രാമനും ജാനകിയും
(ലേഖനസമാഹാരം)
കെ.കെ.ശ്രീ. പിലിക്കോട്
സ്നേഹം, ത്യാഗം, സത്യസന്ധത, പരോപകാരം ഇവയെല്ലാം ആത്മീയവും രാഷ്ട്രീയവുമായ അടിത്തറയി ലാണ് വേരുറപ്പിക്കേണ്ടത്. പുറംലോകം അനുനിമിഷം മാറുന്നുണ്ടെങ്കിലും അടിസ്ഥാന മൂല്യങ്ങള്‍ക്ക് അന ശ്വരതയുണ്ടെന്ന് കെ.കെ.ശ്രീ. വിശ്വസിക്കുന്നു. കടമയെന്താണ്? ശരിയായ ജീവിതം ഏതാണ്? മനഃശാസ്ത്ര വിശകലനത്തെപ്പോലും സ്വാധീനിക്കുന്ന പാഠപുസ്തകം പോലെയാണ് രാമായണ മഹാകാവ്യമെന്ന് നിരവധി സന്ദര്ഭവിശകലനത്തിലൂടെ കെ.കെ. ശ്രീ. സൂചിപ്പിക്കുന്നു.
പി.കെ. ഗോപി
(അവതാരികയില്‍ നിന്ന്)
സമര്‍പ്പണം
വായനയുടെ, എഴുത്തിന്റെ ലോകത്തിലേക്ക് എന്നെ നയിച്ച എന്റെ പിതാവിന്,
പുസ്തകങ്ങളെ സ്നേഹിക്കാന്‍ പഠിപ്പിച്ച എന്റെ മാതാവിന്,
എല്ലാമെല്ലാമായ എന്റെ ജ്യേഷ്ഠന്,
പ്രചോദനമായ എന്റെ ജീവന്റെ നല്ല പാതിക്ക്,
എന്റെ പൊന്നുമക്കള്‍ക്ക്,
എന്റെ പ്രിയപ്പെട്ടവര്‍ക്ക്,
വായനയുടെ വാതായനം തുറന്ന
പടുവളം സി.ആര്.സി ലൈബ്രറിക്ക്…
ആമുഖം
മനുഷ്യാനുഭവങ്ങളുടെയും ധര്‍മ്മസങ്കടങ്ങളുടെയും അനന്തമായ മഹാസമുദ്രമാണ് രാമായണം. കാലമെത്ര കടന്നുപോയാലും ഓരോ വായനയിലും പുതിയ അര്‍ത്ഥതലങ്ങള്‍ വെളിപ്പെടുത്തുന്ന ഈ ഇതിഹാസത്തെ, വര്‍ത്തമാനകാലത്തിന്റെ കണ്ണിലൂടെ നോക്കിക്കാണാനാണ് ഈ കൃതിയിലൂടെ ഞാന്‍ ശ്രമിച്ചിട്ടുള്ളത്. രാമനും സീതയും എനിക്ക് കേവലം പുരാണകഥാപാത്രങ്ങളല്ല; മറിച്ച് നമ്മുടെ സംസ്കാരത്തിലും ചിന്താധാരകളിലും ആഴത്തില്‍ വേരോടിയ ദാര്‍ശനിക ബിംബങ്ങളാണ്. രാമായണത്തെ അധികരിച്ചുണ്ടായ വിവിധ പഠനങ്ങളും വര്‍ഷങ്ങളായുള്ള എന്റെ മനനങ്ങളുമാണ് ഈ പുസ്തകത്തിലെ ആശയങ്ങള്‍ക്ക് ആധാരം.
സീതയുടെ ആത്മബോധത്തെയും രാമന്റെ ജീവിതത്തിലെ ധര്മ്മസമസ്യകളെയും വിശകലനം ചെയ്യുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ അന്തസ്സത്ത. രാമന്റെയും ജാനകിയുടെയും ജീവിതം കേവലം വ്യക്തിപരമായ കഥയല്ല; മറിച്ച്, അധികാരവും നീതിയും വ്യക്തിസ്വാതന്ത്ര്യവും തമ്മില്‍ നിരന്തരം ഏറ്റുമുട്ടുന്ന ഒരു കാലത്തിന്റെ രൂപകമാണ്. രാമായണം അവസാനിക്കുന്നില്ല; അത് ഓരോ കാലഘട്ടത്തിലും പുതിയ ചോദ്യങ്ങളായി പുനര്‍ജനിച്ചുകൊണ്ടേയിരിക്കുന്നു. ആ ചോദ്യങ്ങള്‍ക്കുള്ള മറുപടിയല്ല, മറിച്ച് ആ ചോദ്യങ്ങളോടുള്ള സത്യസന്ധമായ സംവാദമാണ് ഈ കൃതി.
