ഒരു മലയാള സാഹിത്യകാരനാണ് കെ.വി. മോഹൻകുമാർ.എട്ട് നോവലുകളും പത്ത് കഥാസമാഹാരവും ഉൾപ്പെടെ 30 പുസ്തകങ്ങൾ രചിച്ചു. ‘ഉഷ്‌ണരാശി’ എന്ന കൃതിക്ക് 2018-ലെ വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും ഉൾപ്പെടെ ഇരുപതോളം പുരസ്കാരങ്ങൾ ലഭിച്ചു.
ആലപ്പുഴ പട്ടണത്തിൽ കെ.വേലായുധൻപിളളയുടെയും ലക്ഷ്‌മിക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു. എട്ടാം വയസ്സിൽ അച്ഛന്റെ മരണത്തെ തുടർന്ന് അമ്മയുടെ നാടായ ചേർത്തല തെക്ക് ഗ്രാമത്തിലേക്ക് താമസം മാറി.[1] കേരളകൗമുദിയിലും മലയാള മനോരമയിലുമായി 12 വർഷം പത്രപ്രവർത്തകനായിരുന്നു. പിന്നീട് (1993)ഡെപ്യൂട്ടി കലക്‌ടറായി സംസ്‌ഥാന സിവിൽ (എക്‌സിക്യൂട്ടീവ്) സർവീസിൽ ചേർന്നു. 2004 ൽ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട്ടും കോഴിക്കോട്ടും കളക്ടറായിരുന്നു. പാലക്കാട്ട് ജില്ലാ കലക്ടറായിരിക്കെ 2011ലെ ദേശീയ സെൻസസ് മികവുറ്റ രീതിയിൽ നടപ്പാക്കിയതിനു വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പ്രശംസാപത്രവും വെള്ളിപ്പതക്കവും ലഭിച്ചു.
2010-ൽ ശിവൻ സംവിധാനംചെയ്ത് ദേശീയ അവാർഡ് നേടിയ ‘കേശു’ എന്ന കുട്ടികളുടെ സിനിമയ്ക്ക് തിരക്കഥയെഴുതി. ആദ്യനോവലായ ‘ശ്രാദ്ധശേഷം’ ‘മഴനീർത്തുള്ളികൾ’ എന്നപേരിൽ വി.കെ. പ്രകാശ് സിനിമയാക്കി. ‘ക്ലിന്റ് ‘എന്ന ചിത്രത്തിനും തിരക്കഥയെഴുതി.
അടൂർ ,കൊല്ലം ,തിരുവനന്തപുരം എന്നിവിടങ്ങളിൽ ആർ ഡി ഒ ആയിരുന്നു. കേരള സംസ്ഥാന ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് സെക്രട്ടറി, കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി, ബേക്കൽ റിസോർട്സ് ഡെവലപ്മെൻറ് കോർപറേഷൻ, ടൂറിസ്റ്റ് റിസോർട്സ് കേരള ലിമിറ്റഡ് എന്നീ പൊതുമേഖല കമ്പനികളുടെ മാനേജിങ് ഡയറക്ടർ, സുനാമി പുനരധിവാസ പരിപാടി ഡയറക്ടർ (ഓപറേഷൻസ്), നോർക ഡയറക്ടർ, നോർക റൂട്ട്സ് സി.ഇ.ഒ,ഗ്രാമ വികസന കമ്മീഷണർ , ഹയർ സെക്കണ്ടറി ഡയറക്ടർ , പൊതു വിദ്യാഭ്യാസ ഡയറക്ടർ,പൊതു വിദ്യാഭ്യാസ സ്‌പെഷൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു .
ഇപ്പോൾ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ ആണ്. ടോക്യോ ആസ്ഥാനമായുള്ള ഓയിസ്ക ഇന്റർ നാഷണലിന്റെ ദക്ഷിണേന്ത്യ പ്രസിഡന്റ് ആയും പ്രവർത്തിച്ചു വരുന്നു .[2]
ഭാര്യ രാജലക്ഷ്മിയും ലക്ഷ്മി, ആര്യ എന്നിവർ മക്കളുമാണ്.
Reviews
There are no reviews yet.