മിന്നിമറയുന്ന ഓര്‍മ്മകള്‍
(ഓര്‍മ്മക്കുറിപ്പുകള്‍)
സൈനബ വയലില്‍
ഓരോ യാത്രയും മനസ്സിന് ഒരു തീര്‍ത്ഥയാത്രയാണ്. പുതിയ കാഴ്ചകള്‍, അനുഭവങ്ങള്‍, സാമീപ്യങ്ങള്‍, പ്രകൃതി ദൃശ്യങ്ങള്‍, എല്ലാം മനസിനെയും ജീവിതത്തെയും സ്വാധീനിക്കുന്നു. നിര്‍മ്മലവും സൗകുമാര്യവുമായ വെളിച്ചം സദാ ജീവിതത്തില്‍ നിറയുന്നു. വിവിധ രാജ്യങ്ങളുടെ സംസ്കാരം, ജനജീവിതം എല്ലാം ഭംഗിയായി ആവിഷ്കരിക്കുന്ന ഓര്‍മ്മക്കുറിപ്പുകളും, സൗദി അറേബ്യ, ദുബായ്, ഷാര്‍ജ, യൂറോപ്പ്, ഈജിപ്ത്, പലസ്തീന്, ഇസ്രായേല്‍, ജോര്‍ദ്ദാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലൂടെയുള്ള യാത്രാവിവരണങ്ങളും എല്ലാം ജീവിതത്തോട് ചേര്‍ന്ന് നില്ക്കുന്നു. ഓര്‍മ്മ, അനുഭവം, യാത്ര.
അവതാരിക
ഉമ്മയുടെ പുസ്തകത്തിന് ഒരു അവതാരിക എഴുതണം എന്ന ഹന്ന ഡോക്ടറുടെ ആവശ്യം തെല്ലൊരു അദ്ഭുതത്തോടെയാണ് ഞാന്‍ കേട്ടത്. ഞാനോ എന്ന അമ്പരപ്പ് നിറഞ്ഞ ചോദ്യത്തിന് അതെ എന്ന ഉറച്ച ഉത്തരം വന്നപ്പോള്‍ എഴുതുക എന്നത് ഞാന്‍ ഉറപ്പിച്ചു.
ഉമ്മയെ നേരില്‍ കാണുന്നതിന് മുമ്പ് തന്നെ അവരെക്കുറിച്ചുള്ള ഒരുപാട് കഥകള്‍ ഹന്ന ഡോക്ടറില്‍ നിന്നും ഞാന്‍ കേട്ടറിഞ്ഞിരുന്നു. ഏതാണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവരെ നേരില്‍ കണ്ടപ്പോള്‍ ആ അടുപ്പത്തിന്റെ ആഴം വര്‍ധിക്കുകയാണുണ്ടായത്.
ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതും, നിശ്ചയമായും നാട് അറിയേണ്ടതുമായ ഒരുപാട് ഓര്‍മകള്‍ മനസില്‍ സൂക്ഷിക്കുന്ന ആ ഉമ്മയ്ക്ക് നാടിനോട് എന്തൊക്കെയോ പറയാനുണ്ടെന്ന് വ്യക്തമായിരുന്നു. ഇപ്പോഴിതാ ഒരു കാലഘട്ടത്തിന്റെ പരിഛേദം സൈനബ വയലിലിന്റെ എഴുത്തിലൂടെ പുറത്തേക്ക് വരികയാണ്.
കേവലമൊരു വ്യക്തിയുടെ ഓര്‍മക്കുറിപ്പുകള്‍ എന്നതിലുമപ്പുറം ഒരു കാലത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയായി ഈ പുസ്തകം മാറുകയാണ്.