ഈ പുസ്തകത്തിലെ നിരീക്ഷണങ്ങള്‍ തികച്ചും വ്യക്തിപരമായ വായനയില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്. അതുകൊണ്ടുതന്നെ, ഇതിലെ ആശയങ്ങളോട് വായനക്കാരന് വിയോജിപ്പുകളോ ഭിന്നാഭിപ്രായങ്ങളോ ഉണ്ടായേക്കാം. അത്തരം സര്‍ഗ്ഗാത്മകമായ സംവാദങ്ങളെ ഞാന്‍ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു. രാമായണത്തിന്റെ അനന്തമായ അര്‍ത്ഥതലങ്ങളിലേക്ക് നടത്തുന്ന ഈ എളിയ യാത്ര, സഹൃദയരായ വായനക്കാര്‍ക്ക് പുതിയൊരു ചിന്താവിഷയം നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ പുസ്തകത്തിന്റെ പ്രസാധനം സ്നേഹപൂര്‍വ്വം ഏറ്റെടുത്ത ലിപി പബ്ലിക്കേഷന്‍സ് സാരഥി ശ്രീ. ലിപി അക്ബറിന് ഹൃദയം നിറഞ്ഞ നന്ദി.
ഒത്തിരി സ്നേഹത്തോടെ,
കെ.കെ.ശ്രീ. പിലിക്കോട്
കാവ്യസംസ്കൃതിയുടെ രംഗവൈവിധ്യം
പി.കെ. ഗോപി
ജ്ഞാനം കടല്‍പോലെ ഇളകിമറിയുന്നതും മൗനമുദ്രിതവും ആഴങ്ങളില്‍ അമൂല്യനിധി കാത്തുവയ്ക്കുന്നതും എന്നാല്‍ ഒന്നുമറിയാത്തതുപോലെ തീരങ്ങളെ തഴുകി പിന്‍വാങ്ങുകയും മടങ്ങിവരുകയും ചെയ്യുന്ന അത്ഭുതപ്രതിഭാസമത്രെ! ധര്‍മ്മം ധരയുടെ മര്‍മ്മമായി നിലകൊള്ളുകയും ത്രികാല നിര്‍വ്വചനങ്ങളുടെ അളവുപാത്രങ്ങളില്‍ പാകമായിരിക്കുകയും ചിലപ്പോള്‍ കവിഞ്ഞൊഴുകി കാണപ്പെട്ട എല്ലാറ്റിനെയും നിരാകരിക്കുകയും ചെയ്യുന്ന സത്യമാകുന്നു. സത്യധര്മ്മജ്ഞാനങ്ങളുടെ സംഗമേശ്വരത്തേക്ക് ഒരാള്‍ യാത്ര പോവുകയെന്നത് സര്വ്വധാരണകളെയും ഉടച്ചുവാര്‍ക്കുന്ന അന്വേഷണാത്മക വിവേകത്തിന്റെ അവധൂതവൃത്തിയാണ്. ആത്മബോധത്തിന്റെ നിഷ്കാമകര്മ്മങ്ങളില് വ്യാപൃതനായിരിക്കുമ്പോള് ഒരാള്‍ കൊളുത്തിവയ്ക്കുന്ന ഏകാന്തദീപങ്ങള് ആരുടെയെങ്കിലും ഉള്ളിലെ ഇരുട്ട് മായ്ചുകളഞ്ഞേക്കും. വിശ്വാസിയായും അവിശ്വാസിയായും സന്ദേഹിയായും സന്ദേശവാഹകനായും പ്രബോധകനായും പ്രതിരോധിയായും പ്രത്യക്ഷപ്പെടുകയെന്നത് ധര്മ്മാന്വേഷിയുടെ ചുമതലയാണ്. ആരും പറയാതെയും ആവശ്യപ്പെടാതെയും ഏറ്റെടുത്തിരിക്കുന്ന അന്വേഷണത്തിന്റെ ആത്മഭാരങ്ങള് എങ്ങനെയൊന്നിറക്കിവയ്ക്കും? അതൊരു ചോദ്യവും വെല്ലുവിളിയുമാണ്. സര്‍ഗ്ഗാത്മകതയുടെ അപാര സുന്ദരമായ വിചിത്രലോകങ്ങളിലേക്ക് ചിറകുവിരിച്ചു പറക്കുന്ന ഹംസദൗത്യം ധൈര്യപൂര്‍വ്വം ഏറ്റെടുക്കാന്‍ ചിലര്‍ക്കു കഴിയും. അവരിലൊരാളാണ് കെ.കെ.ശ്രീ. പിലിക്കോട്. ദാര്‍ശനികസമസ്യകളുടെ മഹാപ്രപഞ്ചത്തില്‍ ചിന്തയും മറുചിന്തയും ഉദാത്തനക്ഷത്രങ്ങളുടെ വിമര്‍ശന ഭാഷ പഠിക്കാന്‍ പുറപ്പെടുന്നു. പഠിച്ചിട്ടും പറഞ്ഞിട്ടും തീരാത്ത അയനമണ്ഡലങ്ങളില് സ്വയം കണ്ടെത്തിയ കാര്യങ്ങള്‍ വായനക്കാര്‍ക്കുവേണ്ടി കുറിച്ചിടുന്നു. ‘രാമനും ജാനകിയും’ നിമിത്തമായെന്നു മാത്രം. ചിരപരിചിതമായ പുരാണ നിമിഷങ്ങളെ നിര്‍വ്വചിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ വിജ്ഞാനഘടന രൂപഭാവഭദ്രതയോടെ വാര്ത്തുവയ്ക്കാന് എഴുത്തുകാരനു കഴിയുന്നുണ്ട്. അഭിനന്ദനങ്ങള്‍.
