Strobilanthes – Dr. P.P. Venugopal

(1 customer review)

170.00

Book : Strobilanthes  
Author: Dr. P.P. Venugopal
Category : Stories
ISBN : 9788188028993
Binding : Normal
Publishing Date : October 2022
Publisher : Lipi Publications
Edition : Second
Number of pages : 96
Language : Malayalam

170.00

Add to cart
Buy Now
Categories: , ,

സ്‌ട്രോബിലാന്തസ്

(കഥകള്‍)
ഡോ. പി.പി. വേണുഗോപാല്‍

നൊമ്പരം നിറഞ്ഞ മനസ്സുമായി നടക്കുന്നവരാണ് മനുഷ്യസ്‌നേഹികളായ ഭിഷഗ്വരന്മാര്‍. അവരുടെ ആ വേദനയും നൊമ്പരവും ചിലപ്പോള്‍ ഉള്ളിലൊതുങ്ങാതെ വാക്കും വരയും വര്‍ണവും നാദവുമൊക്കെയായി പുറത്ത് ചാടും. അത് മനോഹരമായ കലാസൃഷ്ടിയായിത്തീരുകയും ചെയ്യും. ഡോ. പി.പി. വേണുഗോപാല്‍ എന്ന മനുഷ്യസ്‌നേഹിയായ ഭിഷഗ്വരന്റെ കഥകള്‍ അതിന് ഏറ്റവും ഉചിതമായ ഉദാഹരണങ്ങളാണ്. ഉള്ളിലെരിയുന്ന തീക്കനലലില്‍നിന്ന് ഊതിക്കാച്ചിയവയാണ് ഈ കഥകള്‍. ഈ സമാഹാരത്തിലെ കഥകളത്രയും ആശുപത്രിയുടെ പശ്ചാത്തലത്തിലുള്ളതാണ്. കഥാകാരന്‍ ഭിഷഗ്വരന്‍ ആയതിനാല്‍ സ്വാഭാവികമായി സംഭവിച്ചതല്ല അത്. അദ്ദേഹത്തിന്‍രെ ഹൃദയഭിത്തികളെ കീറിമുറിച്ചുകൊണ്ട് അകത്തേക്ക് ഇടിച്ചുകയറുന്ന വേദനകളും രോധനങ്ങളും ദൂരിതങ്ങളുമൊക്കെയാണ് അദ്ദേഹം പോലുമറിയാതെ കഥയായിരൂപപ്പെടുന്നത്.