അന്ന്, ഒരുപാട് ഓര്‍മകള്‍ പങ്കുവെച്ചപ്പോള്‍ ഇതൊക്കെ ഒരു പുസ്തകമാക്കിക്കൂടെ എന്ന് ഞാന്‍ ചോദിച്ചിരുന്നു. ഒരു ചെറു ചിരി മാത്രമായിരുന്നു മറുപടി. ഒരിക്കലും അങ്ങിനയൊന്ന് ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് ചിരിയുടെ അവസാനം അവര്‍ പറയുകയും ചെയ്തു. പക്ഷേ പിന്നീടെപ്പോഴൊക്കെയോ മക്കളുടെയും ചെറുമക്കളുടെയും കടുംബക്കാരുടെയും സുഹൃത്തുക്കളുടെയുമെല്ലാം സ്നേഹപൂര്‍ണമായ നിര്‍ബന്ധത്തിന് അവര്‍ വഴങ്ങുകയായിരുന്നു. ആ എഴുത്തിലൂടെ പഴയ കാലത്തിന്റെ ചിത്രം നമുക്ക് മുമ്പില്‍ കൃത്യമായി അനാവരണം ചെയ്യപ്പെടുകയാണ്.
*******
‘മിന്നി മറയുന്ന ഓര്‍മ്മകള്‍’ എന്ന ഈ പുസ്തകം സൈനബ വയലിലിന്റെ ഓര്‍മ്മക്കുറിപ്പുകളാണ്. ഒപ്പം ഇതൊരു യാത്രാ വിവരണവും കൂടിയാണ്. സ്വദേശത്തും വിദേശത്തും നടത്തിയ യാത്രകള്‍ മാത്രമല്ല, വിലക്കുകളുണ്ടായിരുന്ന ഒരു കാലത്തില്‍ അറിവിലൂടെ ജീവിത വിജയം സ്വന്തമാക്കിയ ഒരു മുസ്ലീം സ്ത്രീയുടെ ജീവിതയാത്ര കൂടിയാണ് ഈ പുസ്തകം.
നാട്ടിലെമ്പാടും അറിവു നേടിയ മുസ്ലീം സ്ത്രീകളുടെ മുന്നേറ്റം സജീവമാകുന്നൊരു കാലമാണിത്. കലാലയങ്ങള്‍ മുതല്‍ പൊതുപ്രവര്ത്തനങ്ങളില് വരെ ഇന്നത് ദര്‍ശിക്കാം. എന്നാല്‍ മുന്‍കാലങ്ങളില്‍ ഇതായിരുന്നില്ല അവസ്ഥ. വിശ്വാസത്തിന്റെ ഭാഗമായുള്ള മതപഠനത്തിനുമപ്പുറം അവരുടെ വിദ്യാഭ്യാസം അറബി ഭാഷയിലും ഖുര്‍ആനിലും മാത്രമായി ഒതുങ്ങി നിന്നിരുന്നു.
മതബോധങ്ങള്ക്കപ്പുറത്ത് സ്ത്രീകള്‍ മറ്റൊരറിവും നേടേണ്ടതില്ലെന്ന പണ്ഡിതശാസനകള് ശക്തമായിരുന്ന കാലം.
എന്നാല്‍ ഇത്തരം വിലക്കുകള്‍ നിലനിന്ന കാലത്തും അപൂര്‍വം മുസ്ലീം സ്ത്രീകള്‍ ധീരതയോടെ അറിവിന്റെ ചക്രവാളത്തിലേക്ക് നടക്കാനുള്ള ധീരത കാണിച്ചിരുന്നു. ജസ്റ്റിസ് ഫാത്വിമ ബീവി, മണപ്പാട്ട് പാത്വിമ റഹ്മാന്, ഹലീമ ബീവി, നഫീസത്ത് ബീവി തുടങ്ങിയവരെല്ലാം ഇക്കാര്യത്തില്‍ ഏവര്‍ക്കും പ്രചോദനമാവുന്ന നാമങ്ങളാണ്.
ഇക്കൂട്ടത്തിനോട് ചേര്‍ത്തു നിര്‍ത്താവുന്ന ഒരു ശ്രദ്ധേയ നാമധേയമാവുകയാണ് സൈനബ വയലിലിന്റേത്.
