കഥ എഴുതാന്‍ തുടങ്ങുമ്പോള്‍ കരുതുന്നതു പോലെയാകില്ല എഴുതി പൂര്‍ത്തീകരിക്കുമ്പോള്‍ -അതുവരെ ചിന്തിച്ചിട്ടില്ലാത്ത മുഹൂര്‍ത്തങ്ങളും മനുഷ്യരും തീര്‍പ്പുകളും ചുരന്നിറങ്ങുന്ന അനുഭവമാണ് എനിക്ക് കഥാരചന. അതിനാല്‍ എന്റെ കഥയുടെ ആദ്യവായനക്കാരനും ആദ്യ ആസ്വാദകനും ഞാന്‍ തന്നെയാണ്. എഴുതിയതില്‍ നല്ലതെന്നു സ്വയം ഉറപ്പിച്ച പതിനൊന്നു കഥകളാണ് ഈ സമാഹാരത്തില്‍ ചേര്‍ത്തിട്ടുള്ളത്. കലാകൗമുദി, സമകാലിക മലയാളം, ദേശാഭിമാനി വാരിക, കഥ, കേരളകൗമുദി ഓണപ്പതിപ്പ് എന്നീ പ്രസിദ്ധീകരണങ്ങളിലാണ് ഇവ പ്രകാശിപ്പിച്ചത്.
ഡോ. എം.ലീലാവതി ടീച്ചറുടെ അവതാരിക എനിക്കും പുസ്തകത്തിനും കിട്ടിയ വലിയ അനുഗ്രഹം. ശ്രീ. ശിഹാബുദ്ദീന് പൊയ്ത്തുംകടവിന്റെ ആസ്വാദനം, നിറഞ്ഞസ്നേഹം. എന്റെ ഗുരുനാഥന് ഡോ. സുധീര്‍ കിടങ്ങൂരിന്റെ പഠനം, ഗുരുപ്രസാദം.
ഒരു വര്‍ഷം മുമ്പാണ് സുഹൃത്ത് ശ്രീ.കെ. ജി. സന്തോഷ് വഴി ലീലാവതി ടീച്ചര്‍ സമക്ഷം കഥകള്‍ എത്തിച്ചത്. പിന്നീട് എഴുതിയ പേരാള്‍ ഉള്‍പ്പെടെയുള്ള ഈ സമാഹാരത്തിലെ മറ്റ് കഥകള്‍ ടീച്ചറുടെ അക്ഷരാനുഗ്രഹത്തിനായി സമര്‍പ്പിക്കുന്നു.
ഒരുപാട് പേരെ നന്ദിയോടെ ഓര്‍ക്കുന്നു. എസ്. ഭാസുരചന്ദ്രന്, രവീന്ദ്രന് ചെന്നിലോട്, പ്രസാധകന് എ.വി. അക്ബര്‍, വി.ഡി. ശെല്‍വരാജ്, ശശി പരവൂര്‍, ഗായിക ശ്രീമതി ആശാലത, നിസ്സാര്‍ സെയ്ദ്, പി.എന്‍. രജിലാല്‍, ബി.ടി. അനില്‍കുമാര്‍, സജീവ് പാഴൂര്‍, പ്രമോദ് കാരുവള്ളില്‍, എ.വി. തമ്പാന്, ബൈജുഭാസ്കര്, എന്റെ പ്രിയതമ ഷീല അങ്ങനെ നിരവധി പേരുണ്ട്; എഴുതാന്‍ അവസരവും തീവ്രപ്രേരണയും നിര്‍ദ്ദേശങ്ങളും നല്കിയ പ്രിയപ്പെട്ടവരായി.
ഇതെന്റെ ആദ്യ കഥാസമാഹാരമാണ്. ഇതും എന്റെ ജീവിതവും അച്ഛന്റെ ദീപ്തസ്മരണയ്ക്കും അമ്മയുടെ സഹനങ്ങള്‍ക്കും മുന്നില്‍ സമര്‍പ്പിക്കുന്നു.
സ്നേഹത്തോടെ,
സലിന് മാങ്കുഴി
Reviews
There are no reviews yet.