അവതാരിക: എ. സജീവന്‍

ആഴ്ന്നിറങ്ങുന്ന ആത്മനൊമ്പരങ്ങള്‍
എ. സജീവന്‍
ഒരു സുഹൃത്തു പറഞ്ഞ അനുഭവകഥയാണ്, മനുഷ്യത്വമുള്ളതിന്റെ പേരില്‍ മാസങ്ങളോളം മാനസികപിരിമുറുക്കം അനുഭവിക്കേണ്ടിവന്ന ഒരു ഡോക്ടറുടെ അനുഭവം. നവജാതശിശു പരിചരണത്തിലും ചികിത്സയിലും പ്രാവീണ്യം നേടിയ ഭിഷഗ്വരന്‍. സ്വജീവിതത്തിലെ തിരക്കുകളെല്ലാം മാറ്റിവച്ച് എന്‍.ഐ.സി.യുവിനെ ലോകമാക്കിമാറ്റിയ കര്‍മനിരതന്‍.
ഒരിക്കല്‍ മാസംതികയാതെ പിറന്ന കുഞ്ഞിനെ ഇന്‍ക്യുബേറ്ററിലാക്കി. കുഞ്ഞിന്റെ മാതാപിതാക്കളേക്കാള്‍ വേവലാതിയോടെ ഡോക്ടര്‍ അവിടെ നിന്നു. ഇടയ്ക്ക് മാറ്റിവയ്ക്കാന്‍ പാടില്ലാത്ത ഒരു കുടുംബക്കാര്യത്തിനായി പുറത്തുപോകേണ്ടിവന്നു. കുഞ്ഞിന്റെ കാര്യത്തില്‍ പേടിക്കാനൊന്നുമില്ല എന്ന് ഉറപ്പുവരുത്തി നഴ്‌സിനെ കാര്യങ്ങളെല്ലാം ഏല്‍പ്പിച്ചാണു പോയത്.
തിരികെ വന്നപ്പോള്‍ കുഞ്ഞു മരിച്ചിരിക്കുന്നു. ഇന്‍ക്യുബേറ്ററിന്റെ തകരാറായിരുന്നു കാരണം. ഇതിനിടയില്‍, യാഥാര്‍ത്ഥ്യം മറച്ചുവച്ച് ആശുപത്രി അധികാരികള്‍ കുഞ്ഞിന്റെ മാതാപിതാക്കളെയും മറ്റും മറ്റു രൂപത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി സമാധാനിപ്പിച്ച് ഒതുക്കിയിരുന്നു. പ്രായം തികയാത്ത പ്രസവമായതിനാല്‍ ജീവന്‍ നിലനിര്‍ത്താനുള്ള തങ്ങളുടെ പരമാവധി ശ്രമവും പരാജയപ്പെട്ടുവെന്നായിരുന്നു ന്യായീകരണം. തിരിച്ചൊരു ന്യായം പറയാനില്ലാത്തിനാല്‍ വീട്ടുകാര്‍ കുഞ്ഞിന്റെ മൃതദേഹവുമായി പോയി.
പക്ഷേ, അത് മനുഷ്യസ്‌നേഹിയായ ആ ഡോക്ടറുടെ മനസ്സിനെ കീറിമുറിക്കുന്നതായിരുന്നു. കുഞ്ഞിന്റെ മരണം സ്വാഭാവികമല്ല എന്നും ആശുപത്രി ഉപകരണത്തിന്റെ തകരാറും പരിചരിച്ച നഴ്‌സിന്റെ അശ്രദ്ധയുമാണെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. അതൊരു കൊലപാതകമാണെന്നും നിയോനാറ്റല്‍ ക്ലിനിക്കിന്റെ ചുമതലക്കാരനായ താനും ആ കൊലപാതകത്തില്‍ പങ്കാളിയാണെന്നും അദ്ദേഹത്തിന്റെ മനസ്സു കുറ്റപ്പെടുത്തി.
‘എനിക്കു സഹിക്കാനാവുന്നില്ല. എന്റെ മുന്നില്‍ രണ്ടു മാര്‍ഗങ്ങളേയുള്ളു. ഒന്നുകില്‍ ജോലി രാജിവച്ചു പോകുക. അല്ലെങ്കില്‍ ഏതെങ്കിലും ലഹരിയില്‍ മനസ്സിനെ തളച്ചിടുക. എന്നാലും, ഈ ഭീകരമായ കുറ്റബോധം വേട്ടയാടുന്നതില്‍ നിന്നു രക്ഷപ്പെടാനാകുമെന്നു തോന്നുന്നില്ല. ഈ വേദനയെല്ലാം കടലാസ്സില്‍ പകര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇത്തിരി ആശ്വാസം ലഭിക്കുമായിരുന്നു.’ ആ ഡോക്ടര്‍ എന്റെ സുഹൃത്തിനോട് പറഞ്ഞത് അങ്ങനെയായിരുന്നു.
