വേനല്‍പ്പക്ഷി
(കവിതകള്‍)
സ്വരാജ് – കെ.ഐ. ഷെബീര്‍
കവിതയില്‍ അവകാശവാദങ്ങള്‍ ഒന്നുമില്ലാതെയാണ് സ്വരാജും ഷെബീറും കടന്നുവരുന്നത്. കവിതയില്‍ ഇവര്‍ കുതിയ്ക്കുന്നില്ല. കിതയ്ക്കുന്നുമില്ല. വേനല്‍ കുടിക്കുന്ന പക്ഷിയുടെ പാട്ടുകളാണിവ. നാടിനു കുറുകെയും നെടുകെയും ഓടുന്നവരുടെ നെഞ്ചിടിപ്പുകള്‍. നിശ്ചയമായും ഇതിനേക്കാള്‍ മധുരമായി കവിതയെഴുതാം. ക്ഷമിയ്ക്കുക. ഇവര്‍ മധുരം നുണയുന്നവരല്ല. തീര്‍ച്ചയായും ഇതിനേക്കാള്‍ സുന്ദരമായി ജീവിതത്തെ ആവിഷ്‌ക്കരിക്കാം. പൊറുക്കുക. ജീവിതം ഇവര്‍ക്ക് മുന്തിരിച്ചാറല്ല. തെരുവില്‍ വീഴുന്ന രക്തം ഈ വാക്കുകളെ പരുഷമാക്കിക്കളഞ്ഞിരിക്കുന്നു. ഹൃദയം തുരുമ്പിച്ച നീതിയുടെ തുലാസ് ഈ വാക്കുകളില്‍ നിന്ന് ആര്‍ദ്രത ചുരണ്ടിക്കളഞ്ഞിരിക്കുന്നു. കവിത രാഷ്ട്രീയമുക്തമായിരിക്കുന്നു എന്ന പൊയ്വെടികള്‍ മുഴങ്ങുമ്പോഴാണ് ഈ കവിത അഗാധമായ രാഷ്ട്രീയധ്വനികളോടെ പ്രകാശിതമാവുന്നത്. നിശബ്ദതയുടെ താഴ്‌വരയെ കീറിമുറിച്ചുകൊണ്ട് അപായമണി മുഴക്കി കടന്നുപോവുകയാണ് സ്വരാജും ഷെബീറും ചെയ്യുന്നത്.
– രാവുണ്ണി
(അവതാരികയില്‍ നിന്ന്)
അവതാരിക
വേനല്‍പ്പക്ഷികള്‍ പാടുന്നു
– രാവുണ്ണി
ആനകള്‍ ഇടയുന്ന കാലമാണ്. കൈകാലുകള്‍ ചങ്ങലയ്ക്കിട്ട് എത്ര നാളാണിങ്ങനെ. ഉടല്‍ എരിയുമ്പോള്‍ ദാഹജലം കിട്ടാതെ എത്ര നേരമിങ്ങനെ. കഴച്ചും വേദനിച്ചും മെയ് പിളരുമ്പോള്‍ കോലം കെട്ടി എത്ര സമയമിങ്ങനെ. ആന ഇടയാതെങ്ങനെ! നീതി നിഷേധിക്കപ്പെട്ട കറുത്ത ജീവിതമാണ്. ചങ്ങലകള്‍ പൊട്ടിച്ചെറിയുമ്പോഴുള്ള പരുഷശബ്ദമാണ് ഇവിടെ കവിത. പൈദാഹിയുടെ അലര്‍ച്ചയാണിത്. വേദനിക്കുന്നവന്റെ കുതറലാണ് ഇത്.
