ഹൃദയപൂര്‍വ്വം കര്‍ഷകനടന്‍
(ഓര്‍മ്മക്കുറിപ്പുകള്‍)
കൃഷ്ണപ്രസാദ്
‘ഹൃദയപൂര്‍വ്വം കര്‍ഷകനടന്‍’ കൃഷ്ണപ്രസാദിന്റെ കാര്‍ഷികാനുഭവങ്ങള്‍ മാത്രമല്ല, ബാല്യത്തില്‍ തുടങ്ങി ഇന്നുവരെയുള്ള അദ്ദേഹത്തിന്റെ അഭിനയ/കാര്‍ഷിക ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളുടെ നേര്‍ചിത്രമാണ്. അതില്‍ സ്‌നേഹവും, കരുതലുമുണ്ട്. അനുഭവതീവ്രതയുടെ കണ്ണീരുപ്പും. ഹൃദ്യമായ ഭാഷയില്‍ വായനക്കാരുടെ ഹൃദയത്തിലേക്ക് എളുപ്പം കടന്നുകയറും വിധമുള്ള കൃഷ്ണപ്രസാദിന്റെ ഈ അക്ഷരോദ്യമത്തിന് ‘ഹൃദയപൂര്‍വ്വം കര്‍ഷകനടന്’ എല്ലാവിധ ഭാവുകത്വവും ആശംസിച്ചുകൊണ്ട് ഈ വായനാനുഭവം വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചുകൊള്ളട്ടെ.
– പത്മശ്രീ ഭരത് മോഹന്‍ലാല്‍
(അവതാരികയില്‍ നിന്ന്)
അവതാരിക
നാട്ടിന്‍പുറത്തെ നടന്‍
– പത്മഭൂഷണ്‍ ഭരത് മോഹന്‍ലാല്‍
നടന്‍ എന്ന നിലയ്ക്ക് ആരും അസൂയപ്പെടുന്നൊരു തുടക്കത്തിന് സൗഭാഗ്യം കിട്ടിയ ആളാണ് പ്രിയപ്പെട്ട കൃഷ്ണ പ്രസാദ്.
എനിക്ക് എത്രയോ വര്‍ഷമായി ഏറെ അടുപ്പമുണ്ട്.
മലയാളത്തിന്റെ വരപ്രസാദമായ സാക്ഷാല്‍ എം.ടി. വാസുദേവന്‍ നായര്‍ സാറിന്റെ തിരക്കഥ, അതും മലയാള സിനിമയ്ക്ക് ദിശാബോധം നല്‍കിയ ചലച്ചിത്രപ്രസ്ഥാനം തന്നെയായിരുന്ന കെ.എസ്. സേതുമാധവന്‍ സാറിന്റെ സംവിധാനത്തില്‍, വേനല്‍ കിനാവുകള്‍ എന്ന സിനിമ. ഒരുപക്ഷേ, അല്‍പം മാറിയാണ് പുറത്തിറങ്ങിയിരുന്നതെങ്കില്‍ ‘മഞ്ഞില്‍വിരിഞ്ഞപൂക്കള്‍’ പോലൊരു മാറ്റം മലയാളത്തില്‍ കൊണ്ടുവരുമായിരുന്ന സിനിമ. കാലത്തിനു മുമ്പേ പിറന്നതുകൊണ്ടാവണം വേണ്ടത്ര വിജയം വരിക്കാനായില്ലെങ്കിലും അതിലൂടെ അരങ്ങേറിയ പുതുമുഖങ്ങളെല്ലാം എന്നെയും, ശങ്കറിനെയും, പൂര്‍ണിമ ജയറാമിനെയും പോലെ മലയാള സിനിമയില്‍ സജീവമായി. അവരില്‍ പ്രധാനിയാണ് ചങ്ങനാശേരിക്കാരനായ കൃഷ്ണപ്രസാദ്. ഇരുന്നൂറോളം സിനിമകളില്‍ മാത്രമല്ല മൂന്നൂറോളം ടെലിവിഷന്‍ പരമ്പരകളിലും കൃഷ്ണപ്രസാദ് അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ 35 വര്‍ഷത്തിനിടെ ഞാന്‍ അഭിനയിച്ചതും, നിര്‍മ്മിച്ചതുമായ ഇരുപതോളം സിനിമകളില്‍ എന്നോടൊപ്പമഭിനയിച്ചിട്ടുണ്ട് കൃഷ്ണപ്രസാദ്. അതില്‍ സീസണ്‍, കമലദളം, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ഒപ്പം, നരന്‍, ഒരു യാത്രാമൊഴി, കന്മദം പോലുള്ള വലിയ സിനിമകളും, മിഴികള്‍സാക്ഷി പോലുള്ള ചെറിയ ചിത്രങ്ങളുമുണ്ട്.