ഇത്രയും വിവരിച്ചത് മനുഷ്യസ്‌നേഹികളായ ഡോക്ടര്‍മാര്‍ അനുഭവിക്കുന്ന തൊഴില്‍പരമായ മാനസികസംഘര്‍ഷങ്ങളെക്കുറിച്ചു പറയാനാണ്. എല്ലാ തൊഴിലും മാനസിക പിരിമുറുക്കത്തിനു ഹേതുവാണെന്നു പറയാറുണ്ട്. അതു ശരിയുമാണ്. എന്നാല്‍, മറ്റു തൊഴിലുകള്‍ക്കില്ലാത്ത പിരിമുറുക്കം അനുഭവിക്കേണ്ടവരാണ് ഡോക്ടര്‍മാര്‍. അവര്‍ നേരിടുന്നത് ജീവിതത്തിനും മരണത്തിനും ഇടയില്‍ തൂങ്ങിയാടുന്ന മനുഷ്യജീവിതങ്ങളെയാണ്. ദിവസങ്ങളും ആഴ്ചകളും മാത്രം ആയുസ്സ് ബാക്കിയുള്ളുവെന്ന് ഉറപ്പുള്ള രോഗിയോടുപോലും നൂറുവയസ്സുവരെ ജീവിക്കുമെന്നു തോളില്‍ത്തട്ടി പറയാന്‍ വിധിക്കപ്പെട്ടവരാണ് ഭിഷഗ്വരന്മാര്‍.
മനുഷ്യസ്‌നേഹികളായ ഡോക്ടര്‍മാര്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷം എന്നു നേരത്തേ പറഞ്ഞു. അതു പറയാന്‍ കാരണമുണ്ട്. ചില ഡോക്ടര്‍മാര്‍ ചികിത്സാകച്ചവടത്തിന്റെ ഭാഗമായി അറിയാതെ മാറിപ്പോകും. അവരെ സംബന്ധിച്ചിടത്തോളം രോഗവും ചികിത്സയും മരണവുമെല്ലാം യാന്ത്രികമായിരിക്കും, അനിവാര്യമായ സംഭവങ്ങള്‍. ജാരസന്ധതിയെ പിറവിയുടെ ആദ്യമാത്രകളില്‍ത്തന്നെ നശിപ്പിക്കുന്നതും ചികിത്സാപ്പിഴവിലൂടെ സംഭവിക്കുന്ന മരണങ്ങള്‍ മൂടിവയ്ക്കുന്നതുമെല്ലാം അവര്‍ക്കു തൊഴിലിലെ അച്ചടക്കത്തിന്റെ ഭാഗം മാത്രമായിരിക്കും.
അതല്ലാതെ, സമൂഹത്തിലെ സാധാരണമനുഷ്യരുടെ മനസ്സുമായി ആതുരസേവനം നടത്തുന്ന ഭിഷഗ്വരന്മാരുണ്ട്. അവര്‍ നല്‍കുന്ന മരുന്നുകളേക്കാള്‍ ഫലപ്രദം അവരുടെ വാക്കുളിലെയും പെരുമാറ്റത്തിലെയും സാന്ത്വനമായിരിക്കും. അത്തരം ഡോക്ടര്‍മാര്‍ക്ക് രോഗികളുടെ വേദനയും വിഹ്വലതകളും സ്വന്തം മനസ്സിനെ മഥിക്കുന്നതായിരിക്കും. രോഗിയുടെ നേരേയുണ്ടാകുന്ന ചതിയും കള്ളത്തരങ്ങളും കാരുണ്യമില്ലായ്മയുമെല്ലാം മുറിവേല്‍പ്പിക്കുന്നത് അവരുടെ മനസ്സിനെയായിരിക്കും. 
ഇങ്ങനെ നൊമ്പരം നിറഞ്ഞ മനസ്സുമായി നടക്കുന്നവരാണ് മനുഷ്യസ്‌നേഹികളായ ഭിഷഗ്വരന്മാര്‍. അവരുടെ ആ വേദനയും നൊമ്പരവും ചിലപ്പോള്‍ ഉള്ളിലൊതുങ്ങാതെ വാക്കും വരയും വര്‍ണവും നാദവുമൊക്കെയായി പുറത്തുചാടും. അത് മനോഹരമായ കലാസൃഷ്ടിയായിത്തീരുകയും ചെയ്യും. ഡോ. പി.പി വേണുഗോപാല്‍ എന്ന മനുഷ്യസ്‌നേഹിയായ ഭിഷഗ്വരന്റെ കഥകള്‍ അതിന് ഏറ്റവും ഉചിതമായ ഉദാഹരണങ്ങളാണ്. ഉള്ളിലെരിയുന്ന തീക്കനലില്‍ നിന്ന് ഊതിക്കാച്ചിയവയാണ് ഈ കഥകള്‍.