അധികാരസ്വരൂപങ്ങളുടെ അടിച്ചമര്‍ത്തലുകള്‍ക്ക് പല തലങ്ങളുണ്ട്. സത്യം പറയുന്ന നാവുകള്‍ പിഴുതെടുക്കും. ഞാനൊരു സത്യവും വിളിച്ചു പറയില്ല. എന്റെ നാവ് പിഴുതെടുക്കായ്ക. നേരു കാണുന്ന കണ്ണുകള്‍ ചൂഴ്‌ന്നെടുക്കും. ഞാനൊരു നേരും കാണുകയില്ല. എന്റെ കണ്ണ് ചൂഴ്‌ന്നെടുക്കായ്ക. ഞാന്‍ നിങ്ങളുടെ അരുതായ്മകള്‍ കേള്‍ക്കുകയില്ല. എന്റെ കാതുകള്‍ തിരികെ നല്‍കുക. കാണാതെ, പറയാതെ, കേള്‍ക്കാതെ, ആടുന്ന വാലുമായി കുനിഞ്ഞു വളഞ്ഞു നില്ക്കാം ഞാന്‍. എനിക്ക് കനകസിംഹാസനവും കിരീടവും ചെങ്കോലും പതക്കങ്ങളും തരിക. (എം. സ്വരാജ് – മാന്യവിനീതം)മര്‍ദ്ദകരോടുള്ള രോഷവും മെരുങ്ങിക്കൊടുക്കുന്നവരോടുള്ള പുച്ഛവും തിളയ്ക്കുന്ന ഈ കവിത സ്വരാജിന്റെ പ്രകടനപത്രികയാകുന്നു. നമ്മുടെ കാലത്തെ യുവത്വത്തിന്റെ ഏറ്റവും ധീരമായ ശബ്ദം സ്വരാജിന്റേതാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്കു മേല്‍ വേട്ടപ്പട്ടികള്‍ കുരച്ചുചാടുന്നത് എത്ര തവണ നാം കണ്ടു. ഉരുകിയൊലിച്ച, ദ്രവാസ്ഥികള്‍ പേറുന്ന മാംസപിണ്ഡങ്ങളില്‍ നിന്നൊരിക്കലും സത്യത്തിന്റെ തീപ്പൊരികള്‍ ഉണ്ടാവില്ലെന്നും സിംഹാസനങ്ങള്‍ക്കു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന ഉണ്ണാമന്മാരുടെ മഷിക്കുപ്പിയില്‍ നിന്ന് ജീവനുള്ള ഒരക്ഷരം പോലും പിറവിയെടുക്കില്ലെന്നും വിളിച്ചു പറയുന്ന നാവാണിത്. സത്യത്തോട് ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ ഈ വാക്കുകള്‍ ധീരമായിരിക്കുന്നു.
കോടതിവരാന്തയില്‍ ഇരിക്കുന്ന ഒരു ചെറുപ്പക്കാരന്‍ കാണുന്നത് കറുപ്പ് അണിഞ്ഞ നീതിയെയാണ്. അന്ധമായ ന്യായത്തെയാണ്. നീതിയുടേയതല്ല, അനീതിയുടെ നിത്യസ്മാരകങ്ങളാണ് ക്ഷുദ്രമൗനം പുതച്ച ജീര്‍ണ്ണാക്ഷരങ്ങള്‍. എളിയവരുടെ സങ്കടങ്ങളിലേക്ക് ഒരിക്കലും കപടസിംഹാസനങ്ങള്‍ കണ്ണു തുറക്കുകയില്ല. അന്ധതയുടെ വിളിപ്പേര് ന്യായാസനം എന്നാകുന്നു. കറന്‍സി തിന്നു വിശപ്പു മാറ്റുന്ന കുടിലതയാണത്. (കോടതി വരാന്തയില്‍ ഇരിക്കുന്ന ഒരു ഇന്ത്യന്‍ ചെറുപ്പക്കാരന്റെ ആത്മഗതം)
സ്വരാജിന്റെ കവിത തോറ്റ മനുഷ്യന്റെ തോളില്‍ കൈവെയ്ക്കുന്നു. തളര്‍ന്നു വീഴുന്നവന്റെ കൈകള്‍ ചേര്‍ത്തു പിടിക്കുന്നു. മരണത്തോട് മുഖാമുഖം നില്‍ക്കുമ്പോഴും ശിരസ്സ് ഉയര്‍ത്തിപ്പിടിക്കുവിന്‍ എന്നു തന്നെയാണ് ഈ കവിത വിളിച്ചു പറയുന്നത്. ചോര മണക്കുന്ന കൊട്ടാരങ്ങളും വെള്ളക്കാരുടെ തീട്ടൂരങ്ങളും പീറക്കൊടി പാറുന്ന നാറിയ നാടുകളും മനുഷ്യശക്തിക്ക് മുമ്പില്‍ എത്രയോ നിസ്സാരമാണ്.