70 കളില്‍ മലബാറില്‍ മുസ്ലീം കുടുംബത്തില്‍ നിന്നും ഉയര്‍ന്ന വിദ്യാഭ്യാസം നേടി ജോലിയില്‍ പ്രവേശിച്ച വനിത. ഈസ്റ്റ്ഹില്‍ ഗവ. ഹൈസ്കൂളില്‍ അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച സൈനബ 1999 കോഴിക്കോട് അച്യുതന് ഗേള്‍സ് ഹൈസ്കൂളിലെ മുതിര്‍ന്ന അധ്യാപികയായാണ് ജോലിയില്‍ നിന്ന് വിരമിച്ചത്.
പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് വ്യക്തമാക്കിക്കൊണ്ട് മുന്നോട്ട് പോകുന്ന സൈനബ വയലില്‍ ഒരു ഗ്രന്ഥകര്ത്താവുന്ന മനോഹരമായ കാഴ്ചയാണ് ‘മിന്നി മറയുന്ന ഓര്‍മ്മകള്‍’ എന്ന ലളിത സുന്ദരമായ ഈ പുസ്തകം.
വിശ്രമ ജീവിതത്തിനിടയില്‍ സന്ദര്‍ശിച്ച രാജ്യങ്ങളിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. താന്‍ കണ്ടറിഞ്ഞ ലോകക്കാഴ്ചകള് ലളിതമായ ഭാഷയില്‍ സൈനബ വയലില്‍ വായനക്കാര്‍ക്ക് മുന്നിലേക്കെത്തിക്കുന്നു. ഒപ്പം താന്‍ കടന്നുവന്ന വഴികളിലൂടെയും പുസ്തകം സഞ്ചരിക്കുന്നു. കുടുംബം, സൗഹൃദം, സന്തോഷങ്ങള്‍, ചെറു നോവുകള്‍.. എല്ലാം ഏറെ ഹൃദയസ്പര്‍ശിയായി വരച്ചു കാട്ടാന്‍ ഈ പുസ്തകത്തിലൂടെ ഇവര്‍ക്ക് സാധിക്കുന്നുണ്ട്.
അറബ് വംശജനായ ബാപ്പയെക്കുറിച്ചുള്ള ഓര്‍മ്മകളിലൂടെയാണ് പുസ്തകം ആരംഭിക്കുന്നത്. ബാപ്പയുടെ ജീവിതത്തിലെ ഞെട്ടിക്കുന്ന ഒരനുഭവം എന്റെ ബാപ്പ എന്ന അധ്യായത്തില്‍ എഴുത്തുകാരി തുറന്നുകാട്ടുന്നു.
ബാപ്പയുടെ കുവൈത്തി സ്വദേശിയായ പിതാവ് അത്യാസന്ന നിലയില്‍ കിടക്കുമ്പോള്‍ ബാപ്പയോട് ഒരു സത്യം വെളിപ്പെടുത്തുന്നു. യഥാര്‍ത്ഥത്തില്‍ ബാപ്പ അദ്ദേഹത്തിന്റെ മകനല്ലെന്നതായിരുന്നു അത്. പിന്നീട് മലബാറില്‍ നിന്ന് ഒരു മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങിനെ ഉമ്മയുമായുള്ള വിവാഹം. കോഴിക്കോട്ട് സ്ഥിരതാമസമാക്കിയ ബാപ്പ തന്റെ കുട്ടികളെ നന്നായി പഠിപ്പിച്ചു. സൈനബ വയലില്‍ എന്ന വ്യക്തിയെ രൂപപ്പെടുത്തിയതില്‍ ബാപ്പയ്ക്കുള്ള നിര്‍ണായക സ്വാധീനത്തെക്കുറിച്ച് ഈ പുസ്തകം വായനക്കാര്‍ക്ക് വ്യക്തമാക്കിത്തരുന്നുണ്ട്.