‘പോസ്ച്യുമസ്്‌ലി യുവേഴ്‌സ്- കെ.എ സമീര്‍’  എന്ന കഥയിലേയ്ക്ക് ആദ്യം പോകാം. അതിന് ആധാരമായ യഥാര്‍ത്ഥസംഭവത്തിനു സാക്ഷികളും പങ്കാളികളുമായവരുടെ മനസ്സില്‍ ഏറെ വിക്ഷോഭമുണ്ടാക്കുന്നതാണ് ആ കഥ. അത്തരമൊരു യാഥാര്‍ത്ഥ്യത്തിന്റെ പശ്ചാത്തലം മനസ്സിലില്ലാത്തവരെയും ഏറെ നൊമ്പരപ്പെടുത്തും അതിന്റെ ആഖ്യാനഭംഗി.
കാപട്യങ്ങളില്ലാത്ത സൗഹൃദങ്ങളെയും ബന്ധങ്ങളെയും വിലമതിച്ച കലാകാരന്‍. ഒരു മേജര്‍ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന്റെ തലേന്നും അദ്ദേഹം ആഗ്രഹിക്കുന്നത് തനിക്ക് ഏറെ പ്രിയപ്പെട്ട സുഹൃത്തുമായി അത്താഴം കഴിക്കുന്നതിലാണ്. ആരോഗ്യപൂര്‍ണമായ ജീവിതത്തിലേയ്ക്കു തിരിച്ചുവരണമെന്ന് അതിയായി കൊതിക്കുന്ന ആ വേളയിലും അദ്ദേഹം ആശങ്കപ്പെടുന്നത് താന്‍ ഇല്ലാതായാല്‍ അനാഥരായിപ്പോകുന്ന രണ്ടാംഭാര്യയുടെയും മകന്റെയും അവസ്ഥയോര്‍ത്താണ്.
ശസ്ത്രക്രിയ ഭംഗിയായ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കുന്നുവെന്നു തോന്നിയ ഘട്ടത്തിലാണ് അദ്ദേഹം തന്നെ ഭയന്നപോലെ മരണം ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നെത്തുന്നത്. അപ്പോള്‍ സംഭവിക്കുന്നതാകട്ടെ, ആ മനുഷ്യസ്‌നേഹി ഒരിക്കലും തന്റെ ജീവിതത്തില്‍ ഉണ്ടാകരുതെന്ന് ആഗ്രഹിച്ച കാര്യങ്ങള്‍ തന്നെ. നഗരത്തില്‍ നടക്കുന്ന താരകലാപരിപാടിയുടെ അവിഘ്‌നമായ പരിസമാപ്തിക്കുവേണ്ടി ഏതോ പെരുവഴിയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കാത്തുകിടന്നു. അദ്ദേഹം ആരെക്കുറിച്ചാണോ ഏറ്റവും വേവലാതിപ്പെട്ടത് ആ രണ്ടാംഭാര്യയും മകനും വേര്‍പാടിനെക്കുറിച്ച് ഒന്നുമറിയാത്ത അവസ്ഥയിലായിരുന്നു.
മറ്റുള്ളവരുടെ അന്ത്യയാത്രകളെ ഏറ്റവും സമുചിതമാക്കി മാറ്റാന്‍ മുന്നില്‍നിന്ന ആ നല്ല മനുഷ്യന്റെ അന്ത്യയാത്ര ഏറെ അപഹാസ്യമാക്കുകയായിരുന്നു അവസാനം കാര്യക്കാരായി വന്നവര്‍. സമീറിന്റെ നല്ല സുഹൃത്തുക്കള്‍ക്കെല്ലാം വേദനയോടെ ആ രംഗത്തിനു സാക്ഷികളായി മാറേണ്ടിവന്നു.
