഹൂര്‍ത്തങ്ങള്‍ എന്നിവയ്ക്ക് കഥാകൃത്തിന്റെ സങ്കല്‍പ്പവും സര്‍ഗ്ഗശേഷിയും കൈവരിക്കുമ്പോഴാണ് സൃഷ്ടികള്‍ ജനിക്കുന്നത്. അതിനാലാണ് വല്ലാത്തൊരു ദുഃഖമോ സുഖമോ വേദനയോ കലാകാരന് നല്‍കാന്‍ കഴിയുന്നത്. നോവല്‍ ഈ കാര്യങ്ങള്‍ വലിയ ക്യാന്‍വാസില്‍ വരയ്ക്കുമ്പോള്‍, കഥാകൃത്ത് ചെറിയ ക്യാന്‍വാസില്‍ ജീവിതത്തിലെ ‘ചിലത്’ സമര്‍ത്ഥമായി ചുരുങ്ങിയ വാക്കുകളില്‍ പിടിച്ചെടുക്കുന്നു. ഇത് എളുപ്പമല്ല. ഇതാണ്, ഇതുതന്നെയാണ് ചെറുകഥയുടെ കാതല്‍.
ഈ കൃതിയിലെ ‘പ്രണയമഴകള്‍ക്കപ്പുറം’, ‘ഹാന്‍ഡില്‍ വിത് കെയര്‍’ എന്നീ കഥകള്‍ വര്‍ത്തമാനകാല ജീവിതത്തിന് പലപ്പോഴും ഉള്‍ക്കൊള്ളാന്‍ ആവാത്ത വിധം മധുരമാണ്. ഭൂതകാല പ്രണയത്തിന്റെ ജീവിതഗന്ധമുള്ള നിമിഷങ്ങള്‍ മനസ്സില്‍ എവിടെയോ ഒരു നനുത്ത വേദനയായി ഈ കഥകളില്‍ മായാതെ നില്‍ക്കുന്നു; തീര്‍ച്ച.
ശാസ്ത്രവും സാങ്കേതികതയും മനുഷ്യനെ സഹായിക്കുന്നതിനൊപ്പം അവനെ ഉന്മത്തനാക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്. അവിടെ ഏത് തൊഴിലിനും അതിന്റെതായ മഹത്വമുണ്ടെന്ന് പറയുന്ന ‘വെളുമ്പി’ എന്ന കഥയ്ക്ക് കാലികപ്രസക്തിയുണ്ട്. ഭാവി തിരിച്ചടിക്കുമ്പോള്‍ പ്രകൃതി ഒരു വികൃതിയായി സന്ധ്യാംബരത്തില്‍ എത്തി യുവാക്കളെ മുന്നോട്ട് നയിക്കുന്നതിന്റെ സന്ദേശം പുത്തന്‍ തലമുറയ്ക്കും ഗുണപാഠമായെങ്കില്‍! സാഹിത്യസൃഷ്ടികളില്‍ ഇത്തരം നന്മകള്‍ എടുത്തുകാട്ടുന്ന കഥാകൃത്തുകള്‍ ഇന്ന് കുറവല്ലേ?
ഈ കഥാകാരി പഴയ സൗഹൃദങ്ങള്‍ക്ക് രചനയില്‍ ഏറെ പ്രാധാന്യം നല്‍കുന്നുവോ? അതുകൊണ്ടാവാം ‘ഒരു ശൂന്യസന്ധ്യാംബരത്തില്‍’ ആന്റണി തിളങ്ങുന്നത്. ഇന്നത്തെ സൗഹൃദങ്ങള്‍ പലപ്പോഴും ഭോഗേച്ഛയുടെയും ലാഭേച്ഛയുടെയും പര്യായങ്ങളായി മാറിയിരിക്കുന്നു.
മാറ്റത്തിന് പോലും മാറ്റം വന്നാല്‍ നിമിഷങ്ങള്‍ കൊണ്ട് വര്‍ത്തമാനകാലം മാറും. പക്ഷേ അനുഭവങ്ങള്‍ പിന്നീട് മനസ്സില്‍ കൊത്തിക്കുടയും. ശരിയായ വ്യക്തിത്വ രൂപീകരണം എന്നത് ഇന്നുണ്ടോ എന്നത് സംശയമാണ്. അതുകൊണ്ടാണല്ലോ മനുഷ്യന്‍ മൃഗമാകുന്നതും (അല്ലെങ്കില്‍ രാക്ഷസനോ?). ‘സ്വാതന്ത്ര്യം’ എന്ന കഥയിലെ സുന്ദരിക്കുട്ടിയുടെ ”അച്ഛാ…” എന്ന വിളി ആരെയും ചിന്തിപ്പിക്കുന്നു.
ദസ്തയോവ്‌സ്‌കിയുടെ ജീവിതത്തിലെ കൊടിയ ദുഃഖങ്ങള്‍, ജയില്‍ ജീവിതാനുഭവങ്ങള്‍, ഇതിലൂടെ – യാതനകളിലൂടെ – കടന്നു പോയതിനാല്‍ അദ്ദേഹത്തിന്റെ കൃതികളില്‍ പച്ചമനുഷ്യന്റെ മനോനിലകളും അവസ്ഥാ നീതികളും പ്രതിഫലിക്കുന്നു. ഹൃദയസ്പര്‍ശിയായ ‘ചാക്കോ സാറിന്റെ റിട്ടയര്‍മെന്റ്’ എന്ന കഥയില്‍ ഗുരുശിഷ്യബന്ധത്തില്‍ ഒളിഞ്ഞിരുന്ന വാത്സല്യവും അനിതരസാധാരണമായ സ്‌നേഹസൗരഭ്യവും ഒരിക്കല്‍ കൂടി വന്നെങ്കില്‍ എന്ന് ആരാണ് ആശിച്ചു പോകാത്തത്. ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുദക്ഷിണയായി നല്‍കാന്‍ എന്താണ് ഉള്ളതെന്ന് വര്‍ത്തമാനകാലം തന്നെ ചോദിക്കുന്നു.