ആറാം ക്ലാസു മുതല്‍ വായിക്കുമായിരുന്നു കൊച്ചു സൈനബ. കയ്യില്‍ കിട്ടുന്ന കടലാസു തുണ്ടുകള്‍ പോലുമെടുത്ത് വായിക്കുന്നത് കണ്ടിട്ടാണ് ആറാം ക്ലാസുകാരിയായ അവള്‍ക്ക് ബാപ്പ കോഴിക്കോട് സെന്‍ട്രല്‍ ലൈബ്രറിയില്‍ അംഗത്വമെടുത്ത് നല്‍കുന്നത്.
അമ്പതുകളില്‍ സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് സെന്‍ട്രല്‍ ലൈബ്രറിയില്‍ അംഗത്വം ഉണ്ടായിരുന്ന അപൂര്‍വം വനിതകളില്‍ ഒരാളായിരുന്നു സൈനബ.
ചിന്താവളപ്പ് ബൈരായിക്കുളം എല്‍ പി സ്കൂളിലായിരുന്നു അഞ്ചാം തരം വരെയുള്ള പഠനം. അതിനപ്പുറം ഒരു സ്കൂകള്‍ പഠനമുണ്ടോ എന്ന് മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് അറിവില്ലാത്ത കാലം. എന്നാല്‍ ബാപ്പ അവളെ ബി ഇ എം ഗേള്‍സ് ഹൈസ്കൂളില്‍ ചേര്‍ത്തു. ആദ്യമായി ബൈരായിക്കുളം എല്‍ പി സ്കൂളില്‍ നിന്ന് ഒരു മുസ്ലീം പെണ്‍കുട്ടി ഉയര്‍ന്ന ക്ലാസില്‍ ചേര്‍ന്നത് വിവാദമായി.
കുടുംബത്തിന് പേരുദോഷമാകുമെന്ന് പലരും ബാപ്പയെ ഉപദേശിച്ചു. എന്നാല്‍ അദ്ദേഹം വഴങ്ങിയില്ല. ആ ഉറച്ച തീരുമാനം സൈനബ വയലില്‍ എന്ന വ്യക്തിയെ രൂപപ്പെടുത്തുകയായിരുന്നു.
സ്കൂളിലേക്കുള്ള അക്കാലത്തെ യാത്രകള്‍, ആള് വലിക്കുന്ന റിക്ഷാവണ്ടി, വീട്ടിലേക്ക് വൈദ്യുതിയെത്തിയപ്പോഴുള്ള ആഘോഷം, വൈദ്യുതി കണക്ഷന് നല്‍കുന്നത് ഉത്സവം പോലെ കാണാന്‍ കാത്തു നിന്ന നാട്ടുകാര്‍.. ഒരു കാലഘട്ടത്തിന്റെ ചിത്രം കൂടിയാണ് സൈനബ മിന്നി മറയുന്ന ഓര്‍മ്മകളില്‍ വരച്ചു ചേര്‍ക്കുന്നത്.
പത്ത് പാസായതിന് ശേഷമുള്ള പ്രോവിഡന്‍സ് വിമന്‍സ് കോളേജിലെ പഠനം. ഗുരുവായൂരപ്പന് കോളേജിലെ ഡിഗ്രി പഠനം. ഗുരുവായൂരപ്പന് കോളേജില്‍ ചേര്‍ന്ന ആദ്യ മുസ്ലീം വിദ്യാര്‍ത്ഥിയായി സൈനബ രേഖപ്പെടുത്തപ്പെടുകയായിരുന്നു. ഫാറൂഖ് കോളെജിലെ ബിഎഡ് പഠനം, അധ്യാപികയായുള്ള ജീവിതം. കോഴിക്കോട്ട് നിന്നും സൈനബയുടെ യാത്ര ആരംഭിക്കുകയാണ്. മകന്റെ കാരവനില്‍ അമേരിക്കയിലൂടെ നടത്തിയ മനോഹര യാത്രയെക്കുറിച്ച് ആദ്യത്തെ അമേരിക്കന്‍ യാത്രയെന്ന അധ്യായത്തില്‍ വ്യക്തമാക്കുന്നു.