ഇത്തരത്തില്‍ സമൂഹത്തിന്റെ കപടമുഖമൂടി പിച്ചിച്ചീന്തുകയാണ് ഈ ഹൃദയത്തെ നൊമ്പരപ്പെടുത്തുന്ന ഈ കഥ. അതേസമയം, എഴുത്തുകാരന്‍ അറിയാതെ അദ്ദേഹത്തിലെ മനുഷ്യസ്‌നേഹിയായ ഭിഷഗ്വരന്റെ നൊമ്പരം പുറത്തുചാടുന്നുണ്ട്. അത് സമീറിന്റെ മരണം, ആശുപത്രിയിലെ ബന്ധപ്പെട്ട ഡോക്ടര്‍മാരുടെ വീഴ്ചയിലൂടെ സംഭവിച്ചതാണെന്ന പറയാതെ പറയലാണ്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ സമീര്‍ മരിച്ചത് അദ്ദേഹത്തിന്റെ ശരീരം പുതിയ കരളിനെ സ്വീകരിക്കാന്‍ വിമുഖത കാണിച്ചതിനാലാണെന്ന ഭാഷ്യമാണ് അധികൃതര്‍ നല്‍കുന്നത്. 
എന്നാല്‍, അവര്‍ അതീവരഹസ്യമാക്കി വച്ച ഡെങ്കു ഫീവര്‍ ബാധയുടെ കാര്യം ഞെട്ടിപ്പിക്കുന്ന രഹസ്യമായി ഇതിലെ കഥാപാത്രം കൂടിയായ എഴുത്തുകാരന്റെ ചെവിയിലെത്തുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ സമീറിന്റെ മരണം കൊലപാതകത്തിന്റെ തലത്തിലെത്തുന്നു. ആശുപത്രികളില്‍, പ്രത്യേകിച്ചു പല മരണങ്ങളും സത്യത്തില്‍,  രോഗം മൂര്‍ച്ഛിച്ചു സ്വാഭാവികമായി സംഭവിക്കുന്നതല്ല എന്ന ദാരുണമായ സത്യം മനസ്സില്‍ ദഹിപ്പിച്ചു തീരാതെ ഉള്ളുരുകി നില്‍ക്കുന്ന സത്യസന്ധനായ ഭിഷഗ്വരന്റെ വികാരബഹിര്‍സ്ഫുരണം കൂടിയാണ് ഈ കഥ.
ഈ സമാഹാരത്തിലെ കഥകളത്രയും ആശുപത്രിയുടെ പശ്ചാത്തലത്തിലുള്ളതാണ്. കഥകാരന്‍ ഭിഷഗ്വരനായതിനാല്‍ സ്വാഭാവികമായി സംഭവിച്ചതല്ല അത്. കാരണം, ഡോ. പി.പി. വേണുഗോപാലിനെപ്പോലെ മറ്റു സാമൂഹ്യപ്രശ്‌നങ്ങളിലും ഇടപെടുകയും എല്ലാ മേഖലയിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് ആശുപത്രി അന്തരീക്ഷം തന്നെ വേണ്ട കഥയ്ക്കു ബീജം കണ്ടെത്താന്‍. പക്ഷേ, മറ്റു മേഖലകളെയെല്ലാം മറന്നും കഥാകാരന്‍ ആശുപത്രിയുടെയും അതില്‍ കഴിയുന്ന രോഗികളുടെയും അവരെ പരിചരിക്കുന്ന ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റും മനസ്സിന്റെ അഗാധത തേടിപ്പോകുന്നതിനു പിന്നില്‍ ഒരു യാഥാര്‍ത്ഥ്യമുണ്ട്. ഇവിടെ കഥ തേടി അലയുന്ന എഴുത്തുകാരനല്ല ഡോ. വേണുഗോപാല്‍. അദ്ദേഹത്തിന്റെ ഹൃദയഭിത്തികളെ കീറിമുറിച്ചുകൊണ്ട് അകത്തേയ്ക്ക് ഇടിച്ചുകയറുന്ന വേദനകളും രോദനങ്ങളും ദുരിതങ്ങളുമൊക്കെയാണ് അദ്ദേഹം പോലുമറിയാതെ കഥയായി രൂപപ്പെടുന്നത്.