അണ്‍ അസ്യൂമിങ് എന്നൊരു വിശേഷണപദമുണ്ട് ഇംഗ്ലീഷില്‍. സൗമ്യന്‍, വിനയാന്വിതന്‍, നിരഹങ്കാരി എന്നൊക്കെ വിശാലാര്‍ത്ഥത്തില്‍ മലയാളീകരിക്കാവുന്നൊരു വാക്ക്. ആ വാക്ക് ഏറ്റവുമധികം ഇണങ്ങുന്നൊരു വ്യക്തിത്വങ്ങളില്‍ ഒരാളാണ് കൃഷ്ണപ്രസാദ്. ഒരു സിനിമാനടന്‍ എന്ന നിലയില്‍ സെലിബ്രിറ്റി പദവി കിട്ടിക്കഴിഞ്ഞും, മണ്ണില്‍ കാലൂന്നി നിന്നുകൊണ്ട്, തന്റെ കാര്‍ഷികപാരമ്പര്യത്തെ ഒഴിവാക്കാതെ നെല്‍കൃഷിയില്‍ സജീവമായി തുടരാനാവുക എന്നത് കൃഷ്ണപ്രസാദ് എന്ന വ്യക്തിയിലുള്ള അസാമാന്യ പ്രതിബദ്ധതയെയാണ് പ്രകാശിപ്പിക്കുന്നത്. പ്രസാദിലെ നടനോടൊപ്പം നാട്ടിന്‍പുറത്തുകാരനും ഒരുപോലെ പ്രകാശിക്കുന്നതു കാണുന്നതുതന്നെ സന്തോഷമാണ്.
ഭക്ഷണമുണ്ടാക്കാനും ഊട്ടാനും കഴിക്കാനും ഇഷ്ടമുള്ള ആളാണ് ഞാന്‍. ഇലന്തൂരിലെ എന്റെ തറവാടുമായി ബന്ധപ്പെട്ട് കൃഷിയൊക്കെ ഉണ്ടായിരുന്നിട്ടുമുണ്ട്. ‘ഉടയോന്‍’ പോലെ പല സിനിമകളിലും കര്‍ഷകനായി ഞാന്‍ അഭിനയിച്ചിട്ടുമുണ്ട്. പക്ഷേ, അഭിനയം പോലല്ലല്ലോ ജീവിതം. കൃഷ്ണപ്രസാദിന് പകരക്കാരനില്ലാതാവുന്നത് അദ്ദേഹം കാര്‍ഷികരംഗത്തു നേടിയെടുത്ത വിജയം കൊണ്ടുകൂടിയാണ്. മലയാളസിനിമാ നടന്മാരില്‍ മമ്മുക്കയും, ശ്രീനിവാസനും, സലിംകുമാറും പോലുള്ളവര്‍ക്ക് കൃഷിയില്‍ താല്‍പര്യമുണ്ട്. പക്ഷേ, അവരാരും പ്രസാദിനെപ്പോലെ നേരിട്ട് പാടത്തിറങ്ങിയിട്ടുണ്ടെന്നു തോന്നുന്നില്ല. പ്രസാദാവട്ടെ, കൃഷിയുടെ എല്ലാ ഘട്ടങ്ങളും നന്നായി അറിയുന്ന നാട് അംഗീകരിച്ച ഒരസ്സല്‍ കര്‍ഷകനും.
പ്രസാദ് തന്റെ ജീവിതാനുഭവങ്ങള്‍ ഒരു പുസ്തകമാക്കുന്നുവെന്ന് എന്നോട് പറയുന്നത് സത്യന്‍ അന്തിക്കാടിന്റെ ‘ഹൃദയപൂര്‍വം’ എന്ന സിനിമയുടെ ചിത്രീകരണവേളയിലാണ്. ഞാനാണ് അദ്ദേഹത്തിന് ആ സിനിമയുടെ കൂടി ശീര്‍ഷകം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഈ പുസ്തകത്തിന്റെ പേരു നിര്‍ദ്ദേശിക്കുന്നത്. ഉദാരമനസ്‌കതയോടെ അദ്ദേഹമതു സ്വീകരിക്കുകയും പുസ്തകത്തിന്റെ ശീര്‍ഷകമാക്കുകയും ചെയ്തു.
‘ഹൃദയപൂര്‍വ്വം കര്‍ഷകനടന്‍’ കൃഷ്ണപ്രസാദിന്റെ കാര്‍ഷികാനുഭവങ്ങള്‍ മാത്രമല്ല. ബാല്യത്തില്‍ തുടങ്ങി ഇന്നുവരെയുള്ള അദ്ദേഹത്തിന്റെ അഭിനയ/കാര്‍ഷിക ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളുടെ നേര്‍ചിത്രമാണ്. അതില്‍ സ്‌നേഹവും, കരുതലുമുണ്ട്. അനുഭവതീവ്രതയുടെ കണ്ണീരുപ്പും.