(കയ്യുയര്‍ത്തുക)
സിംഹവാലന്‍ കുരങ്ങുകളേയും ആനയേയും പറ്റി കവിത എഴുതുന്നവര്‍ മനുഷ്യരെക്കുറിച്ച് എഴുതാത്തതെന്ത്? മനുഷ്യജീവിതം ഇത്രമേല്‍ അവഗണനീയമാണോ? കമ്പോളന്യായങ്ങള്‍ ഉന്നയിച്ച് തന്നെ തിരസ്‌കരിച്ച അനീതിയുടെ നേരെ പ്രാണന്‍ പറിച്ചെറിഞ്ഞ അഗ്നിപുത്രിയായ രജനി എസ്.ആനന്ദ് നമ്മുടെ കവികളുടെ ഭാവനാസാമ്രാജ്യത്തില്‍ പ്രവേശിക്കാതിരുന്നത് എന്തുകൊണ്ടാണ്? അവള്‍ ഒരു പൂവോ മരമോ ആയിരുന്നുവെങ്കില്‍ കവിതയില്‍ നിറയുമായിരുന്നു. പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞിന്‍കണമോ, കുരങ്ങനോ, വറ്റിയ പുഴയോ, മരപ്പട്ടിയോ, പെരുച്ചാഴിയോ, മൂര്‍ഖനെങ്കിലും ആയിരുന്നുവെങ്കില്‍ അവര്‍ അവളെക്കുറിച്ച് എഴുതി മുന്നേറുമായിരുന്നു. ഉള്ളിലെരിയുന്ന നോവായി, കരിവിളക്കില്‍ നിന്നുയരുന്ന തീയായി ചിതയില്‍ ഒതുങ്ങാതെ, എരിഞ്ഞു തീരാതെ രജനി ഉയര്‍ന്നു നില്‍ക്കുന്നു.
(രജനി)
വര്‍ത്തമാനകാലത്തിന്റെ രൂക്ഷയാഥാര്‍ത്ഥ്യങ്ങളോട് മുഖം തിരിച്ചുനില്‍ക്കുന്ന കവികളുടെ വംശമാണ് ഇവിടെ പ്രതിക്കൂട്ടില്‍ നില്ക്കുന്നത്. കവികള്‍ കാഴ്ചക്കാരാകുമ്പോള്‍ കാഴ്ചക്കാര്‍ കവികളായ് മാറിയെന്നു വരും.
ഒരു കുഞ്ഞും തോറ്റുപോവുന്നില്ല
ഒരു കൊച്ചുനാടും മുട്ടുമടക്കുന്നുമില്ല
വിട്ടുകൊടുക്കുന്നതൊരു ശ്മശാനം മാത്രം
കഴുകന്മാര്‍ക്കെന്നും കിട്ടുന്നത്
ഒരു ശവക്കൂനമാത്രം (ലബനന്‍)
ചെറുത്തുനില്‍പ്പിനെക്കുറിച്ചുള്ള മര്‍ത്ത്യധീരതയുടെ നിത്യസ്വപ്‌നമാണ് ഇത്. ശത്രുവിന് കിട്ടുന്നത് പോരാളിയുടെ ശരീരം മാത്രം. ശരീരം വെടിഞ്ഞ് അയാളുടെ ചൈതന്യം/ ധീരത പിന്‍തലമുറയില്‍ കൂടേറുന്നു.
തീര്‍ച്ചയും മൂര്‍ച്ചയുമുള്ള സാമൂഹ്യാനുഭവങ്ങളുടെ ദൃഢത മാത്രമല്ല സ്വരാജിന്റെ കവിത. ഏകാന്തവും സ്വച്ഛവുമായ ആന്തരാനുഭവങ്ങളും ഈ കവിതയുടെ ഊടുവഴികളാണ്.
എനിക്ക്
നിന്നോടു തോന്നിയതല്ല
നിനക്ക്
എന്നോടു തോന്നിയതുമല്ല
ആര്‍ക്കും
ആരോടും തോന്നാതെ
വെറുതെ പറയുന്നതാണത്.
(ഇഷ്ടം)
സ്‌നേഹശൂന്യമായ ഒരു കാലത്തെ ഇതിലും സംക്ഷിപ്തമായി, ഇതിലും രൂക്ഷമായി ആവിഷ്‌ക്കരിക്കുന്നതെങ്ങനെ.