അതിന് ഏറ്റവും ശക്തമായ ഉദാഹരണമാണ് സ്‌ട്രോബിലാന്തസ് എന്ന കഥ. നീലക്കുറിഞ്ഞിപോലെ അസാമാന്യമായി സൗന്ദര്യമുള്ള ഒരു പെണ്‍കുട്ടി. പഠനത്തിലും പാഠ്യേതരവിഷയത്തിലും ഏറെ പ്രതിഭ തെളിയിച്ചവള്‍… നഴ്‌സിങ് പഠിക്കാനായി ഒരു സ്വാശ്രയസ്ഥാപനത്തിലെത്തുന്ന ആ പെണ്‍കുട്ടി ദുരനുഭവങ്ങളുടെ അഴുക്കുചാലുകളിലൂടെ പിടിച്ചുവലിക്കപ്പെട്ട് ഒടുവില്‍ ഗര്‍ഭിണിയാക്കപ്പെടുന്നു. തന്നെ നശിപ്പിച്ചവരോടുള്ള പകയായി ചോരക്കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്നു.
ഇങ്ങനെ ലളിതമായി ഈ കഥ ചുരുക്കിപ്പറഞ്ഞാല്‍ ഡോ. വേണുഗോപാല്‍ എഴുതിയ സ്‌ട്രോബിലാന്തസ് എന്ന അതിമനോഹരമായ കഥയുടെ വികാരതീവ്രത അനുഭവപ്പെടുത്താന്‍ കഴിയില്ല. സീതാലക്ഷ്മിയുടെ കേസില്‍ വിധിയെഴുതാന്‍ വിധിക്കപ്പെട്ട ന്യായാധിപന്റെ മാനസിക പിരിമുറുക്കത്തോടെ മാത്രമേ ഈ കഥ വായിച്ചുതീര്‍ക്കാന്‍ കഴിയൂ. ഈ കഥയിലും വരുന്നുണ്ട് ആശുപത്രിയിലെ കുടിലമായ കച്ചവടതന്ത്രങ്ങള്‍. അവിഹിതഗര്‍ഭം പുറംലോകമറിയാതെ അലസിപ്പിക്കുന്നതിന്റെയും ചോരക്കുഞ്ഞിനെ വെള്ളം നിറച്ച ബക്കറ്റിലിട്ടു കൊല്ലുന്നതിന്റെയും ബീഭത്സമായ കാഴ്ചകള്‍. നേരത്തെ പറഞ്ഞ മനുഷ്യസ്‌നേഹിയായ ഭിഷഗ്വരന്റെ കണ്ണുകള്‍ അറിയാതെ കാണുന്നതും ഓര്‍ക്കാതെ അവതരിപ്പിക്കുന്നതാണ് അവ.
സന്താനഗോപാലം, പുത്രകാമേഷ്ടി, അതു നിങ്ങളുടെ കുറ്റമാണ്, മുഖാമുഖം തുടങ്ങി ഈ സമാഹാരത്തിലെ എല്ലാ കഥകളും വിശദമായ ആസ്വാദനം അര്‍ഹിക്കുന്നതാണ്. ഓരോ കഥയും ആസ്വാദ്യങ്ങളെന്നല്ല, ആസ്വാദകന്റെ മനസ്സിന്റെ ഭിത്തികളെ മാന്തിപ്പറിയ്ക്കുന്നവയുമാണ്. വായിച്ചു തുടങ്ങുമ്പോഴത്തെ മാനസികാവസ്ഥയിലായിരിക്കില്ല വായിച്ചു തീര്‍ക്കല്‍. അതുതന്നെയാണ് ഒരു സാഹിത്യസൃഷ്ടിയുടെ വിജയം.
പതിറ്റാണ്ടുകള്‍ക്കു മുമ്പ് ലബ്ധപ്രതിഷ്ഠരായ കഥാകാരന്മാരുടെയിടയില്‍ സ്ഥാനം കിട്ടാതിരുന്ന എന്‍.എസ്. മാധവന്‍ എന്ന അക്കാലത്തെ എഴുത്തുകാരന്റെ കഥാസമാഹാരം വായനക്കാരുടെ മുന്നില്‍ അവതരിപ്പിച്ചത് പ്രിയസുഹൃത്തും പത്രപ്രവര്‍ത്തകനുമായ വി.വി വേണുഗോപാലായിരുന്നു. പില്‍ക്കാലത്ത്, എന്‍.എസ്. മാധവന്‍ മലയാളകഥാലോകത്തെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരനായി മാറി. ഇന്ന് പ്രിയസുഹൃത്തായ ഡോ. പി.പി വേണുഗോപാലിന്റെ കഥാപുസ്തകത്തിന് ആമുഖക്കുറിപ്പെഴുതുമ്പോള്‍ എന്റെ മനസ്സ് ആഗ്രഹിക്കുന്നത് ഭാവിയിലെ ഏറ്റവും ശ്രദ്ധേയനായ കഥയെഴുത്തുകാരുടെ പട്ടികയില്‍ ഈ പേരുണ്ടായിരിക്കണമേ എന്നാണ്.