പ്രകൃതിയെ സ്പര്‍ശിക്കാതെ ഒരു സാഹിത്യകാരന് കടന്നുപോകാന്‍ കഴിയുമോ? ‘മഴത്തുള്ളികള്‍’ പ്രകൃതിമാതാവിന്റെ പുഷ്പവൃഷ്ടിയാണ്. ദാരിദ്ര്യം എന്തെന്ന് അറിയുന്നവര്‍ക്കല്ലേ പാരില്‍ പരക്ലേശ വിവേകം ഉള്ളൂ. ‘വഴിയറിയാതെ’യിലെ അമ്മാമ്മയും സാന്ദ്രക്കുട്ടിയും ചതിക്കുഴികളില്‍ അറിയാതെ കുടുങ്ങുന്ന ഗ്രാമീണ ജീവിതത്തിന്റെ പ്രതീകങ്ങളാണ്.
‘എത്ര മാറ്റം, എത്ര മുന്നേറ്റങ്ങളെ-
ത്തി നില്‍ക്കുന്നു നമ്മള്‍ ഈ മാത്രയില്‍’
എങ്കിലും മനുഷ്യന്‍ ഇപ്പോഴും മദ്യത്തിനും മദിരാക്ഷിക്കും അടിമയാകുമ്പോള്‍ നീരാളിയായി ജീവിതപ്പാറയില്‍ അടിച്ചമരുന്നു. ‘തിരകള്‍’ ഇത് വ്യക്തമാക്കുന്നു.
ഭൂതകാലത്തിലെ നനുനനുത്ത പ്രണയവേദന ‘എന്റെ ആദി’യില്‍ നിറഞ്ഞുനില്‍ക്കുന്നു. കഥയിലെ മിതത്വം വേദനയ്ക്ക് കൂടുതല്‍ ആഴം നല്‍കുന്നു. ‘കല്ല്യാണ’ത്തിലെ പ്രണയവും ഇതുപോലെ തന്നെ ആഴമുള്ള അനുഭവങ്ങളാണ്. അവതരണത്തില്‍ എപ്പോഴും കിനിയുന്ന ആ ആര്‍ദ്രത ഈ കഥകളെ കൂടുതല്‍ ശക്തമാക്കുന്നു.
പുത്തന്‍ തലമുറയുടെ ചോദ്യങ്ങളും ഉത്തരങ്ങളും രഹസ്യബന്ധങ്ങളുമാണ് ‘അനഘ’യില്‍ പ്രതിഫലിക്കുന്നത്. ഇത്തരം സൃഷ്ടികള്‍ കാലത്തിന് ആവശ്യമാണ്.
ഈ കഥാസമാഹാരത്തിലെ മിക്ക കഥകളിലും ഒളിഞ്ഞും തെളിഞ്ഞും സ്‌നേഹത്തിന്റെയും, വാത്സല്യത്തിന്റെയുമൊക്കെ വല്ലാത്ത ഒരു നനവ് കാണാം. സത്യമാണത്. അങ്ങനെ അല്ലാത്ത ദാമ്പത്യമുണ്ടോ? അത് സുഖദുഃഖ സമ്മിശ്രമല്ലേ.
ചുറ്റും തിരക്കും പ്രകടനവും; ഉള്ളില്‍ ഏകാന്തതയുടെ ഇരുണ്ട ഗുഹ. അതെ, ‘താമരപ്പൂക്കളുടെ’ ഇതളുകളിലും വ്യാകുലതയുടെ മഞ്ഞുതുള്ളി കാണാം.
പുതിയ കാലഘട്ടത്തിലെ മാതാപിതാക്കള്‍ക്ക് മക്കളെ നിര്‍ബന്ധിച്ചിട്ടാണെങ്കില്‍ പോലും പരിഷ്‌കാരത്തിന്റെയും ആഡംബരത്തിന്റെയും പുതുമയുടെ ഏണിപ്പടികളിലേക്ക് കയറ്റി നിര്‍ത്താന്‍, ബാല്യത്തിലേ തന്നെ മത്സരത്തിന്റെ പങ്കാളിയാക്കാന്‍ ബഹുകേമത്തരം. നിഷ്‌കളങ്കമായ ബാല്യം, ചെറുക്കാനാവാത്ത അവസ്ഥയില്‍ ‘സ്റ്റാര്‍ട്ട് ആക്ഷന്‍ ക്യാമറ’യില്‍ ഉമ്മച്ചിയ്ക്കായി പൗഡര്‍ ഇടുമ്പോള്‍ കഷ്ടം തോന്നുന്നു.
ഈ ചെറുകഥകള്‍ വലിയ മനുഷ്യജീവിതത്തിന്റെ സത്തയുള്ള മുഹൂര്‍ത്തങ്ങളെ കണ്ടെത്തുന്നു. ഈ സമാഹാരത്തിന്റെ പ്രത്യേകത, ഇതിലെ കഥകളില്‍ കേരളീയ സംസ്‌കാരത്തിന്റെ ഗന്ധം നിറഞ്ഞുനില്‍ക്കുന്നു എന്നതാണ്. അത് ആശാവഹം തന്നെ.













Reviews
There are no reviews yet.