നീ
നീയാണ്
ഞാന്‍
ഞാനാണ്
എനിക്ക് നിന്നെ അറിയാത്തതുപോലെ
നിനക്ക്
എന്നെയും അറിയാനാവില്ല
കാരണം
ഞാന്‍ ഞാനും
നീ നീയുമാണല്ലോ
(സുഹൃത്തിന്)
ചിതറിത്തെറിച്ച് ഇല്ലാതായിപ്പോയ സൗഹൃദങ്ങളെക്കുറിച്ചുള്ള വേദനയാണ്. നമ്മള്‍ ഇല്ലാതാവുന്ന കാലം. ഞാനും നീയും മാത്രമായ കാലം. പിരിയില്ല എന്ന് എത്രയോ വട്ടം പറഞ്ഞാണ് കമിതാക്കള്‍ പിരിയുന്നത്.
(ഒരു പ്രണയഗീതം)
കുറെക്കൂടി വൈയക്തികമായ അനുഭവതലങ്ങളിലൂടെ ആണ് ഷെബീറിന്റെ കവിത സഞ്ചരിക്കുന്നത്.
നമ്മളൊരുമിച്ചു തെളിയിച്ച
ചുറ്റുവിളക്കില്‍ നിന്ന്
ഞാനെന്റെ തിരി മോഷ്ടിച്ചു
അവസാനം നിന്റെ വിരലില്‍ നിന്ന്
ഞാനിട്ട മോതിരവും
നിഴലിന്റെ മറ പറ്റി ഊരിമാറ്റി.
(പാപം)
ആകാശവും സ്വര്‍ഗ്ഗവും സ്വപ്‌നം കണ്ട് ഇറങ്ങിത്തിരിച്ച മണിയനുറുമ്പ് നന്നേ ചെറിയൊരു ചാറ്റല്‍ മഴയില്‍, ഇടിയില്‍, മിന്നലില്‍ ചതഞ്ഞരഞ്ഞുപോവുന്നു.
(മണിയനുറുമ്പ്)
അനാഥാലയത്തിനുള്ളിലെ ജീവിതമാണ് ജാതകം എന്ന കവിത. പകലിനെ ഭയപ്പെട്ട് പുലരും മുമ്പെ കുതറിയെണീക്കും. ഗുണന ഗണന വ്യവകലന വ്യാപാരത്തിനിടയില്‍ ജാതകകണക്ക് തെറ്റിപ്പോയി. അനിശ്ചിതത്വത്തിന്റെ നിശ്ചിതം മാത്രം. പുറത്ത് ഇരുട്ട്.
(ജാതകം)
വേര്‍പാടിന്റെ മറ്റൊരു അനുഭവമാണ് മുള്ള്. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രണയിനിയെ കണ്ടുമുട്ടുന്നു. മാതൃത്വത്തിന്റെ പൊടിപ്പുമായി മുന്നില്‍ വന്നു നില്‍ക്കുന്ന ബാല്യകാലസഖി. അപരാധം ഉള്ളു പൊള്ളിക്കുന്നു, തൊണ്ടയില്‍ കുരുങ്ങിയ മുള്ളുപോലെ.
(മുള്ള്)
ജീവിതം കൊട്ടാരത്തിലാണ്. തടവുപുള്ളിയെപ്പോലെ. കൂട്ടിലെ പക്ഷിയെപ്പോലെ നാലതിരുകളില്‍ കൊക്കു ചേര്‍ത്ത്, പരുക്കനായി ചിറകടിച്ച് ഈണം മുറിഞ്ഞ പാട്ടുപാടി മാന്ത്രികക്കൂട്ടിലെ ജീവിതം. മോഹിപ്പിക്കുകയും വിഭ്രമിപ്പിക്കുകയും സുന്ദരികള്‍ നൃത്തം ചെയ്യുകയും ചെയ്യുന്ന കണ്ണാടിക്കൂട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു പഴുതുപോലുമില്ല.
(പക്ഷി)
ശബ്ദമുണ്ടാക്കുന്നവന്‍ ചെന്നു വീഴുക തടവറയിലാണ്. അതിനാല്‍ നിശബ്ദരാകുക. സൂര്യനെ മറച്ച്, നക്ഷത്രങ്ങളെ കവര്‍ന്നെടുത്ത്, മൂങ്ങയെ തോല്പിച്ച്, ഉറങ്ങിക്കിടക്കുന്നവന്റെ ചോര കൊണ്ട് കൈകഴുകാന്‍ വന്ന അധീശശക്തികള്‍ കടന്നുപോകുന്നു. നിശബ്ദത കൊണ്ടു മാത്രമേ നിങ്ങള്‍ക്ക് രക്ഷപ്പെടാനാവൂ. നേരിയ ശബ്ദംപോലും പ്രകോപനമാകും.