 

Brand

Dr. P.P. Venugopal

Dr. Venugopal P.P. Born at Elakulam Cherukara in Malappuram district. Father Velayudhan. Mother Janaki. He is the grandson of the renowned Architect, Keshavan Achari of Poovathum Parambil. He received his primary education at Pattambi Sanskrit College. After obtaining a degree in medicine from Kozhikode Medical College and a postgraduate degree in Anesthesiology, he earned a master's degree in Emergency Medicine from the prestigious George Washington University in the USA. He played a pivotal role in establishing and elevating the Emergency Medicine system in Kerala to international standards, receiving numerous national and international awards including the Rajiv Gandhi Life Saving Award, AIIMS Entrepreneurship Award, and E.M.S. Asia Award. He is the co-founder of the Angels project, which ensures social participation in the life-saving sector. He has made numerous contributions to contemporary and new media for societal development and is a prominent presence in the cultural landscape of Kozhikode. He was the master mind and chest trainer in 'Hands only CPR '. Word awness record event in Kochi, on Nov-16-2019. To train 28,543 people in 8 hours. He received training from prominent educators such as Sara Joseph, Desamangalam Ramakrishnan, P.P. Shivakumar, Palakkad Narayanan, and M.R. Rajagopal. Currently, he serves as the Director of the Emergency Department at Aster C.M. Health Care in India, a member of the expert committee of the State Government's Road Safety Council, Site Director at George Washington University, Deputy Director of MIMS Academy, and National Chairperson of the E.M.S. Division of the Society for Emergency Medicine India, among various other positions. He resides at Sauparnika near the Civil Station in Kozhikode. Wife: Dr. Baby Supriya Daughter: Dr. Neethu Son-in-law: Dr. Kamal Dev Address: 2/2092 B, Sauparnika, Opposite Civil Station, Calicut 673020 Phone: 9847054747 Email: drvenugopalpp@gmail.com Blog: www.drvenu.blogspot.in

1 review for Strobilanthes – Dr. P.P. Venugopal

    Dr Kamalakshi T V
    November 3, 2021
    Very good
Add a review
Review now to get coupon!

Your email address will not be published. Required fields are marked *