കലാലയകാലത്തെ രാഷ്ട്രീയജീവിതത്തെക്കുറിച്ചുള്ള അധ്യായത്തില്‍, അന്ന് ദുര്‍ബലമായിരുന്ന എ.ബി.വി.പിയെ മുന്‍നിരയിലേക്കു കൊണ്ടുവന്ന കാര്യമൊക്കെ ഓര്‍ത്തെടുക്കുന്നുണ്ട്. ആ രാഷ്ട്രീയബോധം ഞങ്ങള്‍ താരസംഘടനയായ അമ്മ രൂപവല്‍ക്കരിക്കുന്ന കാലത്തു തന്നെ അംഗമായി ചേര്‍ന്ന പ്രസാദില്‍ നിന്ന് അമ്മയുടെ നിര്‍വാഹസമിതിയംഗമെന്ന നിലയില്‍ അനുഭവിച്ചറിയാനായിട്ടുണ്ടെനിക്ക്. അതെല്ലാം വളരെ ഊഷ്മളമായ അനുഭവങ്ങളുമായിരുന്നെന്നു പറയാതെ വയ്യ.
പുസ്തകത്തിന്റെ ഏഴാം അധ്യായത്തില്‍ അമ്മയുടെ ചരമവാര്‍ഷികച്ചടങ്ങുമായി ബന്ധപ്പെട്ട് ചിത്രീകരണസ്ഥലത്തു നിന്ന് വീട്ടിലേക്കു വരുന്നതിന് മാനുഷികപരിഗണന വച്ചുകൊണ്ടു ഞാന്‍ ചെയ്‌തൊരു ഇടപെടലിനെപ്പറ്റിയൊക്കെ സഹജമായ സഹൃദയത്വം പുലര്‍ത്തിക്കൊണ്ട് പ്രസാദ് എഴുതിയിട്ടുണ്ട്. പ്രസാദിന് എന്നോടുള്ള സ്‌നേഹത്തിന് നിദാനമായി ഞാനാ വാക്കുകളെ കണക്കാക്കുന്നു. ഗഹനമല്ലാത്ത ഹൃദ്യമായ ഭാഷയില്‍ വായനക്കാരുടെ ഹൃദയത്തിലേക്ക് എളുപ്പം കടന്നുകയറുംവിധമുള്ള കൃഷ്ണപ്രസാദിന്റെ ഈ അക്ഷരോദ്യമത്തിന് ‘ഹൃദയപൂര്‍വ്വം കര്‍ഷകനട’ന് എല്ലാവിധ ഭാവുകത്വവും ആശംസിച്ചുകൊണ്ട് ഈ വായനാനുഭവം വായനക്കാര്‍ക്കുമുന്നില്‍ അവതരിപ്പിച്ചുകൊള്ളട്ടെ.
ആമുഖം
ഹൃദയത്തില്‍തൊട്ട്…
കഴിഞ്ഞ വര്‍ഷത്തെ ‘അമ്മ’യുടെ ജനറല്‍ബോഡി മീറ്റിംഗിന് എറണാകുളത്ത് പോയപ്പോഴാണ് ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളായ നാനയിലെ സുരേഷിനെ കണ്ടത്. ഇപ്പോള്‍ ‘കാന്‍’ എന്ന യൂട്യൂബ് ചാനലിന്റെ ചീഫ് എഡിറ്ററാണ് സുരേഷ്. മീറ്റിംഗിന്റെ ഇടവേളയില്‍ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ സുരേഷ് ചോദിച്ചു.
”കൃഷ്ണപ്രസാദിന് ഒരുപാട് അനുഭവങ്ങള്‍ ഉണ്ടാവില്ലേ. പ്രത്യേകിച്ചും കൃഷിക്കാര്യങ്ങള്‍. അതൊക്കെയും ഒന്നെഴുതിക്കൂടേ?”
‘എഴുതണം. സമയമാകട്ടെ…’ എന്ന് പറഞ്ഞ് ഒഴിഞ്ഞെങ്കിലും ആ ചോദ്യം എന്നെ ചിന്തിപ്പിച്ചുകൊണ്ടേയിരുന്നു. കൃഷിക്കാര്യവും സിനിമയുമൊക്കെയായി ഒരുപാട് അനുഭവങ്ങള്‍ മുന്നിലുണ്ട്. അവ ഓരോന്നായി മനസിലേക്ക് കയറിവന്നപ്പോള്‍ കുറിച്ചിടാമെന്ന് തോന്നി. ഓര്‍മ്മകള്‍ കടലാസിലേക്ക് പകര്‍ത്തിയെഴുതിയപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതിയായിരുന്നു. കൂടുതലും എനിക്ക് എഴുതാനുണ്ടായിരുന്നത് കൃഷിയെക്കുറിച്ചായിരുന്നു. കുട്ടനാട്ടിലെ പാവപ്പെട്ട കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു. അവരുടെ അവകാശങ്ങളും ദുരിതങ്ങളും പകര്‍ത്തിവെച്ചത് എന്റെ സംതൃപ്തിക്ക് വേണ്ടി മാത്രമായിരുന്നില്ല, അധികാരത്തിലിരിക്കുന്നവര്‍ കൂടി അറിയണമെന്ന ആഗ്രഹത്തോടെയാണ്.