ജനനം, മരണം, ജീവിതം, പ്രകൃതി, ജ്ഞാനം, കര്‍മ്മം, ലക്ഷ്യം… എന്തെല്ലാം വിഷയങ്ങളാണ് മാനുഷികമൂല്യം മുന്‍നിര്‍ത്തി ആലോചനയാരംഭിക്കുന്ന ഒരാള്‍ക്ക് ഏറ്റെടുക്കേണ്ടിവരുന്നത്! രാമരാജ്യം, രാമദൈവം, രാമപുരുഷോത്തമന് ഇവയ്ക്കെല്ലാമപ്പുറത്താണ് രാമകാവ്യത്തിന്റെ ചിരന്തനമായ മഹാപ്രവാഹം. വാല്മീകി രാമായണവും തുളസീദാസരാമായണവും അദ്ധ്യാത്മരാമായണവും കമ്പരാമായാണവും സുന്ദരരാമായണവും കൃതിവാസ രാമായാണവുമെല്ലാം വായിച്ചു കഴിഞ്ഞാലും കാലത്തിന്റെ പുനര്‍വായന ഇതിഹാസങ്ങളുടെ ഋഷിമാനസം ബാക്കി വച്ചിട്ടുണ്ടാവും. നിരൂപണാത്മകമായ ജീവിതസന്ദര്ഭങ്ങളുടെ ഉള്ളര്ത്ഥങ്ങള്ക്ക് വീണ്ടും വിചാരണ നേരിടേണ്ടി വരും. രാജധര്‍മ്മവും ഭരണനീതിയും ആദര്ശത്തുലാസില് ഉയര്‍ന്നു താഴും. അധികാരവും ആത്മദുഃഖവും അഗ്നിയില്‍ എരിഞ്ഞുനീറും. നിയതിയുടെ നിലയ്ക്കാത്ത നിഷേധരംഗങ്ങളും വഞ്ചനയുടെ നിര്ഭാഗ്യവിജയവും പ്രജാവാത്സല്യത്തിന്റെ പളുങ്കുകുമിളകള് തച്ചുടയ്ക്കും. കൊട്ടാരവാസവും വനവാസവും അപ്രതീക്ഷിതമായ ശിക്ഷാവിധികളാവും. വര്‍ണ്ണാശ്രമധര്‍മ്മവും മാനുഷികാവകാശങ്ങളും കഠിനമായി ഏറ്റുമുട്ടും. സത്യത്തിന്റെ ഗദ്ഗദം അകത്തളത്തിലാരുമറിയാതെ കണ്ണീര് തൂവി മറ്റുള്ളവര്‍ക്കുവേണ്ടി മന്ദഹസിക്കും. ആത്മീയമായ ഔന്നത്യത്തിന്റെ കൊടുമുടിയില്‍ ഗര്‍വ്വിന്റെ ഇരുതലമൂര്‍ച്ചയുള്ള ശിക്ഷായുധം ഉയര്‍ന്നുതാഴും. പരിത്യാഗവും നിശ്ശബ്ദവേദനയും കരുണയുടെ സിരാവിപഞ്ചിയില് ജ്ഞാനസംഗീതമായി പെയ്തുനിറയും. ഭൂതപഞ്ചമങ്ങളുടെ ഒത്തൊരുമയും വേര്‍പിരിയലും സംഭവപരമ്പരയെ സ്ഫോടനാത്മകമാക്കും!