കോവിഡ് കാലത്തെ യാത്രകളെക്കുറിച്ചുള്ള അധ്യായം കോവിഡിന്റെ വ്യാപനത്തോടൊപ്പമാണ് മുന്നോട്ട് പോകുന്നത്. നിപ ഉള്‍പ്പെടെ ഈ അധ്യായത്തില്‍ കടന്നുവരുന്നു.
റോയല്‍ കരീബിയന്‍ കമ്പനിയുടെ ക്രൂഷിപ്പിലുള്ള യാത്രയെല്ലാം ഏറെ മനോഹരമാണ്. ദുബൈയിലെ നോമ്പുകാലവും ഗ്രാന്റ് മോസ്ക്കിലെ നോമ്പു തുറയും ദുബൈയിലെ മകളുടെ താമസസ്ഥലമായ വാസല്വില്ലയിലെ പെരുന്നാളുമെല്ലാം പുസ്തകത്തില്‍ കടന്നുവരുന്നു.
75 വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായ 2024 ലെ ദുബൈയിലെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള അധ്യായത്തില്‍ അവിടെ സേവന സന്നദ്ധരായി രംഗത്തിറങ്ങിയ മലയാളികളെക്കുറിച്ചും പരാമര്‍ശിക്കുന്നു.
പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ട മലയാളി എവിടെയും ഏത് പ്രതിസന്ധിയിലും തങ്ങള്‍ ഇങ്ങിനെ തന്നെയാണെന്ന് വ്യക്തമാക്കുകയാണ്. സൗഹൃദങ്ങള്‍, കുടുംബം തുടങ്ങി ജീവിതത്തിന്റെ സര്‍വ തലങ്ങളും സ്പര്‍ശിച്ചുകൊണ്ടാണ് ഈ ചെറു പുസ്തകം കാഴ്ചയുടെ പുതിയ ലോകം വായനക്കാര്‍ക്ക് മുന്നില്‍ തുറക്കുന്നത്.
പുസ്തകത്തില്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തെക്കുറിച്ച് പറയുന്നുണ്ട്. അവിടെ ഒരു ഇരുപത്തി മൂന്നുകാരന്റെ പുതിയ പുസ്കതത്തിന്റെ പ്രകാശനം നടക്കുകയാണ്. അവന്റെ ഉപ്പ അവനോട് ചോദിക്കുന്നു. നിനക്കിപ്പോള്‍ ഇരുപത്തി മൂന്ന് വയസായി. ഈ പ്രായത്തില്‍ ഞാന്‍ മൂന്ന് ഏക്കര്‍ സ്ഥലം സമ്പാദിച്ചിട്ടുണ്ട്. നീ എന്തു ചെയ്തു. പിതാവിന്റെ ചോദ്യത്തിന് ‘അതിനുള്ള മറുപടി ഈ ബുക്കിലുണ്ട്’ എന്നതായിരുന്നു അവന്റെ ഉത്തരം. അതെ, ഈ ബുക്കിലുണ്ട്. സൈനബ വയലില്‍ ആരായിരുന്നുവെന്ന്, അവര്‍ കടന്നുവന്ന വഴികള്‍ ഏതൊക്കെയായിരുന്നെന്ന്. അവര്‍ കണ്ട മനുഷ്യരും, അവരുടെ ജീവിതവും അവര്‍ ആര്‍ജ്ജിച്ചെടുത്ത അറിവുകളുമെല്ലാം ഈ പുസ്കത്തില്‍ വായനക്കാരന് തൊട്ടറിയാം.
എഴുത്തിന്റെ വഴിയില്‍ ഇത് അവരുടെ തുടക്കമാണ്. എഴുത്തിന്റെ കൂടുതല്‍ വിശാലമായ ലോകത്ത് മുന്നേറാന്‍ എഴുത്തുകാരിക്ക് എല്ലാ ആശംസകളും നേരുന്നു.
അഡ്വ. പി. ഗവാസ്
Reviews
There are no reviews yet.