ആദ്യസിനിമ മുതലുള്ള അനുഭവങ്ങളെഴുതുമ്പോള്‍ എം.ടി.സാറിനെയും സേതുമാധവന്‍ സാറിനെയും മറക്കാന്‍ കഴിയില്ല. ‘വേനല്‍ക്കിനാവുകളി’ലൂടെ ഒരു ബ്രേക്ക് തന്നത് അവരാണ്. ഞാനിപ്പോഴും സിനിമയില്‍ തുടരുന്നത് അവരുടെ കൂടി അനുഗ്രഹത്താലാണ്. കഴിഞ്ഞ ദിവസം എറണാകുളത്ത് ലാലേട്ടനെ കണ്ടപ്പോള്‍ പുസ്തകമെഴുതുന്ന കാര്യം സൂചിപ്പിച്ചു. ഉടന്‍ അദ്ദേഹം ചോദിച്ചു –
”പുസ്തകത്തിന്റെ പേരെന്താണ്?”
”കര്‍ഷകനടന്‍”
ഞാന്‍ പറഞ്ഞു.
”ഹൃദയപൂര്‍വ്വം കര്‍ഷകനടന്‍ എന്നാക്കിയാലോ?”
ലാലേട്ടന്റെ മനസില്‍ പതിഞ്ഞ മനോഹരമായ ടൈറ്റില്‍ എനിക്കും ഏറെയിഷ്ടപ്പെട്ടു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന ‘ഹൃദയപൂര്‍വ്വം’ എന്ന സിനിമയുടെ ലൊക്കേഷനില്‍നിന്നാണ് ലാലേട്ടന്‍ എറണാകുളത്തേക്ക് വന്നത്. ആ പേര് തന്നെ ടൈറ്റിലിലേക്ക് കടന്നുവന്നപ്പോള്‍ എന്തുകൊണ്ടും അഭിമാനമായി. കര്‍ഷകനടന്‍ എന്ന് എന്നെ ആദ്യം വിളിച്ചത് ലാലേട്ടനായിരുന്നു. അതെനിക്ക് ഇരട്ടിമധുരമാണ് സമ്മാനിച്ചത്. പുസ്തകത്തിന് അവതാരിക എഴുതിത്തരാമെന്ന് സ്‌നേഹപൂര്‍വ്വം സമ്മതിക്കുകയും ചെയ്തു, ലാലേട്ടന്‍.
”എനിക്കത് വായിക്കണം. അയച്ചുതരൂ.”
എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ പിറ്റേദിവസംതന്നെ അയച്ചുകൊടുത്തു. അവതാരിക എഴുതിത്തന്നുകൊണ്ട് ലാലേട്ടന്‍ നല്‍കിയ പ്രോത്സാഹനത്തിനും സ്‌നേഹവായ്പിനും ഹൃദയത്തില്‍തൊട്ട് നന്ദി പറയുന്നു.
ഒരിക്കലും ഒരു പുസ്തകമെഴുതുമെന്ന് കരുതിയതല്ല. ഒരുപാട് സ്‌നേഹിനിധികളായ മനുഷ്യരുടെ പ്രോത്സാഹനമാണ് എന്നെ അക്ഷരങ്ങളുടെ ലോകത്തേക്ക് എത്തിച്ചത്. അതിന് എനിക്കൊപ്പം നിന്ന മറ്റൊരാള്‍ മാധ്യമപ്രവര്‍ത്തകനായ രമേഷ് പുതിയമഠമാണ്. ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തയ്യാറായ ലിപി പബ്ലിക്കേഷന്‍സിനും അതിന്റെ അമരക്കാരന്‍ അക്ബറിനോടുമുള്ള നന്ദിയും അറിയിക്കുന്നു. നെല്‍ക്കതിരോളം സത്യസന്ധമായ ഈ അക്ഷരക്കൂട്ടുകള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചാലും.
എന്ന് സ്വന്തം
കര്‍ഷകശ്രീ കൃഷ്ണപ്രസാദ്
പെരുന്ന, ചങ്ങനാശ്ശേരി
Reviews
There are no reviews yet.