വഴിവിളക്കുകള്‍
മിന്നാമിനുങ്ങുകള്‍
(മോട്ടിവേഷന്‍)
മേപ്പയില്‍ നാരായണന്
ജീവിത വിജയത്തിന് വഴിവിളക്കുകളാകാവുന്ന ചിന്തനീയമായ ലേഖനങ്ങളുടെ സാമാഹാരം. കൂരിരുട്ടിലും മിന്നാമിനുങ്ങിന്റെ വെളിച്ചം വഴിവിളക്കുകളാണ്. കര്‍മബോധവും കാര്യബോധവും വളര്‍ത്തി ജീവിതവിജയം നേടാനും വ്യക്തിത്വവികാസം കൈവരിക്കാനും സഹായിക്കുന്ന കൃതി. കുട്ടികളുടെ പഠിത്തം, സ്വഭാവം, അഭിരുചി എല്ലാം നവീകരിച്ച് നന്മയുടെയും സ്നേഹത്തിന്റെയും പാതയില്‍ വഴിവിളക്കുകളാകാവുന്ന മിന്നാമിനുങ്ങുകള്‍.
ആമുഖം
ഒരു വ്യക്തിയെ കാണുമ്പോള്‍ നമുക്ക് മതിപ്പ് തോന്നുന്നു-വേഷം, നടപ്പ്, ഇരിപ്പ് എല്ലാം പ്രധാനമാണ്. എന്നാല്‍ അയാള്‍ സംസാരിച്ചു തുടങ്ങുമ്പോഴാണ് വ്യക്തിത്വത്തിന്റെ മുഖ്യഘടകങ്ങള്‍ വ്യക്തമാകുന്നത്. തെറ്റില്ലാത്തതും അര്‍ത്ഥമുള്ളതുമായ വാക്കുകള്‍, പക്വതയുള്ള ആശയങ്ങള്‍, ഉദാഹരണസഹിതമുള്ള വിശദീകരണങ്ങള്‍, ആറ്റിക്കുറുക്കിയ ആശയങ്ങള്‍, പരന്ന വായനയിലൂടെ നേടിയ അറിവ്, ദൃഢതയുള്ള- ആത്മവിശ്വാസമുള്ള ശബ്ദം ഇവയെല്ലാം അയാളുടെ സംസാരം കേള്‍ക്കുന്നവരെ സ്വാധീനിക്കുന്നു. ഇതൊക്കെ നേടിയെടുക്കുവാന്‍ ആദ്യമായി വേണ്ടത് വായനയാണ്. എന്നാല്‍ വായന ഒരു പകുതി മാത്രമാണ്. സംസാരിക്കലാണ് മറ്റേ പകുതി. പത്രങ്ങളും റേഡിയോയും ടി.വിയും നല്ല ഭാഷ സ്വായത്തമാക്കാനുള്ള ഉപാധികളാക്കി മാറ്റണം. ആനുകാലിക പ്രശ്നങ്ങളെപ്പറ്റി പഠിക്കണം. മത്സരം വര്‍ദ്ധിച്ചുവരുന്ന ഈ ലോകത്തില്‍ നല്ല ആശയവിനിമയം ഏറ്റവും പ്രധാനപ്പെട്ട യോഗ്യതയാണ്. ചുണയോടെ തെറ്റില്ലാതെ സംസാരിക്കുവാന്‍ നമ്മുടെ വിദ്യാഭ്യാസം കൊണ്ട് സാധിക്കണം.
പലരും സംസാരിക്കുവാന്‍ മടിക്കുന്നത് പറയാനുള്ള വിഷയങ്ങളുടെ ദാരിദ്ര്യം കാരണമാണ്. ഏത് വിഷയത്തെക്കുറിച്ചും ഏത് സമയത്തും സംസാരിക്കുവാനും അതിന്റെ വിവിധ തലങ്ങളില്‍ നമുക്ക് മുമ്പേ ‘നടന്നുപോയവര്‍’ രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ എന്തെന്ന് മനസ്സിലാക്കുവാനും ഈ പുസ്തകം ഉപകരിക്കും. ഇത് ഒരു ലേഖന സമാഹാരമല്ല- വെറും രേഖപ്പെടുത്തലുകള്‍ മാത്രം! വര്‍ഷങ്ങളായി ഞാന്‍ വായിച്ചും കേട്ടും അനുഭവിച്ചും വന്ന അറിവുകള്‍! ഈ പുസ്തകത്തില്‍ മിന്നാമിനുങ്ങുകളെപ്പോലെ പ്രകാശം പരത്തുന്ന ചെറിയകാര്യങ്ങളേ ഉള്ളൂ, ‘സ്മോള്‍ ഈസ് ബ്യൂട്ടിഫുള്‍’ എന്നാണല്ലോ. ജപ്പാനിലെ ദേശീയഗാനത്തിന് അഞ്ച് വരികളേ ഉള്ളൂ. ചിലപ്പോള്‍ ഈ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം നിങ്ങള്‍ക്ക് വഴിവിളക്കുകളായിത്തീരാം. എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥി സമൂഹത്തിനു മുമ്പില്‍ ഞാന്‍ ഈ പുസ്തകം സമര്‍പ്പിക്കുന്നു.
പ്രൊഫ. മേപ്പയില്‍ നാരായണന്
Reviews
There are no reviews yet.