(നിശബ്ദതയുടെ താഴ്‌വര)
കോടതിയില്‍ വാദപ്രതിവാദനങ്ങള്‍ അനുവദനീയമല്ല. ഉത്തരവുകള്‍ മാത്രമാണ് നീതി.
(വാദം)
വാക്കുകള്‍ ചോര്‍ന്നുകൊണ്ടിരിക്കുകയാണ്. വാക്കുകള്‍ കള്ളം പറയുന്നു. ഒളിച്ചു കളിക്കുന്നു. എന്നല്ല വാക്ക് ഒറ്റുക്കാരനായി തീരുകയും ചെയ്യുന്നു.
(വാക്ക്)
ചുവന്ന രശ്മികളുടെ പകലിന്റെയും എരിഞ്ഞു തീര്‍ന്ന മൂവന്തികളുടേയും കെട്ടിക്കിടന്ന കാര്‍മേഘങ്ങളുടെയും ഒഴുകാത്ത ആകാശത്തിന്റെയും ഇടയില്‍ നിന്നാണ് ഓരോ രാത്രിയിലും രക്തസാക്ഷി ഉദിക്കുന്നത്. മറ്റു പ്രതീക്ഷകള്‍ വറ്റുമ്പോള്‍ രക്തസാക്ഷിയിലേക്ക് കൈനീളുന്നു. മരണമില്ലാതെ ജ്വലിക്കുന്ന പ്രകാശമാണ് രക്തസാക്ഷിസ്മരണ. തെരുവുകള്‍ ഇപ്പോഴും ഉറങ്ങാതിരിക്കുന്നത് അവന്റെ മിഴികള്‍ അടയാതിരിക്കുന്നതുകൊണ്ടാണ്. നഗരങ്ങള്‍ തല ഉയര്‍ത്തി നില്‍ക്കുന്നത് അവന്റെ ബലി കൊണ്ടാണ്.
(രക്തസാക്ഷി)
കവിതയില്‍ അവകാശവാദങ്ങള്‍ ഒന്നുമില്ലാതെയാണ് സ്വരാജും ഷെബീറും കടന്നുവരുന്നത്. കവിതയില്‍ ഇവര്‍ കുതിയ്ക്കുന്നില്ല. കിതയ്ക്കുന്നുമില്ല. വേനല്‍ കുടിക്കുന്ന പക്ഷിയുടെ പാട്ടുകളാണിവ. നാടിനു കുറുകെയും നെടുകെയും ഓടുന്നവരുടെ നെഞ്ചിടിപ്പുകള്‍. നിശ്ചയമായും ഇതിനേക്കാള്‍ മധുരമായി കവിതയെഴുതാം. ക്ഷമിയ്ക്കുക. ഇവര്‍ മധുരം നുണയുന്നവരല്ല. തീര്‍ച്ചയായും ഇതിനേക്കാള്‍ സുന്ദരമായി ജീവിതത്തെ ആവിഷ്‌ക്കരിക്കാം. പൊറുക്കുക. ജീവിതം ഇവര്‍ക്ക് മുന്തിരിച്ചാറല്ല. തെരുവില്‍ വീഴുന്ന രക്തം ഈ വാക്കുകളെ പരുഷമാക്കിക്കളഞ്ഞിരിക്കുന്നു. ഹൃദയം തുരുമ്പിച്ച നീതിയുടെ തുലാസ് ഈ വാക്കുകളില്‍ നിന്ന് ആര്‍ദ്രത ചുരണ്ടിക്കളഞ്ഞിരിക്കുന്നു. കവിത രാഷ്ട്രീയമുക്തമായിരിക്കുന്നു എന്ന പൊയ്വെടികള്‍ മുഴങ്ങുമ്പോഴാണ് ഈ കവിത അഗാധനമായ രാഷ്ട്രീയധ്വനികളോടെ പ്രകാശിതമാവുന്നത്. നിശബ്ദതയുടെ താഴ്‌വരയെ കീറിമുറിച്ചുകൊണ്ട് അപായമണി മുഴക്കി കടന്നുപോവുകയാണ് സ്വരാജും ഷെബീറും ചെയ്യുന്നത്. കവിതയുടെ ശിഖരത്തില്‍ ഈ സഖാക്കളുടെ പരുഷവാക്യങ്ങളും കൂടുകെട്ടട്ടെ.
Reviews
There are no reviews yet.