കെ.കെ.ശ്രീയുടെ തൂലിക ഏതെല്ലാം മേഖലയില്‍ സഞ്ചരിക്കുന്നുവെന്നത് വായനക്കാരനെന്ന നിലയില്‍ എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു. പരസ്പരവിരോധികളായ വ്യക്തിത്വങ്ങളുടെ സംഘര്‍ഷഭൂവില്‍ ഉജ്ജ്വലമായ ധര്‍മ്മനീതിയുടെ സൂര്യപ്രകാശം സത്യസന്ധമായി ഉദിപ്പിക്കുകയാണ് എഴുത്തുകാരന്റെ ലക്ഷ്യം. കണ്ണാടിയിലും കണ്ണാടിക്കപ്പുറവും പ്രതിഫലനങ്ങളുണ്ടാവാം.
ഇന്നത്തെ തലമുറ രാമായണ മഹാകാവ്യത്തെ മതപരമായ പരിധിയില്പെടുത്താതെ ദാര്‍ശനിക ഗ്രന്ഥമായി വായിക്കണമെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. സ്നേഹം, ത്യാഗം, സത്യസന്ധത, പരോപകാരം ഇവയെല്ലാം ആത്മീയവും രാഷ്ട്രീയവുമായ അടിത്തറയിലാണ് വേരുറപ്പിക്കേണ്ടത്. പുറംലോകം അനുനിമിഷം മാറുന്നുണ്ടെങ്കിലും അടിസ്ഥാനമൂല്യങ്ങള്‍ക്ക് അനശ്വരതയുണ്ടെന്ന് കെ.കെ.ശ്രീ. വിശ്വസിക്കുന്നു. കടമയെന്താണ്? ശരിയായ ജീവിതം ഏതാണ്? മനഃശാസ്ത്രവിശകലനത്തെപ്പോലും സ്വാധീനിക്കുന്ന പാഠപുസ്തകം പോലെയാണ് രാമായണമഹാകാവ്യമെന്ന് നിരവധി സന്ദര്ഭവിശകലനത്തിലൂടെ കെ.കെ.ശ്രീ. സൂചിപ്പിക്കുന്നു.
ശക്തിയും കാരുണ്യവും സഹനവും ആത്മാഭിമാനവും ഒത്തുചേര്‍ന്ന കഥാപാത്രസൃഷ്ടിയുടെ പവിത്രപുരാതനമായ തൂലികയ്ക്ക് പുഷ്പാര്‍ച്ചന ചെയ്യാതെ കാലാതിവര്‍ത്തിയായ സാഹിത്യചിന്തയില്ലെന്ന് ഏതൊരാള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ എഴുതുന്നുവോ, അദ്ദേഹത്തെ മാനിക്കാന്‍ എന്തിനു മടിക്കണം? ഭൂമിപുത്രിയുടെ നിലയ്ക്കാത്ത നിലവിളി കാതോര്‍ത്തു കേള്‍ക്കുന്ന ബോധേന്ദ്രിയത്തിന്റെ അന്തഃസത്ത കടയുന്ന സംവാദങ്ങള്‍ക്ക് ഇനിയുമിനിയും സാധ്യതയുണ്ട്. അതാണ് മഹാകാവ്യമഹത്ത്വം. മഹാസമുദ്രം അലയടിച്ചു കൊണ്ടിരിക്കുമ്പോള്‍, ആവതുപോലെ കോരിയെടുക്കുന്ന ചിരട്ടപ്പാത്രത്തിലും ഊതിയൂതി ഓളങ്ങളുണ്ടാക്കാം. കേവലമനുഷ്യന്റെ ശ്രദ്ധേന്ദ്രിയങ്ങള്ക്ക് സ്വാതന്ത്ര്യം കല്പിച്ചുതരുന്ന കാവ്യാത്മകതയുടെ മനനധാരകള് നിറഞ്ഞുകവിയട്ടെ. ചോദ്യോത്തരങ്ങളുടെ ധ്വനിവികാസം കെ.കെ.ശ്രീയുടെ നിരീക്ഷണങ്ങള്‍ക്ക് പ്രസക്തിയും പ്രചാരവും നല്കട്ടെ. വായനയുടെ അനേകം ജാലകങ്ങളില്‍ പ്രത്യക്ഷപ്പെട്ടേക്കാവുന്ന സംസ്കൃതിയുടെ മനോഹരബിംബങ്ങള്‍ ആശയവൈവിധ്യങ്ങളാല് അനുഗ്രഹമായി ഭവിക്കുമെന്നു പ്രതീക്ഷിക്കുന്നു. ആശംസകളോടെ, നന്മയും സ്നേഹവും അറിയിക്കുന്നു.
20.06.2026
കോഴിക്കോട്













Reviews
There are no reviews yet.